ജറൂസലം: ഇസ്രാഈലിന്റെ ക്രൂരതക്കും അധിനിവേശ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ക്രിസ്മസ് ദിനത്തില്‍ സാന്താക്ലോസ് മാര്‍ച്ച്. വിദേശികളും മാധ്യമപ്രവര്‍ത്തകരും അടങ്ങുന്ന പ്രതിഷേധക്കാരുമായി ഇസ്രാഈല്‍ സേന ഏറ്റുമുട്ടി. മാര്‍ച്ചിനുനേരെ സൈന്യം കണ്ണീര്‍വാതകം പ്രയോഗിച്ചു. റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെച്ചതായും റിപ്പോര്‍ട്ടുണ്ട്. വടക്കന്‍ ബെത്‌ലഹേമിനടുത്താണ് മാര്‍ച്ച് നടന്നത്. ജറൂസലമിലെ വിശുദ്ധ കേന്ദ്രങ്ങളിലേക്ക് അനിയന്ത്രിത പ്രവേശനം അനുവദിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
മുസ്്‌ലിംകളും ക്രിസ്ത്യാനികളും ജൂതന്മാരും ഒരുപോലെ ആദരിക്കുന്ന ജറൂസലം സന്ദര്‍ശിക്കണമെങ്കില്‍ വെസ്റ്റ്ബാങ്കിലെ ഫലസ്തീനികള്‍ക്ക് ഇസ്രാഈലിന്റെ അനുമതി വേണം. റമസാനിലും മറ്റും മസ്ജിദുല്‍ അഖ്‌സയിലെത്താന്‍ ശ്രമിക്കുന്ന ഫലസ്തീനികള്‍ക്ക് കടുത്ത നിയന്ത്രണമാണ് ഇസ്രാഈല്‍ ഏര്‍പ്പെടുത്താറുള്ളത്. നിശ്ചിത പ്രായപരിധിയുള്ളവര്‍ക്ക് മാത്രമേ ഇസ്രാഈല്‍ പ്രവേശനം നല്‍കാറുള്ളൂ. യുവാക്കളെ അകറ്റുകയാണ് പതിവ്.