X

ബി.ബി.സിയെ ഭയക്കുന്ന സംഘ്പരിവാര്‍

സുഫ്‌യാന്‍ അബ്ദുസ്സലാം

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട വസ്തുതകള്‍ വെളിപ്പെടുത്തിക്കൊണ്ട് ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന പേരില്‍ ബി. ബി.സി ഡോക്യുമെന്ററി പുറത്തിറക്കിയതോടെ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ഞെട്ടിയിരിക്കുകയാണ്. ഡോക്യുമെന്ററി മാലോകര്‍ കാണാതെ നോക്കാനുള്ള വിറളിപിടിച്ച ഓട്ടത്തിലാണവര്‍. ഡോക്യുമെന്ററിയെ അധികാരത്തിന്റെ മുഷ്‌ക്ക് ഉപയോഗിച്ചുബ്ലോക്ക് ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റൂള്‍സ് പ്രകാരമുള്ള അധികാരങ്ങള്‍ ഉപയോഗിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഡോക്യുമെന്ററിയുടെ യുട്യൂബ് വീഡിയോകളും അവ ആക്‌സസ് ചെയ്യാനുള്ള ട്വിറ്റര്‍ ലിങ്കുകളും ബ്ലോക്ക് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്. ബ്രിട്ടീഷുകാരന്റെ പഴയ കൊളോണിയല്‍ മാനസികാവസ്ഥയാണ് ഡോക്യുമെന്ററിയുടെ പിന്നിലെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ആരോപണം. എന്നാല്‍ ബ്രിട്ടീഷ് അധികൃതര്‍ കേന്ദ്ര സര്‍ക്കാറിന്റെ ആരോപണത്തെ തള്ളിക്കളഞ്ഞിരിക്കുകയാണ്.

ജനുവരി 21 ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറുമായി നടത്തിയ അഭിമുഖത്തില്‍ മുന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയും നയതന്ത്രരംഗത്തെ പ്രമുഖനുമായ ജാക്ക് സ്‌ട്രോയാണ് ബി.ബി.സി ഡോക്യൂമെന്ററിയെയും അതിലെ ഉള്ളടക്കത്തെയും ശരിവെച്ചത്. 2002 ലെ ഗുജറാത്ത് കലാപത്തെ കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വന്തം നിലക്ക് അന്വേഷണം നടത്തിയിട്ടുണ്ടെന്നും അതിന്റെ പ്രതിഫലനമാണ് ബി.ബി.സി ഡോക്യുമെന്ററിയിലെ ഉള്ളടക്കമെന്നും ജാക്ക് സ്‌ട്രോ തുറന്നുപറയുന്നു. ബ്രിട്ടനിലെ ഗുജറാത്തി മുസ്‌ലിം വംശജരായ പൗരന്മാര്‍ ഗുജറാത്തില്‍ ജീവിക്കുന്ന തങ്ങളുടെ ബന്ധുമിത്രാദികളുടെ കാര്യത്തില്‍ പ്രകടിപ്പിച്ച ആശങ്കകളുടെ അടിസ്ഥാനത്തിലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ അന്വേഷണം നടത്തിയിരുന്നത് എന്നാണ് സ്‌ട്രോ വ്യക്തമാക്കുന്നത്. തന്റെ നിയോജകമണ്ഡലമായിരുന്ന ബ്ലാക്ക്‌ബേണ്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടനിലെ നിരവധി പ്രദേശങ്ങളില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് ഗുജറാത്തികള്‍ വലിയ വിഷമത്തിലും ആശങ്കയിലുമായിരുന്നു കഴിഞ്ഞിരുന്നത്. ഗുജറാത്തില്‍ നടന്ന വര്‍ഗീയ കലാപങ്ങളില്‍ അവരുടെ കുടുംബങ്ങളില്‍പെട്ട പലര്‍ക്കും ജീവഹാനി സംഭവിക്കുകയും സ്വന്തം ഭൂമി ഉപേക്ഷിച്ചുപോവേണ്ടിവരികയും ചെയ്ത സംഭവങ്ങള്‍ തനിക്കറിയാമെന്നും അത്തരമൊരു സാഹചര്യത്തില്‍ ഗുജറാത്തില്‍ നടന്ന വംശഹത്യക്കെതിരെ ഇന്ത്യയിലെ അന്നത്തെ ബ്രിട്ടീഷ് ഹൈകമ്മീഷണര്‍ റോബര്‍ട്ട് യംഗ് അന്വേഷണം ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. മറ്റൊരു രാജ്യത്ത് നടന്ന കൂട്ടക്കൊലയെകുറിച്ച് സ്വന്തം നിലക്ക് യു.കെ അന്വേഷണം നടത്താനുണ്ടായ സാഹചര്യം അതായിരുന്നുവെന്ന് മുന്‍ ആഭ്യന്തര സെക്രട്ടറി കൂടിയായ ജാക്ക് സ്‌ട്രോ പറയുന്നു.

2002 ഫിബ്രവരിയിലായിരുന്നു മുസ്‌ലിം ഉന്മൂലനം ലക്ഷ്യമിട്ടുള്ള ഗുജറാത്ത് കലാപം അരങ്ങേറിയത്. ബ്രിട്ടീഷ് അധികാരികള്‍ നടത്തുന്ന അന്വേഷണത്തെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് അതേവര്‍ഷം മെയ് 6 ന് ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. സംഭവം കഴിഞ്ഞ് 20 വര്‍ഷത്തിന് ശേഷമുണ്ടായ പുതിയ വെളിപ്പെടുത്തലൊന്നുമല്ല ബി.ബി.സിയുടേത് എന്നത് വ്യക്തമാണ്. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ ഗുജറാത്ത്, ഇന്ത്യന്‍ സര്‍ക്കാറുകളെ അപലപിച്ചുകൊണ്ട് പരസ്യമായി രംഗത്ത് വന്നത് ബ്രിട്ടന്‍ മാത്രമായിരുന്നില്ല. ബ്രിട്ടന്റെ നിലപാടിനോട് യോജിച്ചുകൊണ്ട് യൂറോപ്യന്‍ യൂനിയനും രംഗത്തുവന്നിരുന്നു. ഇന്ത്യയിലെ ജര്‍മ്മന്‍, ഡച്ച് നയതന്ത്രകാര്യാലയങ്ങളും ബ്രിട്ടന്റെ നിലപാടിനോട് യോജിച്ചു ഗുജറാത്തിലെ നിരപരാധരായ സാധാരണക്കാര്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട സംഭവങ്ങളെ വെളിച്ചത്തുകൊണ്ടുവരണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഗുജറാത്ത് സര്‍ക്കാറും പൊലീസും പക്ഷപാതപരമായ സമീപനമാണ് പുലര്‍ത്തുന്നതെന്നും അവര്‍ ആരോപിച്ചിരുന്നു. സംഭവത്തെതുടര്‍ന്ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്ക യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഗുജറാത്ത് കൂട്ടക്കൊലയുടെ ദൃശ്യങ്ങള്‍ കണ്ട വിദേശ രാജ്യങ്ങളിലെ വിവിധ നേതാക്കള്‍ ‘ഹൃദയഭേദകം’ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. 1992 ല്‍ ബാബരി മസ്ജിദിന്റെ തകര്‍ച്ചയോടെ ഇന്ത്യ ലോകത്തിന്റെ മുമ്പില്‍ നാണം കെട്ടിരുന്നുവെങ്കില്‍ പത്തുവര്‍ഷം കഴിഞ്ഞ് 2002 ലെ ഗുജറാത്ത് കൂട്ടക്കൊലയോടെ ഇന്ത്യയെ കുറിച്ച് ‘അസഹിഷ്ണുതയുടെ കേദാരം’ എന്ന് വിദേശരാജ്യങ്ങള്‍ വിശേഷിപ്പിക്കുന്ന അവസ്ഥയുണ്ടായി.

ജാക്ക് സ്‌ട്രോകരണ്‍ ഥാപ്പര്‍ അഭിമുഖത്തെ കുറിച്ച് ‘നിയോ കൊളോണിയല്‍’ എന്നാണ് ഇന്ത്യന്‍ വിദേശ കാര്യ വക്താവ് അരിന്ദം ബാഗ്ച്ചി വിശേഷിപ്പിച്ചത്. വിഷയത്തിന്റെ മര്‍മ്മത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണിത്. ഗുജറാത്ത് കലാപത്തിലെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള നിലപാടുകള്‍ സ്വീകരിച്ചത് ബ്രിട്ടന്‍ മാത്രമായിരുന്നില്ല എന്ന യാഥാര്‍ഥ്യം മറച്ചുപിടിച്ചുകൊണ്ടാണ് വിദേശകാര്യ വക്താവിന്റെ പ്രതികരണം. ലോകത്തെ പ്രമുഖ രാജ്യങ്ങളെല്ലാം ഇന്ത്യന്‍ ഭരണകൂടം സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ചും അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ പങ്കിനെ കുറ്റപ്പെടുത്തിയുമാണ് സംസാരിച്ചിരുന്നത് എന്ന വസ്തുത മറച്ചുവെച്ചുകൊണ്ടും ബ്രിട്ടീഷുകാരെ കുറ്റപ്പെടുത്തിയും രക്ഷപ്പെടാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. നിയോ കൊളോണിയലിസം എന്ന് പറഞ്ഞുകൊണ്ട് ബി.ബി.സി ഡോക്യുമെന്ററിയെ നേരിടുന്ന പരിവാറുകാര്‍ക്ക് പഴയ ബ്രിട്ടീഷ് കൊളോണിയലിസത്തോടുണ്ടായിരുന്ന പ്രണയം മറക്കാന്‍ സാധിക്കുമോ? പഴയ കാലങ്ങളിലെ സംഘ്ബ്രിട്ടീഷ് ‘ഷൂ കഥകളെ’ മൂടിവെക്കാന്‍ സാധിക്കുമോ?

ഗോധ്ര സംഭവത്തെ തുടര്‍ന്ന് ഗുജറാത്തിലെ വിവിധ പ്രദേശങ്ങളില്‍ മുസ്‌ലിം ജനവിഭാഗങ്ങളെ പ്രത്യേകം ലക്ഷ്യമാക്കിക്കൊണ്ടാണ് പൊലീസ് പ്രവര്‍ത്തിച്ചത്. ഇത് കേവലം ആരോപണങ്ങളല്ല, ഹ്യൂമന്‍ വാച്ച് പോലുള്ള മനുഷ്യാവകാശ സംഘടനകളാണ് ഈ യാഥാര്‍ഥ്യം ലോകത്തോട് വിളിച്ചുപറഞ്ഞത്. ഗുജറാത്തിലെ ന്യൂനപക്ഷ സമുദായത്തില്‍പെട്ട സ്ത്രീകളുടെ മേല്‍ ഭീകരമായ ലൈംഗികാതിക്രമങ്ങള്‍ നടന്നു എന്ന് റിപ്പോര്‍ട്ട് ചെയ്തത് യു.കെ, ഫ്രാന്‍സ്, ജര്‍മ്മനി, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നുള്ള വനിതാ അന്താരാഷ്ട്ര വിദഗ്ധര്‍ ചേര്‍ന്ന് രൂപീകരിച്ച ‘അന്താരാഷ്ട്ര വസ്തുതാന്വേഷണ സമിതി’യാണ്. നൂറു കണക്കിന് പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്ത് ചുട്ടുകരിക്കുകയും കുട്ടികളെ പെട്രോള്‍ കുടിപ്പിച്ച് തീവെക്കുകയും ചെയ്ത സംഭവങ്ങള്‍ അരങ്ങേറി. വീടുകളില്‍ വെള്ളം കയറ്റി വൈദ്യുതാഘാതം ഏല്‍പ്പിച്ച് കൊലപ്പെടുത്തിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നരോദപാട്യയില്‍ അടക്കമുള്ള ഗുജറാത്തിലെ നിരവധി കുഴിമാടങ്ങള്‍ ഗുജറാത്ത് കലാപത്തിന്റെ അവശേഷിക്കുന്ന അടയാളങ്ങളാണ്. കൂട്ടക്കൊല റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ധാരാളം മാധ്യമപ്രവര്‍ത്തകര്‍ ആക്രമണങ്ങള്‍ക്ക് വിധേയരായി.

ഇന്ത്യയിലെ അറിയപ്പെടുന്ന നിയമപണ്ഡിതരും മനുഷ്യാവകാശപ്രവര്‍ത്തകരുമായിരുന്ന വി.ആര്‍ കൃഷ്ണയ്യര്‍, പി.ബി സാവന്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കിയിരുന്ന ‘കണ്‍സേണ്‍ഡ് സിറ്റിസണ്‍ ട്രിബ്യുണല്‍’ (ഇഇഠ), പ്രമുഖ പാരിസ്ഥിതിക പണ്ഡിത വന്ദന ശിവ, പ്രമുഖ മാധ്യമപ്രവര്‍ത്തക ഡിയോണ്‍ ബുന്‍ഷ തുടങ്ങി ഗുജറാത്ത് കൂട്ടക്കൊലയുടെ വസ്തുതകള്‍ അന്വേഷണം നടത്തിയവര്‍ പുറത്തുവിട്ട വിവരങ്ങളില്‍ ചിലത് മാത്രമാണിത്. ചരിത്ര പണ്ഡിതനായ ജ്ഞാനേന്ദ്ര പാണ്ഡെ ഈ ആക്രമണങ്ങളെ ‘കലാപം’ എന്നല്ല വിളിക്കേണ്ടതെന്നും ഭരണകൂട ഭീകരതയെന്നും സംഘടിത രാഷ്ട്രീയ കൂട്ടക്കൊലകള്‍ എന്നുമെല്ലാമാണ് വിശേഷിപ്പിക്കേണ്ടത് എന്നുമാണ് പറഞ്ഞിരുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തെ ശാസ്ത്രീയമായി അപഗ്രഥനം ചെയ്ത പ്രമുഖ അമേരിക്കന്‍ പൊളിറ്റിക്കല്‍ സയന്റ്റിസ്റ്റ് പോള്‍ ബ്രാസ് ഗുജറാത്ത് കൂട്ടക്കൊലയെ വിശേഷിപ്പിച്ചത് മുസ്‌ലിം വിരുദ്ധ വംശഹത്യ എന്നായിരുന്നു. വി.എച്ച്.പിയും ബജ്‌റംഗ്ദളും നടത്തിയ ഗൂഢാലോചനയായിരുന്നു ഗുജറാത്ത് കൂട്ടക്കൊല എന്നാണ് മറ്റൊരു അമേരിക്കന്‍ രാഷ്ട്രീയ മീമാംസകനായ പ്രൊഫ. സ്‌കോട്ട് ഹിബ്ബാര്‍ഡ് വിശേഷിപ്പിച്ചത്. അറിയപ്പെടുന്ന ഇന്ത്യന്‍ സോഷ്യോളജിസ്റ്റ് ദീപാന്ദര്‍ ഗുപ്തയും പൊലീസിന്റെയും ഭരണകൂടത്തിന്റെയും പങ്ക് വിളിച്ചുപറഞ്ഞിട്ടുണ്ട്. ബി.ജെ.പി നേതാക്കള്‍ ആരോപിക്കുന്നത് പോലെ ഇവരാരും നിയോ കൊളോണിയലിസ്റ്റുകള്‍ ആയിരുന്നില്ല. സാധാരണക്കാരായ ആയിരങ്ങളുടെ ജീവനെടുത്ത കൂട്ടക്കൊലയുടെ പിന്നാമ്പുറ കഥകള്‍ ബി.ബി.സി പുറത്തുവിടുമ്പോള്‍ അതിന് നേതൃത്വം കൊടുത്തവര്‍ രാജ്യം ഭരിച്ചുകൊണ്ടിരിക്കുകയാണ്. ഈ കൂട്ടക്കൊലയെക്കുറിച്ചുള്ള ഏതൊരു വാര്‍ത്തയും അവരുടെ നെഞ്ചില്‍ തീകോരിയിടുക സ്വാഭാവികമാണ്. ഇഹ്‌സാന്‍ ജാഫ്‌റി, ബില്‍കീസ് ബാനു, ബെസ്റ്റ് ബേക്കറി തുടങ്ങിയ പേരുകളെല്ലാം അവരുടെ സൈ്വര്യം കെടുത്തിക്കൊണ്ടേയിരിക്കും. ഗുജറാത്തിലെ ന്യൂനപക്ഷങ്ങളെ കൂട്ടക്കുരുതിയിലൂടെ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നവര്‍ ഇപ്പോള്‍ രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകളുടെ പൗരത്വം തന്നെ ഇല്ലാതാക്കാനുള്ള കഠിന പ്രയത്‌നത്തിലാണ്.

ഗുജറാത്തില്‍ നടത്തിയ വികസനത്തെ ഉയര്‍ത്തിക്കാട്ടി രക്ഷപ്പെടാനാണ് സംഘ്പരിവാര്‍ എക്കാലവും ശ്രമിച്ചുവന്നിട്ടുള്ളത്. എന്നാല്‍ എത്രയെത്ര വികസനമുണ്ടായാലും ഇല്ലെങ്കിലും ഗുജറാത്തില്‍ കൊല്ലപ്പെട്ട ആയിരങ്ങളുടെ ആത്മാക്കള്‍ എക്കാലവും സംഘ്പരിവാറിനെ വേട്ടയാടിക്കൊണ്ടിരിക്കും. മാധ്യമപ്രവര്‍ത്തകര്‍ ഒപ്പിയെടുത്ത ചിത്രങ്ങളും ചാനലുകള്‍ രേഖപ്പെടുത്തിവെച്ച ദൃശ്യങ്ങളും കൂട്ടക്കൊലയുടെ സാക്ഷികളായി എക്കാലവും ലോകത്തിന് മുമ്പില്‍ അവതരിച്ചു കൊണ്ടേയിരിക്കും. ബി.ബി.സിയുടെ ഡോക്യുമെന്ററി ബ്ലോക്ക് ചെയ്തതുകൊണ്ട് മാത്രം ഗുജറാത്തില്‍ നടന്ന സംഭവങ്ങളുടെ യാഥാര്‍ഥ്യം ലോകം മനസ്സിലാക്കാതെ പോവുമെന്ന് സംഘ്പരിവാര്‍ ധരിക്കുന്നുവെങ്കില്‍ അത് കേവലം മിഥ്യാധാരണ മാത്രമാണ്.

webdesk13: