കൊച്ചി: നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ നടന്‍ വിജയ് ബാബുവിനെതിരെ കേസെടുത്തു. വിജയ് ബാബു ഓഫീസില്‍ വച്ച് തന്നെ മര്‍ദ്ദിച്ചുവെന്ന സാന്ദ്രാ തോമസ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സാന്ദ്ര കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടുകയും ചെയ്തു.
എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് നടന്‍ വിജയ്ബാബു പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് നടി സാന്ദ്രതോമസിനെ മര്‍ദ്ദിച്ചെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് വിജയ് ബാബു അറിയിച്ചിരിക്കുന്നത്. കേസ് കെട്ടിച്ചമച്ചതാണ്. അത് താന്‍ തെളിയിക്കും. തന്റെ ബിസിനസ് പങ്കാളിയും അവരുടെ ഭര്‍ത്താവും ചേര്‍ന്ന് അടിസ്ഥാനരഹിതമായ പരാതി നല്‍കിയിരിക്കുന്നത് ബിസിനസ് പ്രോപര്‍ട്ടി തട്ടിയെടുക്കുന്നതിനാണെന്നും അത് തെളിയിക്കുമെന്നും വിജയ് പറയുന്നുണ്ട്.
സാന്ദ്രയും വിജയ് ബാബും ഫ്രൈഡേ ഫിലിംസ് എന്ന പേരില്‍ സിനിമാ നിര്‍മ്മാണ-വിതരണ സ്ഥാപനം നടത്തി വരികയായിരുന്നു. കമ്പനിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തിലേക്ക് നീങ്ങിയത്. വിജയ്ബാബുവിന്റെ കൊച്ചിയിലെ ഓഫീസില്‍ സംസാരിക്കാനെത്തിയപ്പോള്‍ വിജയും കൂട്ടാളികളും ആക്രമിച്ചെന്നാണ് സാന്ദ്രയുടെ പരാതി.