ദി കേരള സ്റ്റോറി സിനിമയുമായ ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയരുന്നതിനിടെ കേരളത്തില്‍ നടന്ന മതസൗഹാര്‍ദ വിവാഹത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം. ചേരാവള്ളി ജുമാമസ്ജിദ് ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹത്തെ സംബന്ധിച്ച വാര്‍ത്തയാണ് റഹ്മാന്‍ പങ്കുവെച്ചത്.
വീഡിയോ പങ്കുവെച്ചതിന്റെ പിന്നാലെ റഹ്മാനെതിരെ സൈബര്‍ ആക്രമണം സംഘപരിവാര്‍ അണികള്‍ നടത്തുകയുണ്ടായി. റഹ്മാന്‍ ജിഹാദി ആണെന്നും, അദ്ദേഹത്തിന്റെ ജീവിതവും സിനിമയും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്നും സംഘപരിവാര്‍ ആക്ഷേപിക്കുന്നു.
അതേസമയം കേരളത്തിന്റെ യഥാര്‍ത്ഥ മതേതര മനസ്സ് തുറന്നു കാണിക്കുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ലോക പ്രശസ്ത സംഗീത സംവിധായകന്‍എ .ആര്‍.റഹ്മാന്‍. ഇതാ മറ്റൊരു കേരള സ്റ്റോറി എന്ന ടാഗില്‍ കായംകുളം ചേരാവള്ളി മുസ്‌ലിം ജമാഅത്ത് ഹിന്ദു ആചാരപ്രകാരം പള്ളി പരിസരത്ത് വച്ച് നടത്തിക്കൊടുത്ത വിവാഹത്തിന്റെ വീഡിയോയാണ് ട്വിറ്ററിലൂടെ റഹ്മാന്‍ പങ്കുവച്ചിരിക്കുന്നത്.അഭിനന്ദനങ്ങള്‍, മനുഷ്യസ്‌നേഹം എന്നത് ഉപാധികളില്ലാത്തതും സാന്ത്വനിപ്പിക്കുന്നതുമായിരിക്കണം, വീഡിയോയുടെ തലവാചകമായി റഹ്മാന്‍ കുറിച്ചു.
2020 ജനുവരി 19 ന് ആണ് കായംകുളം ചേരാവള്ളി മസ്ജിദില്‍ വച്ച് ഹൈന്ദവാചാരപ്രകാരമുള്ള ഈ വിവാഹം നടന്നത് . പള്ളിയുടെ സമീപത്ത് വാടകയ്ക്ക് താമസിച്ചിരുന്ന പരേതനായ അശോകന്റെയും ബിന്ദുവിന്റെയും മകളായ അഞ്ജുവിന്റെ വിവാഹമാണ് ജമാഅത്ത് കമ്മിറ്റി ഏറ്റെടുത്ത് നടത്തിക്കൊടുത്തത്. അഞ്ജുവിന്റെ വിവാഹം നടത്താന്‍ മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോഴാണ് ബിന്ദു പള്ളിക്കമ്മറ്റിയെ സമീപിച്ചത്. വിവാഹത്തിന്റെ ക്ഷണക്കത്ത് മുതല്‍ ഭക്ഷണവും ആഭരണങ്ങളും ഉള്‍പ്പെടെഎല്ലാ ചെലവുകളും പള്ളിക്കമ്മറ്റിയാണ് ചെയ്തത്.പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവും തുടങ്ങി വിവാഹത്തിന് വേണ്ട മുഴുവന്‍ ചെലവുകളും പള്ളി കമ്മിറ്റി അഞ്ജുവിനായി ഒരുക്കി നല്‍കി ഇതുകൂടാതെ വരന്റെയും വധുവിന്റെയും പേരില്‍ രണ്ട് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തു.