ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 മല്‍സരത്തില്‍ സഞ്ജു സാംസണിന് സെഞ്ചുറി. തുടര്‍ച്ചയായ രണ്ട് ട്വന്റി 20യില്‍ സെഞ്ചുറിനേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സഞ്ജു. 47 പന്തുകളില്‍ സെഞ്ചുറിനേട്ടം കരസ്ഥമാക്കിയ സഞ്ജു ആദ്യ 27 പന്തുകളില്‍ തന്നെ അര്‍ദ്ധ സെഞ്ചുറി നേടിയിരുന്നു. 9 സിക്സറുകളും 7 ഫോറുകളും അടക്കമാണ് നേട്ടം. 107 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്.
ടി20 പരമ്പരയിലെ ആദ്യ മത്സരമാണ് ഡര്‍ബനിലെ കിംഗ്സമേഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങുകയായിരുന്നു ഇന്ത്യ. രാജ്യാന്തര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം താരമാണ് സഞ്ജു.
ഗുസ്താവോ മക്കെയോണ്‍, റിലീ റൂസോ, ഫില്‍ സാള്‍ട്ട് എന്നിവരാണ് സഞ്ജുവിന് മുമ്പ് രാജ്യാന്തര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടിയ താരങ്ങള്‍. 55 പന്തില്‍ സെഞ്ച്വറിയിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ റെക്കോര്‍ഡാണ് 47 പന്തില്‍ സെഞ്ച്വറിയിലെത്തി സഞ്ജു മറികടന്നത്. ഹൈദരാബാദില്‍ ഒക്ടോബര്‍ 12-ന് ബംഗ്ലാദേശിനെതിരേ തകര്‍ത്തടിച്ച സഞ്ജു മിന്നല്‍ പ്രകടനം മാറ്റാതെ തന്നെയാണ് ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ക്രീസിലെത്തിയത്.
സഞ്ജുവിന് പുറമേ ഓപ്പണര്‍ അഭിഷേക് ശര്‍മ(7), നായകന്‍ സൂര്യകുമാര്‍ യാദവ്(21), മധ്യനിര താരം തിലക് വര്‍മ(33) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള സീനിയര്‍ ടീം ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റില്‍ തോല്‍വി വഴങ്ങിയതിനു പിന്നാലെയാണ് സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള താരങ്ങള്‍ ദക്ഷിണാഫ്രിക്കക്കെതിരെ എത്തുന്നത്.