മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ.കെ. ആന്റണിയെ സന്ദീപ് വാര്യർ സന്ദർശിച്ചു. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലാണ് സന്ദർശിച്ചത്. ആന്റണിയുടെ അനുഗ്രഹവും ഉപദേശങ്ങളും മുന്നോട്ടുള്ള പ്രയാണത്തിൽ പ്രധാനമാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു.
ഇന്നലെ കെ.പി.സി.സി ആസ്ഥാനത്ത് സന്ദീപ് വാര്യർക്ക് സ്വീകരണം നല്‍കിയിരുന്നു. ബി.ജെ.പിയെന്ന സ്വേച്ഛാധിപത്യ സംവിധാനത്തില്‍ നിന്നും പുറത്ത് വന്ന് കോണ്‍ഗ്രസെന്ന ജനാധിപത്യ-മതേതര സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷം ഭിന്നിപ്പിന്റെ രാഷ്ട്രീയവുമായി ബി.ജെ.പി രാജ്യം ഭരിച്ചപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്ന സുരക്ഷാ മതിലായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത്. ആ പ്രസ്ഥാനത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് പൊതുജീവിതത്തിലെ വലിയ സൗഭാഗ്യമായി കാണുന്നതായും സന്ദീപ് വാര്യര്‍ പറഞ്ഞു.
കെ.പി.സി.സി സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു ഷാള്‍ അണിയിച്ചാണ് സന്ദീപിനെ സ്വീകരിച്ചത്. പി.സി.സി ജനറല്‍ സെക്രട്ടറി ജി.എസ്. ബാബു, രാഷ്ട്രീയകാര്യ സമിതി അംഗം ചെറിയാന്‍ ഫിലിപ്പ് തുടങ്ങിയവരും സന്ദീപിനെ സ്വീകരിക്കാന്‍ കെ.പി.സി.സി ആസ്ഥാനത്തുണ്ടായിരുന്നു.
അതിനിടെ, സന്ദീപിനെ സ്വാഗതം ചെയ്തുകൊണ്ട് തിരുവനന്തപുരത്ത് ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബോര്‍ഡ് അജ്ഞാതർ നശിപ്പിച്ചു. വെറും പ്രാദേശിക നേതാവ്, ചീള് കേസ്, ഒന്നും ചെയ്യാന്‍ പറ്റാത്ത ആള്‍, 190 സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ ഒരാള്‍ മാത്രം എന്നിങ്ങനെ തന്നെ വിശേഷിപ്പിച്ച സുരേന്ദ്രനും സംഘവും എന്തിനാണ് തന്റെ ഫ്‌ളെക്‌സ് ബോര്‍ഡ് പോലും ഭയക്കുന്നതെന്ന് സന്ദീപ് ചോദിച്ചു.
പടപേടിച്ച് പാലക്കാട്ടുനിന്ന് ഓടി പന്തളത്തുപോയപ്പോള്‍ അവിടെ പന്തംകൊളുത്തിപ്പട എന്നതാണ് ബി.ജെ.പിയുടെ അവസ്ഥ. പന്തളം മുന്‍സിപ്പാലിറ്റിയില്‍ ബി.ജെ.പി. നേരിടുന്ന ഭരണപ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. പാലക്കാട്ടെ സ്ഥാനാര്‍ഥിയായിരുന്ന സി. കൃഷ്ണകുമാറിനായിരുന്നു പന്തളം മുന്‍സിപ്പാലിറ്റിയുടെ സംഘടനാചുമതല. അതിനാല്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളൊക്കെ സ്വാഭാവികമാണെന്നും അദ്ദേഹം തിരുവനന്തുപരത്ത് മാധ്യമങ്ങളോട് പറഞ്ഞു.