സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്‍. ഫേസ്ബുക്കിലൂടെയാണ് വിവാദത്തില്‍ തെറ്റിദ്ധാരണയായിരുന്നു കാരണമെന്നും അത് പരിഹരിച്ചുവെന്നും താരം അറിയിച്ചത്.
ചിത്രത്തിന്റെ നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്നും ചിത്രത്തിലെ അഭിനയത്തിന് തനിക്ക് മാന്യമായ വേതനം ലഭിച്ചുവെന്നും സാമുവല്‍ പറഞ്ഞു. സംഭവിച്ചത് ആശയവിനിമയത്തില്‍ പറ്റിയ പാളിച്ചയാണ്. വംശീയവിദ്വേഷമെന്ന ആരോപണം തെറ്റിദ്ധാരണ കൊണ്ടാണ് പറഞ്ഞത്. അതിന് കേരളത്തിലെ ജനങ്ങളോട് ക്ഷമ ചോദിക്കുകയാണ്. കേരളത്തില്‍ വംശീയവിവേചനം ഇല്ലെന്നും സൗഹാര്‍ദ്ദപരമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും സാമുവല്‍ വ്യക്തമാക്കി.
തനിക്ക് അര്‍ഹിച്ച പ്രതിഫലം കിട്ടാതിരുന്നത് പ്രോഡ്യൂസേഴ്‌സിന്റെ വംശീയപ്രശ്‌നം മൂലമാണെന്ന് പറഞ്ഞെഴുതിയ തന്റെ ഫേസ്ബുക്ക് പോസ്റ്റ് സാമുവല്‍ റോബിന്‍സണ്‍ പിന്‍വലിച്ചു. ഇത് സംബന്ധിച്ചെഴുതി എല്ലാ പോസ്റ്റുകളും സാമുവല്‍ പിന്‍വലിച്ചു. സിനിമയില്‍ അഭിനയിച്ചതിന് കൂടുതല്‍ പണം നിര്‍മ്മാതാക്കള്‍ കൊടുക്കാമെന്ന വാഗ്ദാനം ലഭിച്ചതിനെ തുടര്‍ന്നാണ് സാമുവല്‍ തന്റെ പോസ്റ്റുകള്‍ പിന്‍വലിക്കാന്‍ തയ്യാറായത്.
തോമസ് ഐസക്കിനും മാധ്യമങ്ങള്‍ക്കും നന്ദിപറയുന്നതായും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഷൈജു ഖാലിദിനും സമീര്‍ താഹിറിനുമെതിരെ ഒരുതരത്തിലുമുള്ള വിദ്വേഷവും ആരും പ്രകടിപ്പിക്കരുതെന്നും സാമുവല്‍ അഭ്യര്‍ത്ഥിച്ചു. തനിക്ക് ലഭിച്ച തുകയില്‍ ഒരു ഭാഗം വംശീയതക്ക് എതിരെ പ്രവര്‍ത്തിക്കുന്ന സംഘടനക്ക് സംഭാവന നല്‍കിയതായും അദ്ദേഹം അറിയിച്ചു.