X

പ്രതിഷേധം; സഞ്ജീവ് ഭട്ടിനെ കാണാന്‍ അഭിഭാഷകന് അനുമതി

അഹമ്മദാബാദ്: ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫീസറായ സഞ്ജീവ് ഭട്ടിനെ കാണാന്‍ ഒടുവില്‍ അഭിഭാഷകന് അനുമതി. അറസ്റ്റ് ചെയ്ത് രണ്ട് ആഴ്ച പിന്നിടുമ്പോളാണ് ഭട്ടിന് അഭിഭാഷകനുമായി കൂടികാഴ്ച നടത്താന്‍ അനുമതി ലഭിക്കുന്നത്. ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത സഞ്ജീവ് ഭട്ട് എവിടെയാണെന്ന് പോലും കഴിഞ്ഞ പതിനാറ് ദിവസമായി അറിവില്ലായിരുന്നു. അജ്ഞാത കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന സജ്ജീവ് ഭട്ടിനെ കാണാന്‍ അഭിഭാഷകനോ ബന്ധുക്കള്‍ക്കോ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ പലന്‍പൂര്‍ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വക്കീലുമായി കൂടിക്കാഴ്ച നടത്താന്‍ ഭട്ടിന് അനുമതി ലഭിച്ചത്.

കോടതി ഉത്തരവിനെ തുടര്‍ന്ന് അഭിഭാഷകനെ കാണാന്‍ സഞ്ജീവിനെ അനുവദിച്ചതായി ഭാര്യ ശ്വേത ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. ഇനി മുതല്‍ സഞ്ജീവ് ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കുമെന്നും അതേസമയം 22 വര്‍ഷം പഴക്കമുള്ള കേസില്‍ സഞ്ജീവിനെ ക്രിമിനല്‍ കുറ്റവിചാരണ ചെയ്യാനുള്ള യാതൊന്നുമില്ലെന്ന് ശ്വേത പറഞ്ഞു. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ തനിക്ക് ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും ശ്വേത വ്യക്തമാക്കി.

അതേസമയം അറസ്റ്റ് ചെയ്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും ഭട്ടിനെ കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഭാര്യ ശ്വേതഭട്ട് രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ 14 ദിവസങ്ങളായി യാതൊരു വിവരവുമില്ലെന്ന് കാട്ടി സഞ്ജീവിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഭാര്യ രംഗത്തെത്തിയത്. ഇതോടെ സഞ്ജീവ് ഭട്ട് എവിടെയാണെന്ന ചോദ്യം ഉന്നയിച്ച് സമൂഹമാധ്യമങ്ങള്‍ പ്രതിഷേധം ഉയരുകയായിരുന്നു.

സഞ്ജീവ് ഭട്ടിനെ ജാമ്യം അനുവദിച്ച് പുറത്തുവിടുക എന്നതാണ് ക്യാംപെയിനില്‍ #EnoughIsEnough, #WhereIsSanjivBhatt എന്നിങ്ങനെയുള്ള ഹാഷ്ടാഗുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞത്.

1998-ല്‍ അഭിഭാഷകനെതിരെ ക്രിമിനല്‍ കേസ് കെട്ടിച്ചമച്ചെന്ന കേസിലാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റു ചെയ്യുന്നത്. വളരെ അപ്രതീക്ഷിതമായാണ് സെപ്തംബര്‍ അഞ്ചിന് ഭട്ടിനെ കസ്റ്റഡിയിലെടുക്കുന്നത്.

നേരത്തെ, ഗുജറാത്ത് കലാപകാലത്ത് മോദിക്കെതിരേയും അമിത്ഷാക്കെതിരേയും സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിച്ച വ്യക്തിയാണ് അദ്ദേഹം. പിന്നീട് സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടപ്പെട്ട സഞ്ജീവ് ഭട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ കേന്ദ്രസര്‍ക്കാരിനെ നിരന്തരം വിമര്‍ശിച്ചിരുന്നു. ഇതുകൊണ്ടൊക്കെ തന്നെ മോദിയുടേയും അമിത്ഷായുടേയും കണ്ണിലെ കരടായിരുന്നു സഞ്ജീവ് ഭട്ട്. കുറിക്കുകൊള്ളുന്ന രീതിയിലുള്ള ട്വീറ്റുകള്‍ നിരവധി പേരാണ് പിന്തുടരുന്നത്.

chandrika: