കോഴിക്കോട്: പാലക്കാട് നഗരസഭാ കെട്ടിടതത്തില്‍ ബിജെപി വിജയത്തിന് പിന്നാലെ ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയ സംഭവത്തില്‍ വെല്ലുവിളിയുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. അടുത്ത തവണ അധികാരത്തില്‍ വന്നാല്‍ വീണ്ടും ബാനര്‍ ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. ട്വന്റിഫോര്‍ ന്യൂസ് ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് സന്ദീപ് വാര്യര്‍ വെല്ലുവിളി ഉയര്‍ത്തിയത്.
‘ബാനറില്‍ ശ്രീരാമന്റെ പേര് വച്ചതില്‍ തെറ്റില്ല. ഇന്ത്യന്‍ ഭരണഘടനയുടെ ഒറിജിനല്‍ പതിപ്പില്‍ ശ്രീരാമന്റേയും ലക്ഷ്മണന്റേയും സീതയുടേയുമൊക്കെ ചിത്രമുണ്ട്. ശ്രീരാമന് ജയ് വിളിച്ച് ബാനര്‍ തൂക്കിയിട്ടുണ്ടെങ്കില്‍ അതില്‍ ഒരു തെറ്റുമില്ല. ശ്രീരാമന് ജയ് വിളിക്കുന്നത് ഭരണഘടനയെ നിരസിക്കുന്ന നടപടിയല്ല. ഭരണഘടനയില്‍ ഏത് മൂല്യങ്ങളാണോ ഉള്‍ക്കൊള്ളുന്നത് അത് തിരിച്ചറിഞ്ഞാണ് ജയ് ശ്രീറാം എന്ന് രേഖപ്പെടുത്തിയ ബാനര്‍ ഉയര്‍ത്തിയത്. കോണ്‍ഗ്രസിനും സിപിഐഎമ്മിനുമൊക്കെ സാധിക്കുമെങ്കില്‍ അവര്‍ ചെയ്‌തോട്ടെ. അതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല’ – അദ്ദേഹം പറഞ്ഞു.
അല്ലാഹു അക്ബര്‍ എന്നോ അക്ബര്‍ നാമ എന്നോ എഴുതിയിട്ട് അക്ബറിന്റെ പടം കൂടി വച്ചോട്ടെ എന്ന ചോദ്യത്തിന്, അക്ബറിന്റെ ചിത്രം വയ്ക്കുന്നതില്‍ തെറ്റുണ്ടെന്ന് തനിക്ക് തോന്നുന്നില്ല എന്നായിരുന്നു സന്ദീപിന്റെ മറുപടി. ശ്രീരാമന്‍ ദേശീയ പുരുഷനാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു.