മുന്‍ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്‍ 2010ല്‍ നടത്തിയ പ്രസ്താവനയെ ഉദ്ധരിച്ച് പുറത്തിങ്ങാന്‍ പോകുന്ന സംഘ്പരിവാര്‍ അനുകൂല സിനിമ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സാഹചര്യത്തില്‍ ആ അഭിപ്രായത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് സി.പി.എം വ്യക്തമാക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആവശ്യപ്പെട്ടു. 20 വര്‍ഷം കൊണ്ട് കേരളത്തെ ഇസ്ലാമിക രാജ്യമാക്കാന്‍ വേണ്ടി ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റാനായി അവരിലെ ചെറുപ്പക്കാര്‍ പണിയെടുക്കുന്നുണ്ടെന്നുമാണ് 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് വി.എസ് പറഞ്ഞത്. കേരളത്തെ തീവ്രവാദത്തിന്റെ കേന്ദ്രമായും ഐ.എസ് റിക്രൂട്ട്‌മെന്റ് സെന്ററായും അവതരിപ്പിക്കുന്ന കേരള സ്റ്റോറി എന്ന സംഘ്പരിവാര്‍ സ്‌പോണ്‍സേഡ് സിനിമയില്‍ ഈ വാദം സമര്‍ത്ഥിക്കാന്‍ വേണ്ടി വി.എസിന്റെ പ്രസ്താവനയെ ആണ് ആശ്രയിച്ചിരിക്കുന്നത്.
ഒരു സമുദായത്തെ ഒന്നടങ്കം സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നതായിരുന്നു വി.എസിന്റെ പ്രസ്താവന. സംഘ്പരിവാര്‍ പ്രൊപ്പഗണ്ടയെ ഔദ്യോഗികമായി അവതരിപ്പിക്കുകയാണ് വി.എസ് അച്യുതാനന്ദന്‍ ചെയ്തത്. ലൗ ജിഹാദ് സമര്‍ത്ഥിക്കാന്‍ വേണ്ടി കഴിഞ്ഞ കുറേ കാലമായി സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ വി.എസ്സിന്റെ ഈ പ്രസ്താവനയെ ഉപയോഗിക്കുന്നുണ്ട്. ഇപ്പോള്‍ 33,000 പെണ്‍കുട്ടികളെ കേരളത്തില്‍നിന്ന് കാണാതായി എന്ന നുണക്കഥ പറഞ്ഞുകൊണ്ടാണ് സിനിമ പുറത്തിറങ്ങുന്നത്. ഈ സിനിമയുടെ ട്രെയിലറിലും വി.എസ്സിനെയാണ് ഔദ്യോഗിക സ്രോതസ്സായി ഉയര്‍ത്തിക്കാട്ടുന്നത്. വി.എസ്സിന്റെ പ്രസ്താവനയെ സി.പി.എം തള്ളിപ്പറയാത്തത് കൊണ്ട് വലിയ പ്രത്യാഘാതമാണ് സമൂഹത്തിലുണ്ടായത്. ഇനിയെങ്കിലും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സി.പി.എം തയ്യാറാവണം.- പി.എം.എ സലാം പറഞ്ഞു. മതസ്പര്‍ധയുണ്ടാക്കുന്ന സിനിമയുടെ പ്രദര്‍ശനത്തിന് അനുമതി നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.