അമേത്തി: ഉത്തര്‍പ്രദേശില്‍ ലക്‌നൗവ്വില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വെളിപ്പെടുത്തല്‍. അമേത്തിയിലെ സഞ്ജയ് ഗാന്ധി ആസ്പത്രിയിലാണ് രോഗി മരിച്ചത്. പ്രധാനമന്ത്രിയുടെ ചികിത്സാ പദ്ധതിയിലൂടെയുള്ള ചികിത്സ രോഗിക്ക് നിഷേധിച്ചുവെന്നതായിരുന്നു മോദിയുടേയും മന്ത്രി സ്മൃതി ഇറാനിയുടേയും ആരോപണം. ഇത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ഉന്നംവെച്ചുള്ളതായിരുന്നു. എന്നാല്‍ സംഭവം അടിസ്ഥാന രഹിതമാണെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു.
ആരോപണം അടിസ്ഥാനരഹിതമാണെന്ന് സഞ്ജയ് ഗാന്ധി ആസ്പത്രി ഡയറക്ടര്‍ എസ്.എം ചൗധരി അറിയിച്ചു. ചികിത്സ നിഷേധിച്ചതുകൊണ്ടല്ല രോഗി മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ചികിത്സാ സഹയ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് യോജനയിലൂടെ 200-ഓളം രോഗികള്‍ക്ക് ചികിത്സ നല്‍കിയിട്ടുണ്ടെന്നും ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.
സ്മൃതി ഇറാനിയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. രോഗിയുടെ ബന്ധുക്കളുടെ ആരോപണം ട്വിറ്ററില്‍ ഷെയര്‍ ചെയ്തായിരുന്നു ആരോപണങ്ങള്‍ക്ക് തുടക്കം. തുടര്‍ന്ന് പ്രധാനമന്ത്രിയും ആരോപണം ഏറ്റെടുക്കുകയായിരുന്നു. യോഗിയുടേയോ മോദിയുടേയോ കീഴിലുള്ള ആസ്പത്രിയല്ലാത്തതുകൊണ്ടാണ് തന്റെ ബന്ധു ചികിത്സ കിട്ടാതെ മരിച്ചതെന്ന് വീഡിയോയില്‍ ഒരു ബന്ധു പറയുന്നുമുണ്ട്. ഞായറാഴ്ച്ച മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലയില്‍ പങ്കെടുക്കുമ്പോള്‍ മോദിയും ആരോപണം ശക്തമാക്കി. അമേത്തിയില്‍ സര്‍ക്കാര്‍ പദ്ധതിയില്‍ ചികിത്സ നടത്താനുള്ള ആസ്പത്രികള്‍ ഇല്ലെന്നും സര്‍ക്കാര്‍ പദ്ധതിയായതു കൊണ്ട് ചികിത്സ നിഷേധിക്കുകയാണെന്നും മോദി പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം നിഷേധിച്ചുകൊണ്ടാണ് ആസ്പത്രി അധികൃതര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തില്‍ അമേത്തി ഇന്ന് ജനവിധി നേടുകയാണ്. രാഹുല്‍ഗാന്ധിക്കെതിരെ സ്മൃതി ഇറാനിയാണ് മത്സരരംഗത്തുള്ളത്.