X
    Categories: Video Stories

സ്ലിപ്പില്‍ ക്യാച്ച് കാത്തുനില്‍ക്കുന്നവന്റെ ഏകാഗ്രത

2005 ആഷസില്‍ ആദം ഗില്‍ക്രിസ്റ്റിനെ പുറത്താക്കാന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ് സ്ലിപ്പില്‍ എടുത്ത ക്യാച്ച്

സംഗീത് ശേഖര്‍

സ്ലിപ് ഫീല്‍ഡര്‍മാര്‍. ബാറ്റിന്റെ എഡ്ജില്‍ നിന്നും വരുന്ന, കീപ്പറുടെ റീച്ചിനു പുറത്തുള്ള, പന്തുകള്‍ കയ്യിലൊതുക്കാന്‍ കാത്തു നില്‍ക്കുന്നവര്‍. എഡ്ജ് എടുത്തു വരുന്ന പന്തിന്റെ momentum കൂടുന്നു എന്നതിനാല്‍ സ്ലിപ് ക്യാച്ചുകള്‍ ഒട്ടും അനായാസമല്ല. മുഴുവന്‍ സമയവും ഏകാഗ്രതയോടെ ബൗളറുടെ റണ്‍ അപ്പ് മുതല്‍ ബാറ്റ്‌സ്മാന്റെ ചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് നില്‍ക്കെണ്ടവര്‍.

‘Don’t try and catch the ball, let the ball catch you’ എന്നത് മാര്‍ക്ക് വോയുടെ ഉപദേശമാണ്. എഡ്ജ് എടുത്തു കഴിഞ്ഞാല്‍ പന്തിനെ കയ്യിലേക്ക് വരാന്‍ അനുവദിച്ചു കൊണ്ട് തികച്ചും റിലാക്‌സ്ഡ് ആയി സോഫ്റ്റ് ഹാന്‍ഡ്‌സ് ഉപയോഗിച്ച് പന്തിനെ കയ്യിലൊതുക്കുക എന്നതാണ് സന്ദേശം. വൈഡ് സ്റ്റാന്‍സ് എടുത്തു നില്‍ക്കുന്നതിനേക്കാള്‍ നാരോ സ്റ്റാന്‍സ് എടുത്തു നില്‍ക്കുന്നതാണ് വശങ്ങളിലേക്ക് പെട്ടെന്ന് മൂവ് ചെയ്യാന്‍ സഹായിക്കുക എന്നാണു കേട്ടിട്ടുള്ളത്.

മാര്‍ക്ക് വോ, മാര്‍ക്ക് ടെയ്‌ലര്‍, വോണ്‍ തുടങ്ങിയവരെല്ലാം ഈ രീതി ഉപയോഗിക്കുന്നവരാണ്. Anticipation ഒരു നിര്‍ണായക ഘടകമാണ്. മികച്ച സ്ലിപ് ഫീല്‍ഡര്‍മാര്‍ മിക്കവാറും ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ ആയിരിക്കും എന്നതൊരു വസ്തുതയാണ്.

മികച്ച സ്ലിപ് ക്യാച്ചര്‍മാരുടെ ഒരു ലിസ്റ്റ് തിരഞ്ഞാല്‍ ബോബ് സിംപ്‌സന്‍, ഗാരി സോബേഴ്‌സ്, അലന്‍ ബോര്‍ഡര്‍, മാര്‍ക്ക് ടെയ്‌ലര്‍, രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മണ്‍, മഹേല ജയവര്‍ദനെ, മുഹമ്മദ് അസ്ഹറുദ്ദന്‍, സ്റ്റീഫന്‍ ഫ്‌ളെമിംഗ്, യൂനിസ് ഖാന്‍, ജാക്ക് കല്ലിസ് എന്നിങ്ങനെ സാമാന്യം നീളമുള്ള ഒരു ലിസ്റ്റ് ആണ് കിട്ടുക. ഇതില്‍ തന്നെ സേഫ് ക്യാച്ചര്‍മാര്‍ എന്ന് വിശേഷിപ്പിക്കാവുന്നവരും സ്ലിപ് ക്യാച്ചിംഗിനെ ഒരു ആര്‍ട്ട് ആക്കിയവരുമുണ്ട്.

എനിക്കിഷ്ടം രണ്ടു പേരെയാണ്, ഒന്ന് മാര്‍ക്ക് വോ. തന്റെ ബാറ്റിംഗ് ശൈലിയെ പോലെ തന്നെ മനോഹരമായി ക്യാച്ചുകള്‍ കയ്യിലൊതുക്കിയിരുന്ന ഫീല്‍ഡര്‍. പെട്ടെന്ന് ഓര്‍മ വരുന്നത് 99 ലോകകപ്പ് ഫൈനലില്‍ വജത്തുള്ള വസ്തിയെ പുറത്താക്കാന്‍ എടുത്ത ക്യാച്ചാണ്. തേഡ് സ്ലിപ്പിലേക്ക് യാത്രയാകുകയായിരുന്ന പന്തിനെ സെക്കന്റ് സ്ലിപ്പില്‍ നിന്നിരുന്ന മാര്‍ക്ക് മനോഹരമായ ഒരു ഫുള്‍ ലെംഗ്ത് ഡൈവിലൂടെ കയ്യിലൊതുക്കുന്ന കാഴ്ച. പെര്‍ഫക്റ്റ് ഡൈവ്, പെര്‍ഫക്റ്റ് ക്യാച്ച്, അതിലുപരിയായി മനോഹരമായ ലാന്‍ഡിംഗ്… സോഫ്റ്റ് ഹാന്‍ഡ്സ് ഉപയോഗിച്ച് ക്യാച്ചുകള്‍ എടുത്തിരുന്ന വോ അല്‍പം ബുദ്ധിമുട്ടുള്ള ക്യാച്ചുകളെ പോലും ഒരു റഗുലെഷന്‍ സ്ലിപ് ക്യാച്ച് എന്ന് തോന്നിപ്പിച്ചിരുന്നത് അയാളുടെ കഴിവാണ്.

1999 ലോകകപ്പ് ഫൈനലിലെ മാര്‍ക് വോയുടെ ക്യാച്ച്‌

രണ്ടാമത്തെ ആള്‍ ചിലര്‍ക്ക് അല്‍പം സംശയമുണ്ടാക്കിയെക്കാം… ബ്രയാന്‍ മക്മില്ലന്‍. കണ്ടതില്‍ വച്ചേറ്റവും ബ്രില്ല്യന്റ് ആയ സ്ലിപ് ഫീല്‍ഡര്‍. സ്പിന്നിനെതിരെ അപാരമായ റിഫ്‌ലക്‌സുകള്‍ കാട്ടിയിരുന്ന രണ്ടു പേരാണ് ദ്രാവിഡും മഹേലയും. തങ്ങളുടെ കാലഘട്ടത്തിലെ മികച്ച സ്പിന്നര്‍മാരുടെ പന്തുകളില്‍ വന്ന ഹാഫ് ചാന്‍സുകള്‍ വരെ ഇരുവരും കയ്യിലൊതുക്കിയിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: