X

സംഭാല്‍: മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയിലേക്ക്

ലക്‌നോ: ഉത്തര്‍പ്രദേശിലെ സംഭാലിലുള്ള ഷാഹി ജമാ മസ്ജിദില്‍ സര്‍വേയ്ക്ക് അനുമതി നല്‍കിയ വിചാരണ കോടതി നടപടിക്കെതിരെ മസ്ജിദ് കമ്മിറ്റി വീണ്ടും ഹൈക്കോടതിയെ സമീപിക്കും. മസ്ജിദ് ക്ഷേത്രം തകര്‍ത്ത് നിര്‍മിച്ചതാണെന്നും ഇവിടെ സര്‍വേ നടത്താന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് ഹിന്ദുത്വര്‍ നല്‍കിയ ഹര്‍ജി അംഗീകരിച്ച ജില്ലാ കോടതി സര്‍വേക്കായി അഭിഭാഷക കമ്മീഷനെ നിയമിച്ചിരുന്നു. സര്‍വേക്കെത്തിയ അഭിഭാഷക കമ്മീഷനും തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകരും ജയ് ശ്രീറാം വിളിച്ച് എത്തിയതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധിച്ചത് അക്രമത്തില്‍ കലാശിച്ചിരുന്നു. പൊലീസിന് നേരെ കല്ലേറ് നടത്തിയെന്നാരോപിച്ച് നടത്തിയ വെടിവെപ്പില്‍ അഞ്ച് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. അടുത്ത ഏതാനും ദിവസത്തിനകം ഹൈക്കോടതിയെ സ മീപിക്കുമെന്ന് മസ്ജിദ് കമ്മിറ്റി അധ്യക്ഷന്‍ സഫര്‍ അലി അറിയിച്ചു.

ജില്ലാ കോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി സര്‍വേക്ക് സ്‌റ്റേ അനുവദിച്ചിരുന്നു. മസ്ജിദ് കമ്മിറ്റിയോട് ഹൈ ക്കോടതിയെ സമീപിക്കാനും ആവശ്യപ്പെട്ടിരുന്നു. അതേ സമയം ഇന്നലെ സംഭാല്‍ സന്ദര്‍ശിക്കാനുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിന്റെ ശ്രമം പൊലീസ് തടഞ്ഞു. നവംബര്‍ 24ന് സംഭാലിലെ മുഗള്‍ ഭരണ കാലത്തെ ജമാ മസ്ജിദില്‍ സര്‍വേ നടക്കുന്നതിനിടെ പ്രദേശവാസികള്‍ പൊലീസിന് നേരെ കല്ലെറിഞ്ഞുവെന്നാരോപിച്ചാണ് പൊലീസ് വെടിവെപ്പ് നടത്തിയത്. വെടിവെപ്പില്‍ അഞ്ച് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു.

 

webdesk17: