X

സംഘ്പരിവാറിന്റെ വൈകിവന്ന അവകാശവാദം

 

മുഴുവന്‍ മത വിഭാഗത്തില്‍പെട്ടവരും എല്ലാ പ്രദേശത്തെ ജനങ്ങളും പങ്കാളികളായ ബഹുജന മുന്നേറ്റമായിരുന്നു സ്വാതന്ത്ര്യസമര പ്രസ്ഥാനം. സാഹോദര്യത്തിന്റെ പേരില്‍ ജനങ്ങളെ മുഴുവന്‍ ബന്ധിപ്പിക്കുന്ന മതേതര ജനാധിപത്യ ഇന്ത്യയെന്ന സങ്കല്‍പത്തെയും ബഹുസ്വരതയെയുമാണ് അത് അടിവരയിടുന്നത്. മുസ്‌ലിം, ഹിന്ദു ദേശീയതക്കായി വാദിക്കുന്നവര്‍ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ ഈ പ്രസ്ഥാനത്തില്‍ നിന്ന് അകന്നുപോവുകയായിരുന്നു. സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളില്‍ തങ്ങളും പങ്കാളികളായിരുന്നുവെന്ന അവകാശവാദവുമായി കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഹിന്ദു ദേശീയവാദികള്‍ രംഗത്തെത്തിയിട്ടുണ്ട്. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ തങ്ങള്‍ക്ക് മോശമായ ചിത്രം നല്‍കിയത് കോണ്‍ഗ്രസ്- ഇടതു ചരിത്രകാരന്മാര്‍ മാത്രമാണെന്നും ഇവര്‍ പറയുന്നു. രാജേഷ് സിന്‍ഹ (ടൈംസ് ഓഫ് ഇന്ത്യ 09-08-2017) സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ ആര്‍.എസ്.എസിന്റെ കാല്‍പനിക പങ്കാളിത്വം അവരതിപ്പിക്കുന്നുണ്ട്. ഈ വിശദീകരണത്തിന് അദ്ദേഹത്തിന്റെ മുഖ്യ ഉറവിടം ബ്രിട്ടീഷ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടാണത്രെ. 1930 ലെ നിസ്സഹകരണ പ്രസ്ഥാനത്തില്‍ ആര്‍.എസ്.എസ് പങ്കാളികളായിരുന്നുവെന്നും ഹെഡ്‌ഗെവാറിന്റെ പങ്കാളിത്വം പ്രസ്ഥാനത്തിനു പ്രചോദനമായിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. എന്നാല്‍ അദ്ദേഹം ഭാവനയില്‍ മെനഞ്ഞെടുത്ത ശുദ്ധമായ കള്ളക്കഥയാണിത്. ഈ പ്രസ്ഥാനത്തില്‍ ഹെഗ്‌ഡെവാര്‍ പങ്കെടുത്തിരുന്നുവെന്നതും ജയിലിലടയ്ക്കപ്പെട്ടുവെന്നതും ശരിയാണ്. പക്ഷേ, ഹിന്ദു രാഷ്ട്രമെന്ന അദ്ദേഹത്തിന്റെ അജണ്ടയെ പിന്തുണക്കുന്നവരുമായി കൂടിക്കാഴ്ച നടത്തുന്നതിനു വേണ്ടി തികച്ചും വ്യക്തിപരമായ ഉദ്ദേശത്തോടെയായിരുന്നു അത്. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ പങ്കാളികളാവണമെന്നാവശ്യപ്പെട്ട് ജനങ്ങളെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള ഒരു എഴുത്തുപോലും അദ്ദേഹത്തിന്റെയോ ആര്‍.എസ്.എസിന്റേയോ പേരിലില്ല. മറിച്ച്, സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരെ നിരുത്സാപ്പെടുത്തുന്ന തരത്തില്‍ അദ്ദേഹം നടത്തിയ പ്രസ്താവനകളെക്കുറിച്ച് ആധികാരിക പരാമര്‍ശങ്ങളുണ്ട്.
സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് നേതൃത്വത്തിന്റെ നിലപാട് എന്തായിരുന്നു എന്നത് രണ്ടാം സര്‍സംഘ്ചാലക് എം.എസ് ഗോള്‍വാള്‍ക്കറിന്റെ ഈ ഉദ്ധരണിയില്‍ നിന്ന് വ്യക്തമാണ്. അദ്ദേഹം പറഞ്ഞു: ‘കാലാകാലങ്ങളില്‍ രാജ്യത്ത് സംജാതമായിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ മനസ് അസ്വസ്ഥമാണ്. 1942ല്‍ ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. അതിനുമുമ്പ് 1930-31 കാലഘട്ടത്തിലെ പ്രസ്ഥാനങ്ങളായിരുന്നു അസ്വസ്ഥതകള്‍ക്കു കാരണം. ആ സമയത്ത് മറ്റു നിരവധി ആളുകള്‍ ഡോക്ടര്‍ജി (ഹെഡ്‌ഗെവാര്‍)യെ സമീപിച്ചിരുന്നു. പ്രതിനിധികള്‍ ഡോക്ടര്‍ജിയോട് ആവശ്യപ്പെട്ടത് ഈ പ്രസ്ഥാനം രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരുമെന്നും സംഘ് ഇക്കാര്യത്തില്‍ പിന്നിലായിപ്പോകരുതെന്നുമായിരുന്നു. അക്കാലഘട്ടത്തില്‍ താന്‍ ജയിലില്‍ പോകാന്‍ ഒരുക്കമാണെന്ന് ഒരു മാന്യ വ്യക്തി ഡോക്ടര്‍ജിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇതായിരുന്നു: തീര്‍ച്ചയായും പോയ്‌ക്കോളൂ. പക്ഷേ പിന്നീട് താങ്കളുടെ കുടുംബത്തെ ആര് നോക്കും? രണ്ടു വര്‍ഷത്തേക്ക് കുടുംബത്തിനു കഴിയാനുള്ള വക ഒരുക്കിയിട്ടുണ്ടെന്നു മാത്രമല്ല സര്‍ക്കാറിന് പിഴയടയ്ക്കാനുള്ള തുകയും കരുതിയിട്ടുണ്ടെന്ന് അയാള്‍ മറുപടി നല്‍കി. അപ്പോള്‍ ഡോക്ടര്‍ജി അദ്ദേഹത്തോട് പറഞ്ഞു. നിങ്ങള്‍ വിഭവങ്ങളെല്ലാം ഒരുക്കിവെച്ചിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് രണ്ട് വര്‍ഷം സംഘ്പരിവാരത്തിനായി പ്രവര്‍ത്തിച്ചുകൂടാ. അതുകേട്ട് അവിടെനിന്ന് വീട്ടിലേക്കു മടങ്ങിയ ആ വ്യക്തി പിന്നീട് ജയിലില്‍ പോകുകയോ സംഘ്പരിവാരത്തില്‍ പ്രവര്‍ത്തിക്കാനെത്തുകയോ ചെയ്തിട്ടില്ല.’ (ശ്രീ ഗുരുജി സമഗ്രദര്‍ശനം 39-40)
സമാന രീതിയാണ് 1942 ലും സംഭവിച്ചത്. സംഘ് പ്രവര്‍ത്തകര്‍ തീര്‍ച്ചയായും അവരുടെ പതിവ് പ്രവൃത്തികള്‍ തുടരുകയും ബ്രിട്ടീഷുകാര്‍ക്കെതിരായി യാതൊന്നും ചെയ്യാതിരിക്കുകയും വേണമെന്നായിരുന്നു കലാപം തുടങ്ങിയപ്പോള്‍ ഗോള്‍വാള്‍കര്‍ അണികള്‍ക്ക് നല്‍കിയ നിര്‍ദേശം. ‘1942ല്‍ നിരവധിയാളുകളുടെ ഹൃദയങ്ങളില്‍ ശക്തമായൊരു വികാരമുണ്ടായിരുന്നു. അക്കാലത്തും സംഘ് പ്രവര്‍ത്തകര്‍ അവരുടെ പ്രവര്‍ത്തന ശൈലി തുടരുകയായിരുന്നു. നേരിട്ട് ഒന്നും ചെയ്യരുതെന്ന് സംഘ് പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തിരുന്നു’. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള യുദ്ധം അവരുടെ അജണ്ടയുടെ ഭാഗമായിരുന്നില്ല എന്നാണ് ആര്‍.എസ്.എസിന്റെ ഈ പ്രത്യയശാസ്ത്രത്തിലൂടെ വ്യക്തമാകുന്നത്. നമ്മുടെ പ്രതിജ്ഞയില്‍ മതത്തെയും സംസ്‌കാരത്തെയും പ്രതിരോധിക്കുക വഴി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് നാം പറയുന്നുണ്ടെങ്കിലും ബ്രിട്ടീഷുകാരെ ഇവിടെനിന്ന് പുറത്താക്കിയതിനെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ലെന്ന് ഓര്‍ക്കണം.
ആര്‍.എസ്.എസിന്റെ ലക്ഷക്കണക്കിനു വളണ്ടിയര്‍മാര്‍ 1942ലെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതായും അതില്‍ നിരവധി പേരെ ബ്രിട്ടീഷുകാര്‍ ശിക്ഷിച്ചതായും വിശ്വസിക്കാന്‍ ഇപ്പോള്‍ സിന്‍ഹ നമ്മോട് ആവശ്യപ്പെടുകയാണ്. സംഘ് അറിയപ്പെടുന്നത് അവരുടെ അച്ചടക്കമുള്ള വളണ്ടിയര്‍മാരിലൂടെയാണ്. അതിനാല്‍ ആര്‍.എസ്.എസ് വളണ്ടിയര്‍മാര്‍ അവരുടെ സര്‍സംഘ്ചാലകിനെ ധിക്കരിച്ച് ഗാന്ധിജി നേതൃത്വം നല്‍കുന്ന സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ പങ്കാളികളാകുമോ?
