X

മണല്‍വാരല്‍: പിഴ അഞ്ച് ലക്ഷമായി ഉയരും

തിരുവനന്തപുരം: സംസ്ഥാനത്തെ നദികളില്‍ മണല്‍വാരലുമായി ബന്ധപ്പെട്ട് ചട്ടലംഘനത്തിനുള്ള പിഴത്തുക അഞ്ചു ലക്ഷമായി ഉയര്‍ത്തുന്നതി നുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. അനധികൃത മണല്‍വാരലിന്, രണ്ടു വര്‍ഷം വരെ തടവ് ശിക്ഷയോ 25,000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ എന്നതില്‍ പിഴ അഞ്ച് ലക്ഷം രൂപയാക്കി ഉയര്‍ത്തുന്നതിനുള്ള 2022-ലെ കേരള നദീസംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും (ഭേദഗതി) ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.

നദികളുടെ മലിനപ്പെടുത്തലും അനധികൃത മണല്‍വാരലും തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പിഴത്തുക അഞ്ചു ലക്ഷമായി ഉയര്‍ത്തുന്നതെന്ന് ബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടിയായി റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു. ചട്ടലംഘനം തുടരുന്ന ഓരോ ദിവസത്തിനും 1000 രൂപയായിരുന്ന അധിക പിഴ 50,000 ആക്കി വര്‍ധിപ്പിക്കാനും ബില്ലില്‍ നിര്‍ദേശമുണ്ട്. ഇത്തരം കേസുകളില്‍ കണ്ടുകെട്ടുന്ന മണലിന്റെ മതിപ്പ് വില ജില്ലാ കലക്ടര്‍ നിശ്ചയിച്ച് നടപടി ക്രമങ്ങള്‍ പാലിച്ച് വിവിധ സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ലേലത്തിലൂടെ വില്‍പന നടത്താനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

പിഴതുക വര്‍ദ്ധിപ്പിക്കുന്നതിന് ആനുപാതികമായി ശിക്ഷാകാലാവധി ഉയര്‍ത്തിയാലേ നിയമത്തിന് ശക്തികിട്ടൂ എന്ന് തടസവാദമുന്നയിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പിഴത്തുകയ്ക്ക് ആനുപാതികമായി ശിക്ഷാകാലാവധി ഉയര്‍ത്തുന്നത് അപ്രായോഗികമാണെന്ന് മന്ത്രി പറഞ്ഞു.
1964നും 2005 നുമിടയില്‍ മിച്ചഭൂമി വിലയ്ക്കു വാങ്ങിയ വ്യക്തിക്ക് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ലാന്റ് ട്രിബ്യൂണലിന്റെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന 2021-ലെ കേരള ഭൂപരിഷ്‌കരണ (ഭേദഗതി) ബില്ലും സബ്ജക്ട് കമ്മിറ്റിക്കു വിട്ടു. 1964 ന് മുമ്പ് കൈവശം വച്ചതോ അതിന് ശേഷം വിലയ്ക്ക് വാങ്ങിയതോ ആയ മിച്ചഭൂമി (നാല് ഏക്കര്‍ വരെ)യുടെ ഉടമയെ കുടിയാനായി കണക്കാക്കി ക്രയസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നേരത്തെ വ്യവസ്ഥ കൊണ്ടുവന്നിരുന്നു.

Test User: