X

‘സ്‌കൂള്‍ ബസ് ആക്രമിച്ചത് മുസ്‌ലിം സംഘടന ആയിരുന്നെങ്കില്‍ ഇങ്ങനെയായിരിക്കുമോ നിലപാട്’; മോദിക്കെതിരെ നടന്‍ സമീര്‍ സോണി

ന്യൂഡല്‍ഹി: പദ്മാവത് സിനിമക്കെതിരെ പ്രതിഷേധമെന്ന പേരില്‍ ഹരിയാനയിലും മറ്റും കര്‍ണിസേന നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ നടന്‍ സമീര്‍ സോണി.

കര്‍ണിസേനക്കു പകരം ഏതെങ്കിലും മുസ്‌ലിം സംഘടനയായിരുന്നു സ്‌കൂള്‍ ബസിനു നേരെ ആക്രമണം നടത്തിയതെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രസര്‍ക്കാറിന്റെയും പ്രതികരണം ഇത്തരത്തിലായിരിക്കുമോയെന്ന് അദ്ദേഹം ചോദിച്ചു.

‘ എനിക്ക് നിസാരമായ ചില ചോദ്യങ്ങളാണ് ചോദിക്കാനുള്ളത്. ഇത് ഒരു സിനിമയെ സംബന്ധിച്ച വിഷയമോ സംസ്‌കാരം സംബന്ധിച്ച കാര്യമോ മാത്രമല്ല. ഇത് ക്രമസമാധാന പ്രശ്‌നമാണ്. കര്‍ണിസേനക്ക് പകരം മറ്റേതെങ്കിലും ഇസ്‌ലാമിക് സംഘടനകളായിരുന്നു ഇത് ചെയ്തതെങ്കില്‍ അവര്‍ക്കെതിരെ നിങ്ങള്‍ നടപടി എടുക്കുമായിരുന്നോ ഇല്ലയോ? അതിന് ഉത്തരം പറഞ്ഞേ തീരൂ, സമീര്‍ ചോദിക്കുന്നു. അവര്‍ നിയമം കൈയിലെടുക്കുകയായിരുന്നുവെന്ന് എല്ലാവരും തീര്‍ത്ത് പറയില്ലെ?’ സമീര്‍ ചോദിച്ചു.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങള്‍ കര്‍ണിസേന പ്രദര്‍ശിപ്പിക്കുന്നത് വിലക്കി കൊണ്ട് ഉത്തരവിറിക്കിയപ്പോഴും സമീര്‍ സോണി രംഗത്തു വന്നിരുന്നു. സംസ്ഥാനങ്ങള്‍ക്ക് ഒരു സിനിമ വിലക്കാനുള്ള അധികാരമുണ്ടെങ്കില്‍ പിന്നെ സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം ഇല്ലെന്നാണ് സമീര്‍ സോണി പറഞ്ഞത്.

കര്‍ണിസേനയുടെ ആക്രമണത്തിനെതിരെ നടനും സംവിധായകനും ഗായകനുമായ ഫര്‍ഹാന്‍ അക്തറും രംഗത്തുവന്നു. സ്‌കൂള്‍ ബസിനു നേരെ ആക്രമണം നടത്തുന്നത് സമരരീതിയില്ല. അത് തീവ്രവാദമാണ്. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം തീവ്രവാദികളാണെന്നും ഫര്‍ഹാന്‍ അക്താര്‍ ട്വിറ്ററില്‍ കുറിച്ചു.

chandrika: