ലോക്‌സഭയില്‍ യുവാക്കള്‍ അതിക്രമം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് തമിഴ്‌നാട്ടില്‍ ബി.ജെ.പി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പിയുടെ സമൂഹമാധ്യമ പ്രചാരണ ചുമതലയുള്ള പ്രവീണ്‍രാജ് എന്നയാള്‍ക്കെതിരെയാണ് ട്രിച്ചി സൈബര്‍ ക്രൈം പൊലീസ് കേസെടുത്തത്. അഭിഭാഷകന്റെ പരാതിയിലാണ് കേസ്.
‘സംഘി പ്രിന്‍സ്’ എന്ന എക്‌സ് പ്രൊഫൈലിലൂടെയാണ് ഇയാളുടെ പ്രചാരണം. ഡിസംബര്‍ 13ന് നടന്ന പാര്‍ലമെന്റ് അതിക്രമത്തില്‍ ധര്‍മപുരിയില്‍ നിന്നുള്ള ഡി.എം.കെ എം.പി ഡോ. സെന്തില്‍ കുമാറിന് പങ്കുണ്ടെന്നായിരുന്നു പ്രവീണ്‍രാജ് പോസ്റ്റ് ചെയ്തത്.
അതിക്രമം നടത്തിയവര്‍ക്ക് പാര്‍ലമെന്റിനകത്ത് കയറാന്‍ പാസ്സ് നല്‍കിയത് ഡോ. സെന്തില്‍ കുമാറാണെന്ന് പ്രചരിപ്പിക്കുകയായിരുന്നു. എം.പി സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.
എന്നാല്‍, കര്‍ണാടകയിലെ മൈസൂരിവില്‍ നിന്നുള്ള ബി.ജെ.പി എം.പി പ്രതാപ് സിംഹയാണ് അക്രമികള്‍ക്ക് ലോക്‌സഭാ സന്ദര്‍ശക പാസ് നല്‍കിയതെന്ന് പിന്നീട് തെളിഞ്ഞു. ഇതോടെ പ്രവീണ്‍ രാജിന് നുണപ്രചാരണം അവസാനിപ്പിച്ച് പോസ്റ്റ് പിന്‍വലിക്കേണ്ടിവന്നു.
ആരോഗ്യദാസ് എന്ന അഭിഭാഷകനാണ് വ്യാജപ്രചാരണത്തിനെതിരെ പരാതിപ്പെട്ടത്. തുടര്‍ന്ന് ഐ.പി.സിയിലെയും ഐ.ടി നിയമത്തിലെയും വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു. പ്രവീണ്‍രാജ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.മുമ്പും വ്യാജപ്രചാരണങ്ങളിലൂടെ കുപ്രസിദ്ധനാണ് പ്രവീണ്‍ രാജ്. ഒക്ടോബറില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു