അഹമ്മദാബാദ്: ഓ ജോസ്…. ഓ ജോസ്… ഓ ജോസ് ജോസ് ബട്‌ലര്‍…… കിടിലന്‍ സെഞ്ച്വറിയില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഇംഗ്ലീഷുകാരന്‍ കലാശത്തിലേക്ക് നയിച്ചു. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഫൈനലില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് തന്നെ.
നാളെ വൈകീട്ട് നരേന്ദ്ര മോദി രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന അന്തിമ പോരാട്ടത്തിന് രാജസ്ഥാന്‍ യോഗ്യത സ്വന്തമാക്കിയത് ഫാഫ് ഡുപ്ലസിയുടെ ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിനെ ഏഴ് വിക്കറ്റിന് തരിപ്പണമാക്കി. ആദ്യം ബാറ്റ് ചെയ്ത ബെംഗളുരു 157 ല്‍ നിയന്ത്രിക്കപ്പെട്ടപ്പോള്‍ മെഗാ സൂപ്പര്‍ താരം ജോസ് ബട്‌ലറുടെ പതിവ് വെടിക്കെട്ടില്‍ റോയല്‍സ് പതിനൊന്ന് പന്തുകള്‍ ബാക്കിനില്‍ക്കെ അനായാസം കടന്നു കയറി. എലിമിനേറ്ററില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച രജത് പടിദാര്‍ ഇന്നലെയും മിന്നി. 58 റണ്‍സ് എളുപ്പത്തില്‍ വാരിക്കൂട്ടിയ രജതിന് പക്ഷേ കാര്യമായ പിന്തുണ കിട്ടിയില്ല.
രാജസ്ഥാന്‍ ബൗളര്‍മാരെല്ലാം ഗംഭീരമായി പന്തെറിഞ്ഞു. പ്രസീത് കൃഷ്ണയും ഒബോദ് മക്കോയിയും മൂന്ന് വീതം വിക്കറ്റ് നേടി. ക്വാളിഫയറില്‍ ഗുജറാത്് ബാറ്റര്‍ ഡേവിഡ് മില്ലറുടെ സിക്‌സറുകള്‍ക്ക് വിധേയനായ പ്രസീത് 22 ഓവര്‍ മാത്രം വഴങ്ങിയാണ് മൂന്ന് പേരെ പുറത്താക്കിയത്. വിരാത് കോലിയായിരുന്നു പ്രസീതിന്റെ ആദ്യ ഇര. തന്റെ ആദ്യ ഓവറിലെ അവസാന പന്തിലാണ് മുന്‍ ഇന്ത്യന്‍ നായകനെ പ്രസീത് വിക്കറ്റ് കീപ്പര്‍ സഞ്ജുവിന്റെ കരങ്ങളിലെത്തിച്ചത്. രണ്ടാം വിക്കറ്റില്‍ പടിദാറും നായകന്‍ ഫാഫ് ഡുപ്ലസിയും പൊരുതി. ഇരുവരും ചേര്‍ന്ന് പവര്‍ പ്ലേ ഘട്ടത്തില്‍ വലിയ ഷോട്ടുകള്‍ പായിച്ച് സ്‌ക്കോര്‍ 79 ലെത്തിച്ചു. അവിടെ ഒബോദ് മക്കോയി റോയല്‍സിന്റെ രക്ഷകനായി. 25 ല്‍ നായകന്‍ മടങ്ങിയ ശേഷമെത്തിയ ഗ്ലെന്‍ മാക്‌സ്‌വെലും അടി തുടങ്ങി. പക്ഷേ 13 പന്തില്‍ 24 ല്‍ എത്തിയ താരത്തിന് ട്രെന്‍ഡ് ബോള്‍ട്ടിന്റെ പേസില്‍ മടക്ക ടിക്കറ്റ്. അപ്പോഴും പടിദാര്‍ അര്‍ധ സെഞ്ച്വറിയുമായി ക്രീസിലുണ്ടായിരുന്നു.പക്ഷേ അശ്വിനെതിരെ കൂറ്റര്‍ സിക്‌സര്‍ പായിച്ച അതേ ഓവറില്‍ ഫോമിലുള്ള യുവ താരം മടങ്ങിയതോടെ തകര്‍ച്ചയായി. മഹിപാല്‍ ലോംറോറിന് 10 പന്തില്‍ എട്ട് റണ്‍സാണ് ലഭിച്ചത്. നല്ല ഫിനിഷറായ ദിനേശ് കാര്‍ത്തിക് പുറത്തായത് ആറ് റണ്‍സിന്. പിന്നെ പ്രതീക്ഷകള്‍ ഷഹബാസ് അഹമ്മദില്‍. അദ്ദേഹത്തിന് കൂട്ടായി വന്ന വാനിദു ഹസരംഗയും (0), ഹര്‍ഷല്‍ പട്ടേലും (1) പ്രസീതിന്റെ തുടര്‍ച്ചയായ പന്തുകളില്‍ പുറത്തായി.
മറുപടി ബാറ്റിംഗില്‍ ജോസ് ബട്‌ലര്‍ ഷോയായിരുന്നു. മുഹമ്മദ് സിറാജിന്റെ ആദ്യ ഓവറില്‍ തന്നെ രണ്ട് സിക്‌സര്‍ പറത്തി യശ്‌സവി ജയ്‌സ്‌വാള്‍. ആറാം ഓവറില്‍ അദ്ദേഹം 21 ല്‍ പുറത്തായി. പിന്നെ കണ്ടത് ബട്‌ലര്‍ ഉഗ്രൂരൂപം പ്രാപിക്കുന്നതായിരുന്നു. തട്ടുതകര്‍പ്പന്‍ ബാറ്റിംഗ്. സിക്‌സറുകളും ബൗണ്ടറികളും പ്രവഹിച്ചു. സിറാജ് മാത്രമല്ല ഓസ്‌ട്രേലിയക്കാരന്‍ ജോഷ് ഹേസില്‍വുഡും ഷഹബാസ് അഹമ്മദും ഹര്‍ഷല്‍ പട്ടേലുമെല്ലാം അടിവാങ്ങി. നായകന്‍ സഞ്ജുവായിരുന്നു കൂട്ട്. സഞ്ജുവും രണ്ട് സിക്‌സര്‍ പായിച്ചു. സ്‌ക്കോര്‍ 113 ലെത്തിയപ്പോള്‍ നായകന്‍ (23) പുറത്ത്. അപ്പോഴേക്കും കളി ബട്‌ലര്‍ രാജസ്ഥാന് അനുകൂലമാക്കിയിരുന്നു. അദ്ദേഹത്തെ തടയാന്‍ ആര്ക്കുമായില്ല. അങ്ങനെ വളരെ കൂളായി രാജസ്ഥാന്‍ ഫൈനലിലെത്തി. 60 പന്തില്‍ 106 റണ്‍സുമായി ബട്‌ലര്‍ ക്രീസിലുണ്ടായിരുന്നു. ആറ് സിക്‌സറുകളും 10 ബൗണ്ടറികളും.