X
    Categories: CultureMoreViews

ഗോവയില്‍ അങ്ങനെ, കര്‍ണാടകയില്‍ ഇങ്ങനെ: ഒരേ സാഹചര്യത്തില്‍ വിരുദ്ധ വിധികള്‍ നല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരണവുമായി മുന്നോട്ടു പോകാമെന്ന് സുപ്രീം കോടതി വിധി പറഞ്ഞപ്പോള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വാദം കേള്‍ക്കാതെ മാറിനിന്നത് ശ്രദ്ധേയമായി. 116 എം.എല്‍.എമാരുടെ പിന്തുണ ബോധ്യപ്പെടുത്തിയ കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യത്തെ അവഗണിച്ച് കേവല ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ വാജുഭായ് വാലയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയിലാണ് അര്‍ധരാത്രി മൂന്നംഗ ബെഞ്ച് വിധി പറഞ്ഞത്. കോണ്‍ഗ്രസിന്റെ ഹര്‍ജി തള്ളുന്നില്ലെന്നും എന്നാല്‍ സത്യപ്രതിജ്ഞയുമായി മുന്നോട്ടു പോകാമെന്നും ജസ്റ്റിസുമാരായ എ.കെ സിക്രി, എ. ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

ഗോവയില്‍ സമാനമായ സാഹചര്യത്തില്‍ വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ തള്ളി ബി.ജെ.പി നിര്‍മിച്ച മുന്നണിക്ക് സര്‍ക്കാറുണ്ടാക്കാമെന്ന് ചീഫ് ജസ്റ്റിസായിരുന്ന ജെ.എസ് ഖേഹര്‍ അധ്യക്ഷനായ ബെഞ്ച് വിധിച്ചിരുന്നു. അന്ന് ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് കോടതിയെ സമീപിച്ചപ്പോഴായിരുന്നു ഇത്. ബി.ജെ.പിയുടെ മനോഹര്‍ പരീക്കറിന് സര്‍ക്കാര്‍ രൂപീകരണവുമായി മുന്നോട്ടു പോകാമെന്നും ഭൂരിപക്ഷം സഭയില്‍ തെളിയിച്ചാല്‍ മതിയെന്നുമായിരുന്നു ജെ.എസ് ഖേഹര്‍, രഞ്ജന്‍ ഗോഗോയ്, ആര്‍.കെ അഗര്‍വാള്‍ എന്നിവരടങ്ങുന്ന ബെഞ്ച് 2017 മാര്‍ച്ച് 13 ന് വ്യക്തമാക്കിയത്.

അര്‍ധരാത്രി ഒരു മണിക്കാണ് കര്‍ണാടക ഗവര്‍ണറുടെ തീരുാനത്തിനെതിരായ കോണ്‍ഗ്രസിന്റെ ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീഫ് ജസ്റ്റിസിന്റെ വീട്ടിലേക്ക് വരാതിരിക്കാനായി പൊലീസ് ബാരിക്കേഡുകള്‍ ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസ് സുപ്രീം കോടതി രജിസ്ട്രാര്‍ മുഖേന കേസ് ഫയല്‍ ചെയ്തപ്പോള്‍, പ്രമുഖ ജഡ്ജിമാരെ മാറ്റി നിര്‍ത്തി താരതമ്യേന ജൂനിയറായ മൂന്നംഗ ബെഞ്ചിനെ അദ്ദേഹം തന്നെ വാദംകേള്‍ക്കാന്‍ ദീപക് മിശ്ര നിശ്ചയിക്കുകയായിരുന്നു. നിര്‍ണായകമായ കേസായിട്ടും ചീഫ് ജസ്റ്റിസ് മാറിനിന്നത് വിചിത്രമായി.

കേവല ഭൂരിപക്ഷത്തിന് 112 സീറ്റുകള്‍ ആവശ്യമായിരിക്കുകയും കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യം അത് അവകാശപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ വെറും 104 സീറ്റുള്ള ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത് ഭരണഘടനയോടുള്ള വെല്ലുവിൡയാണെന്ന് കോണ്‍ഗ്രസിനു വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വി വാദിച്ചു. എന്നാല്‍, ബി.ജെ.പി സത്യപ്രതിജ്ഞ ചെയ്താല്‍ ആകാശം ഇടിഞ്ഞുവീഴില്ലെന്നും ഭൂരിപക്ഷം പിന്നീട് തെളിയിച്ചു കൊള്ളുമെന്നും ബി.ജെ.പിക്കു വേണ്ടി ഹാജരായ കെ.കെ വേണുഗോപാല്‍, തുഷാര്‍ മേത്ത, മുകുള്‍ റോഹത്ഗി എന്നിവര്‍ വാദിച്ചു.

കോണ്‍ഗ്രസ്-ജെ.ഡി.യു സഖ്യം ഭൂരിപക്ഷം അവകാശപ്പെടുമ്പോള്‍ ബി.ജെ.പിയുടെ അവകാശവാദത്തിന് പ്രസക്തിയെന്ത് എന്ന് കോടതി ചോദിച്ചെങ്കിലും ഗവര്‍ണറുടെ വിചിത്ര തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് പറഞ്ഞൊഴിയുകയായിരുന്നു. രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും തീരുമാനങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനാവില്ലെന്ന ഭരണഘടനാ വകുപ്പുദ്ധരിച്ചായിരുന്നു കോടതിയുടെ നടപടി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: