നസിറുദ്ദീന്‍ ചേന്നമംഗലൂര്‍
സംഘിസത്തിന്റെ കൂടുതല്‍ വിഷമുള്ള രണ്ടാം പതിപ്പ്, അഥവാ കോര്‍പറേറ്റ് ഭീകരതയും ഹിന്ദുത്വ ഭീകരതയും സമാസമം ചേര്‍ത്ത അമിത് ഷാ രാഷ്ട്രീയത്തിന്റെ ആണിക്കല്ലാണ് ബി ജെ പി ഐ ടി സെല്‍. മറ്റെന്തിനെക്കാളുമധികം പണവും ശ്രദ്ധയും നല്‍കിയത് ഈയൊരു മെഷിനറി വാര്‍ത്തെടുക്കാനാണ്. ഇന്ന് രാജ്യത്തെ മധ്യവര്‍ഗ ഹിന്ദുക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പൊതുബോധത്തിന് സംഘ് പരിവാര്‍ അജണ്ടയോടുണ്ടായിരുന്ന പരിമിതമായ വ്യത്യാസങ്ങള്‍ പോലും ചുരുങ്ങിയ കാലം കൊണ്ട് ഇല്ലാതാക്കിയതിന് പിന്നില്‍ ഐ ടി സെല്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യ വിട്ടുള്ള സംസ്ഥാനങ്ങളിലെ മധ്യവര്‍ഗക്കാരുമായി 5 മിനിറ്റ് സംസാരിച്ചു നോക്കിയാല്‍ ഇക്കാര്യം വ്യക്തമാവും. അവര്‍ക്കിടയിലെ പ്രഖ്യാപിത ബി ജെ പി വിരുദ്ധര്‍ക്കിടയില്‍ പോലും ഐടി സെല്ലിന്റെ പ്രചാരണ സ്വാധീനം വ്യക്തമാണ്. മുസ്ലിങ്ങള്‍, കാശ്മീര്‍, പാകിസ്ഥാന്‍, പട്ടാളം, കേരളം, ബീഫ് തുടങ്ങിയ വിഷയങ്ങളിലൊക്കെ അവരുടെ നിലപാടിന്റെ അടിസ്ഥാനം പലപ്പോഴും ഈ സെല്ലിന്റെ നുണ പ്രൊപഗണ്ട ആയിരിക്കും. തൊഴിലാളികളും ദലിതരും കര്‍ഷകരുമൊക്കെ ചേരുന്ന അടിസ്ഥാന വിഭാഗം ഭേദപ്പെട്ട രാഷ്ട്രീയ ബോധം കൊണ്ടും ജീവിത യാഥാര്‍ത്ഥ്യം അനുഭവിച്ചറിയുന്നത് കൊണ്ടും ഇതില്‍ നിന്ന് ഏറെക്കുറെ മുക്തമാണ്. സഹജമായ പരിമിതികള്‍ കാരണം അവരെ ടാര്‍ഗറ്റ് ചെയ്യുന്ന രീതിയില്‍ ഐ ടി സെല്ലിന്റെ പ്രവര്‍ത്തനം വ്യാപിച്ചിട്ടില്ലെന്ന് പറയാം. ഭാഗ്യവശാല്‍ ഈ മധ്യവര്‍ഗം എണ്ണത്തില്‍ മറ്റവരേക്കാള്‍ കുറവായത് കൊണ്ട് മാത്രമാണ് തിരഞ്ഞെടുപ്പില്‍ ബി ജെ പി ഇപ്പോഴെങ്കിലും തിരിച്ചടി നേരിടുന്നത്.
സംഘ് പരിവാറിനെ നേരിടണമെങ്കില്‍ അതിന്റെ മോഡസ് ഓപ്പരാന്റിയിലെ ഏറ്റവും നിര്‍ണായക ഘടകമായ ഈ ഐടി സെല്ലിന്റെ പ്രചാരണങ്ങളെ നേരിടണം, അതേ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നതില്‍ മതേതര പക്ഷത്തുള്ള ഏറെക്കുറെ എല്ലാവരും ഗംഭീര പരാജയമാണെന്നതാണ് സത്യം. അതിന് പക്ഷേ വളരെ വലിയൊരപവാദമായിരുന്നു സജ്ഞീവ് ഭട്ട്. മര്‍മ്മത്താണ് സഞ്ജീവ് കുത്തിയത്. അതേ പ്ലാറ്റ് ഫോം അല്‍ഭുതകരമായ കയ്യടക്കത്തോടെ ഉപയോഗിച്ച് സജ്ഞീവ് സംഘ് പരിവാര്‍ നുണകളെ നേരിട്ടു. അതീവ ലളിതവും അതിലേറെ കൃത്യവുമായ സ്റ്റാറ്റസുകളും ട്വീറ്റുകളും ഉപയോഗിച്ച് മോദി എന്ന വിഗ്രഹത്തെ നിരന്തരം പൊളിച്ചടുക്കി, നിര്‍ഭയത്തോടെ തന്നെ. ഒരര്‍ത്ഥത്തില്‍ ബി ജെ പി നേരിട്ട ഏറ്റവും വലിയൊരു പ്രതിപക്ഷമായിരുന്നു സഞ്ജീവ്. അത് സഞ്ജീവ് നടത്തിയ പോരാട്ടം കൊണ്ട് മാത്രമല്ല, വലിയൊരു സാധ്യത ബാക്കിയുള്ളവര്‍ക്ക് കാണിച്ചു കൊടുത്തത് കൊണ്ട് കൂടിയാണ്. വളരെ എളുപ്പത്തില്‍ നേരിടാന്‍ പറ്റിയ ഒന്നാണ് ഈ നുണ പ്രോപഗണ്ട എന്നദ്ദേഹം കാണിച്ചു. സ്വാഭാവികമായും സഞ്ജീവ് ഇവരുടെ കണ്ണിലെ കരടായി മാറി. ശ്രീകുമാറിനെ പോലെ സഞ്ജീവിനെ അവഗണിക്കാന്‍ ഇവര്‍ക്ക് പറ്റാതായി. അത് കൊണ്ട് തന്നെ സഞ്ജീവിന്റെ അറസ്റ്റില്‍ അല്‍ഭുതമില്ല. സഞ്ജീവിന്റെ മാതൃക സ്വീകരിച്ച് ബി ജെ പി ഐ ടി സെല്ലിന്റെ നുണ പ്രൊപഗണ്ടയെ പ്രതിരോധിക്കാന്‍ മതേതര പക്ഷത്തുള്ളവര്‍ ഉണര്‍ന്നു പ്രവൃത്തിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് ഭാവിയുണ്ട്, അല്ലെങ്കില്‍ ഈ നുണ പ്രൊപഗണ്ടയുടെ സ്വാധീനം താഴേ തട്ടിലേക്കും വ്യാപിക്കാനിടയാവും. മതേതര, ജനാധിപത്യ പക്ഷത്തുള്ളവര്‍ തങ്ങളോടും വരും തലമുറയോടും ചെയ്യുന്ന നീതികേടും സഞ്ജീവ് ഭട്ടെന്ന ധീര പ്രതിഭാസം നടത്തിയ ഐതിഹാസിക പോരാട്ടത്തോട് ചെയ്യുന്ന നന്ദികേടുമാവുമത്..