X
    Categories: NewsSports

സന്ദീപ് സിങ് തുടരും, കൂടുതല്‍ താരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു

കൊച്ചി: പ്രതിരോധം താരം സന്ദീപ് സിങിന്റെ കരാര്‍ 2025 വരെ നീട്ടി കേരള ബ്ലാസ്റ്റേഴ്‌സ്. 2020 ഡിസംബറില്‍ ബ്ലാസ്‌റ്റേഴ്‌സില്‍ ചേര്‍ന്ന 27കാരന്‍, കഴിഞ്ഞ രണ്ട് ഐഎസ്എല്‍ സീസണുകളില്‍ ടീമിന്റെ ഭാഗമായിരുന്നു. മണിപ്പൂരില്‍ നിന്നുള്ള താരം, ഷില്ലോങ് ലജോങ് അക്കാദമിക്കൊപ്പമാണ് തന്റെ ഫുട്‌ബോള്‍ കരിയറിന് തുടക്കമിട്ടത്. 2014ല്‍ അവരുടെ സീനിയര്‍ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. തൊട്ടടുത്ത വര്‍ഷം പൂനെ എഫ്‌സിക്കെതിരെ അരങ്ങേറ്റ മത്സരവും കളിച്ചു. 2017ല്‍ ലാങ്‌സ്‌നിങ് എഫ്‌സിയില്‍ ചേര്‍ന്ന താരം, 2018-19 ഐഎസ്എല്‍ സീസണിന് വേണ്ടി ഐടികെ എഫ്‌സിയുമായി കരാറിലെത്തി. 2019-20 ഐ ലീഗ് സീസണിനായി ട്രാവു എഫ്‌സിയിലെത്തി, അവിടെ ചെറിയ കാലയളവില്‍ പന്തുതട്ടി. തുടര്‍ന്നാണ് ഈ വലങ്കാലന്‍ ഡിഫന്‍ഡര്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഭാഗമായത്. 28 മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സ് ജഴ്‌സിയണിഞ്ഞു.

ബിജോയ് വര്‍ഗീസ്, ജീക്‌സണ്‍ സിങ്, മാര്‍ക്കോ ലെസ്‌കോവിച്ച്, പ്രഭ്‌സുഖന്‍ ഗില്‍, കരണ്‍ജിത് സിങ് എന്നിവരുടെ കരാറും നേരത്തെ ബ്ലാസ്‌റ്റേഴ്‌സ് പുതുക്കിയിരുന്നു.

അതിനിടെ, ഭൂട്ടാന്‍ താരം ചെഞ്ചോ, ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ്, വിങര്‍ സത്യസെന്‍ സിങ്, വിന്‍സി ബാരെറ്റോ, അല്‍വാരോ വാസ്‌ക്വസ് തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളിലായി ക്ലബ് വിട്ടു. ഗിവ്‌സണ്‍ സിങ്, നിശുകുമാര്‍ തുടങ്ങിയവരും വരും ദിവസങ്ങളില്‍ ക്ലബ് വിടാന്‍ സാധ്യതയുണ്ട്. ബെംഗളൂരു എഫ്‌സിയില്‍ നിന്ന് റെക്കോഡ് തുകക്കാണ് രണ്ട് വര്‍ഷം മുമ്പ് നിഷു കുമാറിനെ കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്. എന്നാല്‍ പരിക്കേറ്റതിനെ തുടര്‍ന്ന് രണ്ട് സീസണുകളിലും കാര്യമായ പ്രകടനം നടത്താന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. പൂട്ടിയയുടെ കരാര്‍ നീട്ടുന്നതിനൊപ്പം, നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി താരം വി.പി സുഹൈറിനെ ടീമിലെത്തിക്കാനും ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് സൂചന.

Chandrika Web: