ബംഗളുരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ പിടിച്ചുപറിക്കാരിയെന്ന് സനാതന്‍ സന്‍സ്ത. ന്യൂസ് 18 ചാനലിന്് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം. ‘അവരുടെ പിടിച്ചുപറിയെക്കുറിച്ചും ചിലയാളുകള്‍ സംസാരിക്കാറുണ്ട്. അവരൊരു പിടിച്ചുപറിക്കാരിയാണ്. അവരുടെ പിടിച്ചുപറിക്ക് ഇരകളായവരെക്കുറിച്ച് ആരും സംസാരിക്കുന്നില്ല’ എന്നായിരുന്നു പരാമര്‍ശം. സനാതന്‍ സന്‍സ്ത വക്താവ് ചേതന്‍ രാജാനാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
ഗൗരി ലങ്കേഷിന് നക്‌സലുമായി വ്യക്തമായ ബന്ധമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങളെ പിന്തുണക്കുന്നവര്‍ കൊല്ലപ്പെടുമ്പോള്‍ ജനങ്ങള്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. എന്നാല്‍ ഹിന്ദുത്വ ആശയങ്ങളെ പിന്താങ്ങുന്നവര്‍ കൊല്ലപ്പെടുമ്പോള്‍ ആര്‍ക്കും ഒരു പ്രശനവും ഉണ്ടാകാറില്ലെന്നും സനാതന്‍ സസ്തയുടെ വാക്താവ് ചേതന്‍ രാജന്‍ പറഞ്ഞു.
നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ തുടങ്ങിയവരുടെ കൊലപാതകത്തിന് പിന്നില്‍ സനാതന്‍ സന്‍സ്ത അംഗങ്ങളാണെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരുന്നു. ബി.ജെ.പി എം.പി പ്രഹ്ലാദ് ജോഷി ഫയല്‍ ചെയ്ത അപകീര്‍ത്തി കേസില്‍ ഗൗരി ലങ്കേഷ് ശിക്ഷിക്കപ്പെട്ട കാര്യം ആരും ചര്‍ച്ചയാക്കുന്നില്ലെന്ന് പറഞ്ഞ ഇവര്‍ ഗൗരി ലങ്കേഷിന് നക്സലേറ്റ് ബന്ധമുണ്ടെന്നും ആരോപിക്കുന്നു. ലിംഗായത്ത് സമുദായത്തിനെതിരെ പരാമര്‍ശം നടത്തിയവരാണ് ഗൗരി ലങ്കേഷെന്നും ഇവര്‍ ആരോപിക്കുന്നു.
ഗൗരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സംഘപരിവാറിനെതിരെ ഉയരുന്ന ആരോപണങ്ങളെ കൊലയ്ക്കു പിന്നില്‍ സ്വത്തുതര്‍ക്കമാണെന്ന് പറഞ്ഞാണ് സനാതന്‍ സന്‍സ്ത പ്രതിരോധിക്കുന്നത്. ‘ അവര്‍ക്കും അവരുടെ സഹോദരനുമിടയില്‍ ചില സ്വത്തുതര്‍ക്കങ്ങളുണ്ട്. അതിന്റെ പേരിലാണോ കൊല്ലപ്പെട്ടതെന്ന് പരിശോധിക്കേണ്ടതുണ്ട്.’ എന്നാണ് സനാതന്‍ സന്‍സ്ത വക്താവ് പറയുന്നത്.
ഗൗരി ലങ്കേഷിനെക്കുറിച്ച് സനാതന്‍ സന്‍സ്തയില്‍ എന്തെങ്കിലും തരത്തിലുള്ള ചര്‍ച്ചയുണ്ടായിരുന്നോ എന്നു ചോദിക്കുമ്പോള്‍ അവരുടെ പേര് ആദ്യമായി കേള്‍ക്കുന്നത് കൊലപാതക വാര്‍ത്തയറിയുമ്പോഴാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
സനാതന്‍ സന്‍സ്തയ്ക്ക് ആര്‍.എസ്.എസുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നു ചോദിക്കുമ്പോള്‍ ഇല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ രാജാന്‍സ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സ്വയം വിശേഷിപ്പിക്കുന്നത് സ്വയംസേവക് എന്നാണ്.