ബഷീര്‍ കൊടിയത്തൂര്‍
കോഴിക്കോട്: ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും മൂലം സംസ്ഥാനത്തെ നദികളില്‍ അടിഞ്ഞുകൂടിയ മണല്‍ കടത്താന്‍ തക്കംപാര്‍ത്ത് മണല്‍ മാഫിയ രംഗത്ത്. നദികളില്‍ കുറെ നാളുകള്‍ക്ക് ശേഷം അത്ഭുത പ്രതിഭാസമായി മണല്‍ തിട്ടകള്‍ വ്യാപകമായി രൂപപ്പെട്ടിട്ടുണ്ട്. നദിയുടെ നീരൊഴുക്കിനെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് പലയിടത്തും മണല്‍ അടിഞ്ഞുകൂടിയത്. കുന്തിപ്പുഴയില്‍ മണ്ണാര്‍ക്കാട്ടും ചാലിയാറില്‍ അരീക്കോടും പൊന്നാനി അഴിമുഖത്തും ഉണ്ടായ മണല്‍തിട്ടകള്‍ കാണാന്‍ നൂറുകണക്കിനാളാണ് ദിവസവും എത്തുന്നത്.
നദികളുടെ കരള്‍വരെ പറിച്ച് ലക്ഷക്കണക്കിന് ലോഡ് മണല്‍ ഊറ്റിയെടുത്ത് പുഴകളുടെ സ്വാഭാവിക നഷ്ടപ്പെടുത്തിയപ്പോഴാണ് സംസ്ഥാനത്ത് മണലെടുപ്പിന് നിയന്ത്രണമുണ്ടായത്. ഇതിനെ തുടര്‍ന്ന് പുഴയുടെ സ്വാഭാവികത നിലനിര്‍ത്താന്‍ കഴിയുകയും മണലെടുപ്പു കൊണ്ടുണ്ടായ കുഴികള്‍ നികന്നുപോകുകയും ചെയ്തു. ഇതിനിടെയിലാണ് ഉരുള്‍പെട്ടലും കാലവര്‍ഷവും മൂലം വന്‍തോതില്‍ മണ്ണ് നദിയിലേക്കൊലിച്ചെത്തിയത്. ഇവ നദികളില്‍ അടിഞ്ഞുകൂടുകയും അധിക നിക്ഷേപമായി മാറുകയും ചെയ്തു. മാത്രമല്ല പുഴയോരങ്ങളിലുണ്ടായ കനത്ത മണ്ണിടിച്ചില്‍ പുഴയുടെ ആഴം കുറക്കാന്‍ കാരണമാവുകയും ചെയ്തിട്ടുണ്ട്.
കാലവര്‍ഷത്തില്‍ അടിഞ്ഞുകൂടിയത് വൃത്തിയുള്ള മണലായതിനാല്‍ ഇതില്‍ കണ്ണും നട്ടിരിക്കുകയാണ് മണല്‍ മാഫിയകള്‍. നിരോധനം മൂലം നിര്‍മാണങ്ങളില്‍ മണലിനുപകരം പാറപ്പൊടിയാണ് ഉപയോഗിച്ചിരുന്നത്. അതിനിടയിലും ആവശ്യക്കാര്‍ക്ക് മണല്‍ എത്തിക്കാന്‍ മാഫിയകള്‍ രംഗത്തുണ്ടായിരുന്നു. അവരാണ് ഇപ്പോള്‍ ഇരുട്ടിന്റെ മറവില്‍ അനധികൃതമായി മണല്‍ എടുക്കാന്‍ സജീവമായത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതിനാല്‍ ഇനി ലോഡ് കണക്കിന് മണലാണ് കടത്തിക്കൊണ്ടുപോകുക.
പുഴകളില്‍ അധികമായി അടിഞ്ഞുകൂടിയ മണല്‍ വില്‍പന നടത്തി അതിന്റെ പ്രയോജനം സര്‍ക്കാര്‍തലത്തില്‍ ഉപയോഗപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ഇതു വഴിയും ഫണ്ട് കണ്ടെത്താമെന്നാണ് നേരത്തെ മണല്‍ രംഗത്ത് ജോലി ചെയ്തവര്‍ വാദിക്കുന്നത്. കേരളത്തില്‍ നിന്നും ദിനംപ്രതി ഏകദേശം 2500 ലോഡ് മണല്‍ എടുത്തിരുന്നതായാണ് കണക്ക്. സര്‍ക്കാര്‍ വീണ്ടും മണലെടുപ്പ് തുടങ്ങിയാല്‍ ഒരു ലോഡ് മണല്‍ 6000 രൂപക്ക് വില്‍ക്കാന്‍ സാധിക്കുമെന്ന് ഇവര്‍ പറയുന്നു. തൊഴിലാളി വിഹിതം 3000 രൂപയും പഞ്ചായത്ത്-സംസ്ഥാന വിഹിതമായി 1500യും ഈടാക്കി ബാക്കി 1500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും പറ്റും. അങ്ങനെയങ്കില്‍ ഒരു മാസം കൊണ്ട് തന്നെ 11 കോടി രൂപയും ആറു മാസം കൊണ്ട് 66 കോടി രൂപയും സ്വരൂപിക്കാന്‍ കഴിയും. തൊഴിലാളികള്‍ക്കും പഞ്ചായത്തിനു വരുമാന മാര്‍ഗമെന്ന നിലയില്‍ മാത്രമല്ല സര്‍ക്കാര്‍തലത്തില്‍ ആസൂത്രണം ചെയ്ത പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മണലും ഇങ്ങനെ സ്വരൂപിക്കാനാവും.
നദികളില്‍ മാത്രമല്ല കേരളത്തിലെ ഡാമുകളില്‍ വന്‍തോതില്‍ മണലും ചളിയും അടിഞ്ഞുകൂടിയിട്ടുണ്ട്. സംഭരണശേഷിയുടെ 30 ശതമാനത്തോളം വരുമിത്. വരള്‍ച്ചക്കാലത്തേക്ക് കൂടുതല്‍ വെള്ളം ശേഖരിക്കാന്‍ ഇവ നീക്കം ചെയ്യണമെന്നും അതിന് ഡാമിലെ മണല്‍ വാരി വില്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കണമെന്നും നിര്‍ദേശമുയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി ചില ഡാമുകളില്‍നിന്ന് മണല്‍വാരാന്‍ സര്‍ക്കാര്‍ അതത് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും നടപ്പിലായിട്ടില്ല.
പുഴകളില്‍ അടഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്തില്ലെങ്കില്‍ അടുത്ത കാലവര്‍ഷത്തില്‍ പുഴ നിറയുകയും വെള്ളപ്പൊക്കംകൊണ്ട് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ബാധിക്കുന്ന മണല്‍തിട്ടകള്‍വഴി വെള്ളം വയലിലേക്ക് എളുപ്പത്തില്‍ എത്തുന്ന അവസ്ഥയുണ്ട്. ഇത് കൃഷിയെ ദോഷകരമായി ബാധിക്കും. ഇക്കാര്യത്തില്‍ വിശദമായ പഠനമുണ്ടാവേണ്ടതുണ്ട്.