മാഡ്രിഡ്: അര്‍ജന്റീനയുടെ പുതിയ പരിശീലകനായി ഹോര്‍ഹെ സാംപൗളിയെ നിയമിക്കുന്നതു സംബന്ധിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനും സ്പാനിഷ് ക്ലബ്ബ് സെവിയ്യയും തമ്മില്‍ ധാരണയിലെത്തി. ക്ലബ്ബുമായുള്ള കരാറില്‍ നിന്ന് സാംപൗളിക്ക് വിടുതല്‍ നല്‍കുന്ന കാര്യത്തില്‍ തത്വത്തില്‍ തീരുമാനമായതായും ജൂണ്‍ ഒന്ന് വ്യാഴാഴ്ചയായിരിക്കും ഇതുസംബന്ധിച്ച രേഖകളില്‍ ഇരുകക്ഷികളും ഒപ്പുവെക്കുകയെന്നും സെവിയ്യ ക്ലബ്ബ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കരാര്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് സാംപൗളിയെ ഏറ്റെടുക്കുന്നതിന്, കരാര്‍ പ്രകാരമുള്ള തുക അര്‍ജന്റീന ക്ലബ്ബിന് നല്‍കേണ്ടിവരും.
ഹോര്‍ഹെ സാംപൗളിയുടെ പ്രതിനിധിയായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ആണ് സെവിയ്യയുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ സാമ്പത്തിക കാര്യങ്ങള്‍ വിഷയമായിട്ടില്ലെന്നും എത്തിച്ചേര്‍ന്ന ധാരണയില്‍ ഇരുകക്ഷികളും സംതൃപ്തരാണെന്നും സെവിയ്യ വ്യക്തമാക്കി.
ലോകകകപ്പ് യോഗ്യതാ റൗണ്ടിലെ മോശം പ്രകടനത്തെ തുടര്‍ന്ന് എഡ്വാര്‍ഡോ ബൗസയെ പുറത്താക്കിയാണ് അര്‍ജന്റീന ഹോര്‍ഹെ സാംപൗളിയെ ചുമതല ഏല്‍പ്പിക്കുന്നത്. ദക്ഷിണ അമേരിക്കന്‍ മേഖലയിലെ യോഗ്യതാ റൗണ്ടില്‍ നാല് മത്സരങ്ങള്‍ മാത്രം ശേഷിക്കെ അഞ്ചാം സ്ഥാനത്താണ് അര്‍ജന്റീന. ആദ്യ നാല് സ്ഥാനക്കാര്‍ക്ക് മാത്രമാണ് ഈ മേഖലയില്‍ നിന്ന് നേരിട്ട് യോഗ്യത നേടാനാവുക. അഞ്ചാം സ്ഥാനക്കാര്‍ക്ക് അന്താരാഷ്ട്ര പ്ലേ ഓഫ് കളിക്കേണ്ടി വരും. 22 പോയിന്റുള്ള അര്‍ജന്റീനക്ക് തൊട്ടുപിന്നില്‍ 20 പോയിന്റോടെ ഇക്വഡോര്‍ ഉള്ളതിനാല്‍ 2014-ലെ ഫൈനലിസ്റ്റുകളുടെ നില ആശങ്കയിലാണ്. ഇനിയുള്ള മത്സരങ്ങളില്‍ ഉറുഗ്വേയെയും ഇക്വഡോറിനെയും അവരുടെ തട്ടകങ്ങളിലും വെനിസ്വെല, പെറു എന്നിവരെ സ്വന്തം ഗ്രൗണ്ടുകളിലുമാണ് അര്‍ജന്റീനക്ക് നേരിടാനുള്ളത്.
അര്‍ജന്റീന പൗരനായ ഹോര്‍ഹെ സാംപൗളിക്ക് കീഴിലാണ് ചിലി 2015 കോപ അമേരിക്ക സ്വന്തമാക്കിയത്. ആക്രമണാത്മക ഫുട്‌ബോളിന്റെ വക്താവായ 57-കാരന്റെ പരിശീലനത്തില്‍ സെവിയ്യ കഴിഞ്ഞ സീസണില്‍ സ്പാനിഷ് ലീഗില്‍ നാലാം സ്ഥാനം സ്വന്തമാക്കിയിരുന്നു.