X
    Categories: indiaNews

‘കോവിഡ് ബാധിച്ച് മരിക്കുന്നവര്‍ ജീവിക്കാന്‍ യോഗ്യരല്ലാത്തവര്‍’; സംഘ്പരിവാര്‍ നേതാവിന്റെ പ്രസ്താവന വിവാദത്തില്‍

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ വൈറസ് ബാധയേറ്റ് മരണപ്പെട്ടവരെ അപഹസിച്ച് സംഘ്പരിവാര്‍ നേതാവും ഹിന്ദുത്വ സംഘടനയായ ശിവ് പ്രതിഷ്താന്‍ ഹിന്ദുസ്ഥാന്‍ പ്രസ്ഥാനത്തിന്റെ തലവനുമായ സംഭാജി ഭിദെ. ‘കോവിഡ് ബാധിച്ച് മരിക്കുന്നവര്‍ ജീവിക്കാന്‍ യോഗ്യരല്ലാത്തവരെ’ന്നാണ് സംഭാജി ഭിദെ അപഹസിച്ചത്.

”മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. എന്നാല്‍, കൊറോണ ഒരു രോഗമല്ല, അതൊരു മാനസിക രോഗമാണ്. ജീവിക്കാന്‍ യോഗ്യതയില്ലാത്തവരാണ് കൊറോണ ബാധിച്ച് മരിക്കുന്നത്. കൊറോണയെ പ്രതിരോധിക്കാനായി ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ വിഡ്ഢിത്തരമാണ്” സംഭാജി ഭിദെ പറഞ്ഞു.

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം നിയന്ത്രണംവിട്ട അവസരത്തിലുള്ള സംഭാജി ഭിദെയുടെ പ്രസ്താവന പുതിയ വിവാദത്തിനാണ് തിരി കൊളുത്തിയത്.
2018 ഡിസംബര്‍ ഒന്നിലെ ഭീമാ കൊറേഗാവ് ദിനത്തില്‍ അക്രമം നടത്തിയ കേസില്‍ പ്രതിയായ സംഭാജി ഭിദെ, മഹാരാഷ്ട്രയില്‍ സംവരണ വിരുദ്ധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം മുതിര്‍ന്ന സംഘ്പരിവാര്‍ നേതാക്കള്‍ ആദരിക്കുന്ന നേതാവായ സംഭാജി, മുമ്പ് നടത്തിയിട്ടുള്ള പ്രസ്താവനകള്‍ വിവാദത്തില്‍ കലാശിച്ചിരുന്നു.മതേതരത്വം രാജ്യത്തെ തകര്‍ക്കുമെന്നും രാജ്യം മുഴുവന്‍ ഹിന്ദു സംസ്‌കാരം സ്വീകരിക്കണമെന്നും സംഭാജി ആഹ്വാനം ചെയ്തിരുന്നു.

 

Test User: