വര്‍ഗീയ പ്രസംഗത്തിന് ഷംസുദ്ദീന്‍ പാലത്തിനെതിരെ യുഎപിഎ ചുമത്തിയ സര്‍ക്കാരിന് അതേ പരാതിയില്‍ ശശികലക്കെതിരെയും യുഎപിഎ ചുമത്തുമോയെന്ന് സോഷ്യല്‍മീഡിയ.
ഹിന്ദു ഐക്യ വേദി നേതാവ് കെ.പി ശശികലക്കെതിരെ ഹൊസ്ദുര്‍ഗ് സ്വദേശി അഡ്വ. സി ഷുക്കൂറാണ് വിദ്വേശ പ്രചരണത്തിന് പരാതി നല്‍കിയത്. പബ്ലിക് പ്രോസിക്യൂട്ടര്‍ കൂടിയായ സി ഷുക്കൂര്‍ കാസര്‍കോട് ജില്ലാ പൊലീസ് ചീഫിനാണ് ശനിയാഴ്ച പരാതി നല്‍കിയത്. യൂട്യൂബില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത മൂന്നു പ്രസംഗങ്ങളുടെ സിഡിയടക്കമാണ് പരാതി നല്‍കിയത്.
സാധാരണക്കാരായ ഹിന്ദുമത വിശ്വാസികളെ പ്രകോപിതരാക്കുന്ന തരത്തില്‍ പൊതുവേദികളില്‍ പ്രസംഗിക്കുന്ന, മതവിശ്വാസികള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള വിഡിയോകളാണ് പൊലീസ് അധികാരിക്ക് നല്‍കിയിരിക്കുന്നത്. ഇത്തരം പ്രസംഗങ്ങള്‍ ആവര്‍ത്തിക്കുന്നത് മതേതര ജനാധിപത്യ സമൂഹത്തിന് ഗുണകരമല്ലെന്നും നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഇത്തരം പ്രസംഗങ്ങള്‍ക്കെതിരെ നടപടി വേണമെന്നും പരാതിയിലുണ്ട്.
ഷംസുദ്ദീന്‍ പാലത്തിനെതിരെയും നടപടിയാവശ്യപ്പെട്ട് പരാതി നല്‍കിയത് ഷുക്കൂര്‍ തന്നെയായിരുന്നു. ഈ പരാതിയില്‍ പ്രാസംഗികനെതിരെ യുഎപിഎ ചുമത്തി അന്വേഷണത്തിനുത്തരവിടുകയും ചെയ്തു. ഇതേ പരാതിയില്‍ ശശികലക്കെതിരെ എന്ത് നടപടിയെടുക്കുമെന്നാണ് സോഷ്യല്‍മീഡിയയുടെ ചോദ്യം.