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളായതിന് വളരെ വൈകിവരെ യാതൊരു അവകാശവാദവുമുണ്ടായിരുന്നില്ല. ആര്‍.എസ്.എസ്/ബി.ജെ.പി അധികാരത്തിലെത്തിയ ശേഷമാണ് അത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയത്. ഈ ദിശയിലുള്ള ഏറ്റവും പഴയ ശ്രമങ്ങളിലൊന്ന് നമ്മുടെ മുന്‍ പ്രധാനമന്ത്രി വാജ്‌പെയ്‌യെ ചുറ്റിപ്പറ്റിയായിരുന്നു. ആര്‍.എസ്.എസ് ശാഖാ തലത്തില്‍ മാത്രമല്ല മറിച്ച് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് 1998 ലെ പൊതു തെരഞ്ഞെടുപ്പ് വേളയില്‍ വോട്ട് കിട്ടാനായി അദ്ദേഹം എഴുതിയിരുന്നു. അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ട ബട്ടേശ്വര്‍ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു വാജ്‌പെയ്‌യുടെ വിശദീകരണം. അറസ്റ്റ് ചെയ്യപ്പെട്ട ഉടന്‍ അദ്ദേഹം കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഈ പ്രസ്താവന ജയില്‍ മോചനത്തിന് സഹായിക്കുകയും ക്വിറ്റ്ഇന്ത്യ പ്രസ്ഥാനത്തിന്റെ ഭാഗമായ ബട്ടേശ്വര്‍ പ്രചാരണത്തിന്റെ നേതാക്കളുടെ കൂട്ടത്തില്‍പെടുത്തുകയും ചെയ്തു. വസ്തുവഹകള്‍ക്ക് നാശം വരുത്തുന്ന തരത്തില്‍ താന്‍ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്നും കെട്ടിടത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയത് ജനങ്ങളാണെന്നും കുറ്റസമ്മത പ്രസ്താവനയില്‍ വാജ്‌പെയ് വ്യക്തമാക്കുന്നുണ്ട്. ഘോഷയാത്രയില്‍ സംബന്ധിച്ചിട്ടില്ലെന്നും വെറും കാഴ്ചക്കാരന്‍ മാത്രമായിരുന്നുവെന്നും കുറ്റസമ്മതത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു. മാപ്പു പറച്ചിലിനെത്തുടര്‍ന്ന് അദ്ദേഹത്തെ ജയില്‍ മോചിതനാക്കി.
സമൃദ്ധമായ ഭാവനയുണ്ട് സിന്‍ഹക്ക്. അതിനാല്‍ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തില്‍ ആര്‍.എസ്.എസുകാരുടെ പങ്കാളിത്വം ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കു അവസാന കച്ചിത്തുരുമ്പാണെന്ന് അദ്ദേഹത്തിനു അവകാശപ്പെടാനാകും. ചില ആളുകള്‍ അസ്വസ്ഥത പ്രകടിപ്പിച്ചുവെങ്കിലും ആര്‍.എസ്.എസ് പതിവു ജോലികളില്‍ വ്യാപൃതരാവുകയും ശാഖകളും ക്യാമ്പുകളും സാധാരണപോലെ തുടരുകയും ചെയ്തുവെന്നതാണ് യാഥാര്‍ത്ഥ്യം. ആ സമയങ്ങളില്‍ ഗാന്ധിജിയുടെയും കോണ്‍ഗ്രസിന്റെയും അനുയായികള്‍ തെരുവുകളിലും ജയിലുകളിലുമായിരുന്നു. അവരതിന്റെ ഭാഗമല്ലെങ്കിലും വിടവിലൂടെ സ്വയം അകത്തുകടക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ആര്‍.എസ്.എസ് നടത്തുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രം, ആഭ്യന്തരമായി എതിര്‍പ്പുണ്ടെങ്കിലും മുസ്‌ലിം ദേശീയതയെ തകര്‍ക്കുകയായിരുന്നു അവരുടെ മുഖ്യ ഉദ്ദേശ്യം. ആ ലക്ഷ്യത്തില്‍ അവര്‍ക്ക് ബ്രിട്ടീഷുകാരുമായി സഹകരിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ലായിരുന്നു. ഗാന്ധിജി അവതരിപ്പിച്ച ഹിന്ദു- മുസ്‌ലിം ഐക്യമെന്ന പ്രധാന മുദ്രാവാക്യമായ രാജ്യത്തെ വൈവിധ്യത്തെ അവഗണിക്കാനാണ് അവരുടെ എല്ലാ പരിശ്രമങ്ങളും. തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ഇപ്പോള്‍ പുതിയ നിര്‍മ്മിതികള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സ്വാതന്ത്ര്യ സമരത്തില്‍ അവര്‍ ഇല്ലായിരുന്നുവെന്ന സത്യം മായ്ച്ചുകളയാനാണത്. ഹിന്ദു ദേശീയതയെന്ന നിലപാടില്‍ നില്‍ക്കുന്ന ആര്‍.എസ്.എസിന്റെ ലക്ഷ്യം തികച്ചും വിരുദ്ധമാണെന്നതിനാല്‍ ആര്‍.എസ്.എസ് ഇന്ത്യന്‍ ദേശീയതക്കായുള്ള പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നത് എങ്ങനെയാണ്?

chandrika: