X
    Categories: MoreViews

സംബ്രോട്ടയുടെ സൂപ്പര്‍ പ്ലാന്‍, അനസിന്റെ പ്രതിരോധ കോട്ട

കമാല്‍ വരദൂര്‍

ജിയാന്‍ ലുക്കാ സംബ്രോട്ടെ എന്ന ഡല്‍ഹി ഡൈനാമോസിന്റെ ഇറ്റാലിയന്‍ കോച്ചിനാണ് ഫുള്‍ മാര്‍ക്ക്. തന്റെ രണ്ട് അതിവേഗ അസ്ത്രങ്ങളെ രണ്ടാം പകുതിയിലേക്ക് മാറ്റി, അവരെ അറുപതാം മിനുട്ടില്‍ ഒരുമിച്ചിറക്കി ഗോവയെ തകര്‍ത്തുവിട്ട ഉഗ്രന്‍ പ്ലാന്‍. മാര്‍സലിനിയോ, കീന്‍ ലൂയിസ് എന്നീ രണ്ട് മിടുക്കരെ ഇറക്കിയതിന് ശേഷം നാല് മിനുട്ടിനിടെ പിറന്നത് രണ്ട് ഗോളുകള്‍. ഡല്‍ഹി നിരയിലെ ഉഗ്രപ്രതാപിയായ മാര്‍സലിനിയോ ഒരു ഗോള്‍ സ്വന്തം പേരില്‍ കുറിച്ചപ്പോള്‍ രണ്ടാം ഗോളിലേക്ക് സുന്ദരമായ പാസ് നല്‍കി റിച്ചാര്‍ഡ് ഗാഡ്‌സേക്ക് അവസരം നല്‍കിയതും ഈ യുവതാരം തന്നെ. സംബ്രോട്ടയുടെ സൂപ്പര്‍ പ്ലാന്‍, അനസിന്റെ  പ്രതിരോധ കോട്ട

കീന്‍ ലൂയിസാവട്ടെ ഇറങ്ങിയത് മുതല്‍ വിശ്രമമില്ലാതെ സ്വന്തം വിംഗിലൂടെ പറന്ന് നടന്ന് ഗോവക്കാരുടെ പ്രതിരോധം കീറിമുറിച്ചു. ഫത്തോര്‍ഡയില്‍ ഗോവക്കാര്‍ ചിത്രത്തിലുണ്ടായിരുന്നു ഒന്നാം പകുതിയില്‍-അവസരങ്ങള്‍ പലതും അവര്‍ തന്നെ തുലച്ചപ്പോള്‍ ഡല്‍ഹിയുടെ പ്രതിരോധ കോട്ട കാത്ത കൊണ്ടോട്ടിക്കാരന്‍ അനസ് എടത്തൊടിക ചങ്കുറപ്പില്‍ എല്ലാവരെയും പിടിച്ചുനിര്‍ത്തി-കളിയിലെ കേമന്‍പ്പട്ടവും അനസിനെ തേടിയെ ഇടത് വിംഗ് കാത്ത സൗമിക് ചക്രവര്‍ത്തിയും അപാര ഫോമിലായിരുന്നു. ജൂലിയോ സീസറായിരുന്നു ഗോവയുടെ തുരുപ്പ് ചീട്ട്-മനോഹരമായി കളിച്ച താരത്തിന് രണ്ടാ ം പകുതിയില്‍ പരുക്കേറ്റപ്പോള്‍ ഗോവയുടെ ചിറകൊടിഞ്ഞു.

റാഫേല്‍ കൊയ്‌ലോയും രാജു ഗെയ്ക്കാവദും റോമിയോ ഫെര്‍ണാണ്ടസുമെല്ലാം പാസിംഗ് ഫുട്‌ബോളിന്റെ സൗന്ദര്യം പ്രകടിപ്പിച്ചിട്ടും വലയിലേക്ക് പന്തിനെ പായിക്കാന്‍ ആരുമില്ലായിരുന്നു ഗോവക്കാര്‍ക്ക്. അതേ സമയം മാര്‍സലിനിയോ വന്നതോടെ ഡല്‍ഹിയാകെയങ്ങ് മാറി-ഒരു താരത്തിന്റെ സാന്നിദ്ധ്യം മൈതാനത്ത് വരുത്തുന്ന മാറ്റത്തിന്റെ പ്രസക്തി പ്രകടമായി കണ്ടത് ആ ഘട്ടത്തിലായിരുന്നു. സംബ്രോട്ടയിലെ കോച്ചിനറിയാമായിരുന്നു ഗോവക്കാര്‍ ക്ഷീണിതരാണെന്ന്. എവേ മല്‍സരമായിട്ട് കൂടി രണ്ട് മുന്‍നിരക്കാരെ ഒരുമിച്ചിറക്കാന്‍ അദ്ദേഹം കാട്ടിയ ധൈര്യത്തിന് അടുത്ത മിനുട്ടില്‍ തന്നെ മറുപടി നല്‍കിയ മാര്‍സലിനിയോ പെനാല്‍ട്ടി ബോക്‌സില്‍ കയറി രണ്ട് പേരെ ഡ്രിബിള്‍ ചെയ്താണ് ഇടത് കാലില്‍ അത്യുഗ്രന്‍ വോളി പായിച്ചത്.

നായകന്‍ മലൂദയുടെ അനുഭവസമ്പത്തും കൗശലവുമെല്ലാമായിരുന്നു ഗോള്‍ നമ്പര്‍ രണ്ടിന്റെ പിറകില്‍. പെനാല്‍ട്ടി ബോക്‌സില്‍ നിന്നും സ്വയം ഗോളടിക്കാന്‍ ശ്രമിക്കാതെ മാര്‍സലിനിയോക്ക് പന്ത്-അദ്ദേഹവും ഞാന്‍ തന്നെ ഗോള്‍വേട്ടക്കാരന്‍ എന്ന മനോഭാവം പുലര്‍ത്താതെ ഗാഡ്‌സേക്ക് പന്ത് നല്‍കുന്നു-കൂട്ടായ്മയുടെ സുന്ദരമായ നിമിഷത്തോടെ കളി പൂര്‍ണമായും ഗോവക്കാരെ കൈവിട്ടിരുന്നു. തലയും താഴ്ത്തിയ മടങ്ങിയ ഗോവന്‍ ആരാധകര്‍ക്ക് ഇനി പ്രതീക്ഷകള്‍ അധികമില്ല-സീക്കോയും ഖിന്നനാണ്. ഇനി രണ്ട് ദിവസം ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിയില്ല. അവസാന നാലില്‍ സ്ഥാനം നേടാനുളള തന്ത്രപ്പുരയിലാണ് ടീമുകളെല്ലാം

chandrika: