Categories: indiaNews

സംഘ്പരിവാര്‍ ഇന്ത്യയുടെ അസ്ഥിവാരം മാന്തുന്നു; യൂത്ത് ലീഗ് ദേശീയ പ്രക്ഷോഭത്തിന്

ന്യൂ ഡല്‍ഹി: യു.പി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരെ ദേശീയ പ്രക്ഷോഭത്തിനൊരുങ്ങി യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. പ്രവാചകനിന്ദക്കെതിരായി നടക്കുന്ന ജനാധിപത്യ പ്രതിഷേധങ്ങളെ ചോരയില്‍ മുക്കി കൊല്ലുന്ന യു.പി സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അന്‍സാരി ജനറല്‍ സെക്രട്ടറി അഡ്വ:വി.കെ ഫൈസല്‍ ബാബു എന്നിവര്‍ പറഞ്ഞു.

പ്രതിഷേധത്തിന് നേതൃത്വം നല്‍കി എന്നതിന്റെ പേരില്‍ വീടുകള്‍ തകര്‍ക്കുന്നത് നിയമവാഴ്ചയുടെ അസ്ഥിവാരം തകര്‍ക്കുന്നതിന് തുല്യമാണ്. ഇതനുവദിക്കാനാവില്ല. യു.പിയിലെ പ്രയാഗ് രാജ് (അലഹബാദില്‍) രാഷ്ട്രീയ പ്രവര്‍ത്തകനായി ജാവേദ് മുഹമ്മദിന്റെ വസതിയാണ് ഇടിച്ചു നിരത്തിയത്. രാത്രി നോട്ടീസ് നല്‍കി രാവിലെ ബുള്‍ഡോസറുമായെത്തി വീടു തകര്‍ത്തെറിയുന്നത് നിയമ വിരുദ്ധമാണ്. യോഗി സര്‍ക്കാര്‍ ജനാധിപത്യത്തെയും നിയമവാഴ്ചയെയും അട്ടിമറിക്കുകയാണ്.കാണ്‍പൂരില്‍ പൊലീസ് ഭീകരതയുടെ ഇരകളെ കാണാനെത്തിയ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയെ തടഞ്ഞത് മറ്റൊരുദാഹരണം. ഇതിനെതിരെ രാജ്യവ്യാപകമായി യൂത്ത് ലീഗ് പ്രക്ഷോഭം നടത്തും. നാളെ മുതല്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ നടക്കും.

Chandrika Web:
whatsapp
line