X

മടക്കാവുന്ന ഫോണുമായി സാംസങ്; ഗാലക്‌സി എക്‌സിന്റെ സവിശേഷതകള്‍ ഇങ്ങനെ

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മോഡലുകളില്‍ വ്യത്യസ്ത കൊണ്ടുവരാന്‍ ഓരോ ഫോണ്‍ നിര്‍മാതാക്കളും ശ്രമിക്കാറുണ്ട്. ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ് ഇതുപൊലൊരു വ്യത്യസ്തത പരീക്ഷിക്കാനൊരുങ്ങുകയാണ്.

ഗ്യാലക്‌സി എക്‌സാണ് ഏറ്റവും പുതുതായി പുറത്തിറങ്ങാനുള്ള സാംസങ് മോഡല്‍. മടക്കാന്‍ സാധിക്കുന്ന ഡിസ്‌പ്ലേ പാനലാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ സാംസങ് ഈ ഫോണിന്റെ വരവ് പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം തന്നെ ഫോണ്‍ വിപണിയിലെത്തുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ടെക്‌നോളജി വികസിപ്പിച്ചുവെന്നും വലിയ തോതില്‍ ഉല്‍പാദനം ഉടന്‍ നടത്തുമെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.

ഫോണ്‍ നേര്‍പകുതിയായി മടക്കാന്‍ സാധിക്കുമെന്നാണ് വിവരം. രണ്ടു തരത്തിലാണ് ഫോണ്‍ നിര്‍മാണം കമ്പനി ഉദ്ദേശിക്കുന്നത്. ഒന്ന് ഉള്ളിലേക്ക് മടങ്ങുന്നതും രണ്ടാമത്തേത് പുറത്തേക്ക് മടങ്ങുന്നതുമാണ്. നിവര്‍ത്തിയാല്‍ 7.3 ഇഞ്ചായിരിക്കും ഫോണിന്റെ വലിപ്പം. എന്നാല്‍ മടങ്ങിയിരിക്കുമ്പോള്‍ 4.5 ഇഞ്ചായിരിക്കും വലിപ്പം.

ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 3000 എം.എ.എച്ചിനും 6000 എം.എ.എച്ചിനും ഇടയിലാണ്. വി ആകൃതിയില്‍ സാംസങ് എസ്ഡിഐയാണ് ഈ ഫോണിന്റെ ബാറ്ററി നിര്‍മിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഒരു ലക്ഷം ഫോണുകള്‍ നിര്‍മിക്കാനാണ് കമ്പനി ഉദ്ദോശിക്കുന്നത്.

1,25,000 രൂപ (1850 ഡോളര്‍)യാണ് ഫോണിന് ഏകദേശം വില പ്രതീക്ഷിക്കുന്നത്. ഗ്യാലക്‌സി എസ് 10നൊപ്പം ഗാലക്‌സി എക്‌സും വിപണിയിലിറക്കാനാണ് കമ്പനി തീരുമാനം.

Watch Video: 

chandrika: