X

സമസ്ത സംസ്ഥാന പ്രസിഡന്റ് എ.പി മുഹമ്മദ് മുസ്‌ലിയാര്‍ അന്തരിച്ചു

മണ്ണാര്‍ക്കാട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് മണ്ണാര്‍ക്കാട് കുമരംപുത്തൂരിലെ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ (78) അന്തരിച്ചു. പാലക്കാട് തച്ചമ്പാറയിലെ ഇസാഫ് ആശുപത്രിയില്‍ ബുധനാഴ്ച അര്‍ധരാത്രി 12.45 നായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് (വ്യാഴാഴ്ച) കുമരംപുത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെ അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന്  ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കുമരംപുത്തൂര്‍ ആമ്പാടത്ത് പുന്നപ്പാടത്ത് മുഹമ്മദ് എന്ന കുഞ്ഞിപ്പു മുസ്‌ലിയാരുടെയും പെരുമണ്ണില്‍ ആമിനയുടെയും മകനാണ്.

 
ദീര്‍ഘകാലം സമസ്ത കേന്ദ്ര മുശാവറ അംഗവും, സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന മുഹമ്മദ് മുസ്‌ലിയാര്‍ 2016 ജൂണ്‍ ഒന്നിനാണ് സമസ്തയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ 22 വര്‍ഷമായി പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളെജില്‍ സേവനം അനുഷ്ഠിച്ചു വരുന്ന മുസ്‌ലിയാര്‍ സമസ്ത പ്രസിഡന്റും, ജാമിഅ നൂരിയ വൈസ് പ്രസിഡന്റുമായിരുന്ന കാളമ്പാടി ഉസ്താദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് നൂരിയ വൈസ് പ്രസിഡന്റായത്.

പുരാതന പണ്ഡിത കുടുംബമായ കുമരംപുത്തൂര്‍ ആമ്പാടത്ത് തറവാട്ടിലെ അംഗമായ മുഹമ്മദ് മുസ്‌ലിയാര്‍ ആദ്യകാലത്ത് മതവിദ്യാഭ്യാസം ആരംഭിച്ചത് പിതൃസഹോദരന്‍ വീരാന്‍കുട്ടി മുസ്‌ലിയാരുടെ കീഴിലായിരുന്നു. ഭാര്യ പിതാവ് ആമ്പാടത്ത് മുഹമ്മദ് എന്ന കുഞ്ഞിപ്പ മുസ്‌ലിയാര്‍, പോത്തന്‍ അബ്ദുല്ല മുസ്‌ലിയാര്‍, മണ്ണാര്‍ക്കാട് കുഞ്ഞായീന്‍ മുസ്‌ലിയാര്‍ എന്നിവരുടെ കീഴിലാണ് ദര്‍സ്സ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ജാമിഅ നൂരിയയുടെ ആദ്യ സനദ്ദാന സമ്മേളനത്തില്‍ ഫൈസി ബിരുദം സ്വീകരിച്ച പണ്ഡിതനാണ്.

ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍ എന്നിവരുടെ കീഴിലാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. പഠന ശേഷം മണലടി, വളളുവമ്പൂഴ, കുളപ്പറമ്പ്, പാണ്ടിക്കാട് ഒറവമ്പുറം, ഏപ്പിക്കാട്, മലപ്പുറം ഇരുമ്പുഴി, ആലത്തിയൂര്‍പടി, പാലക്കാട് ജന്നത്തുല്‍ ഉലും, കാളികാവ് പളളിശ്ശേരി, നന്തി ദാറുസ്സലാം, കാരത്തൂര്‍ ജാമിഅ ബദരിയ്യ, ചെമ്മാട്, കണ്ണൂര്‍ കൈകോട്ടുകടവ്, മടവൂര്‍ സി.എം മഖാം എന്നിവിടങ്ങളില്‍ മുദരിസും ഖാസിയുമായി സേവനം അനുഷ്ഠിച്ചു.

 
മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, സമസ്ത മുശാവറ അംഗം എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ ശിക്ഷന്‍മാരില്‍ പ്രധാനികളാണ്. 1995 മുതല്‍ സമസ്ത കേന്ദ്ര മുശാവറ അംഗം, 2012 – 2016 വരെ സമസ്ത സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്, സമസ്ത ഫത്‌വ് കമ്മിറ്റി അംഗം, സമസ്ത പാഠപുസ്തക സമിതി അംഗം, സമസ്ത പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ്, മണ്ണാര്‍ക്കാട് താലൂക്ക് പ്രസിഡന്റ്, നാട്ടുകല്‍ എന്‍.ഐ.സി ജനറല്‍ സെക്രട്ടറി, മണ്ണാര്‍ക്കാട് ദാറുന്നജാത്ത് വര്‍ക്കിങ് പ്രസിഡന്റ്കൂടാതെ ദീര്‍ഘകാലമായി കുമരംപുത്തൂര്‍ മഹല്ല് കമ്മിറ്റി പ്രസിഡന്റുമാണ്.

 

ഭാര്യ: ആമ്പാടത്ത് ഫാത്തിമ്മ. മക്കള്‍: അസ്മ, അബ്ദുള്‍ റഹിമാന്‍ ദാരിമി (തിരൂര്‍ പകര ജുമാമസ്ജിദ്), അബ്ദുള്‍ റഹീം ഫൈസി (കൊപ്പം ജുമാമസ്ജിദ്), ഖദീജ, അബ്ദുള്‍ ജലീല്‍ ഫൈസി(അമ്മിനിക്കാട് ജുമാമസ്ജിദ്), ആമിന, അബ്ദുള്‍ വാജിദ് ഫൈസി (തൃശൂര്‍ കേച്ചേരി ജുമുഅ മസ്ജിദ്), ആയിഷ, അബ്ദുള്‍ ഫത്താഹ് ഫൈസി (അമ്മിനിക്കാട് പളളി), അബ്ദുള്‍ റാഫി ഫൈസി (ചേലേമ്പ്ര ജുമാമസ്ജിദ്),

 

അബ്ദുള്‍ ബാസിത്ത് ഫൈസി (പളളിക്കുന്ന് ദാറുല്‍ ഹുദാ), ഉമ്മുസുലൈ, സൈനബ, അബ്ദുള്‍ നാഫി (വിദ്യാര്‍ഥി പട്ടിക്കാട് ജാമിഅ നൂരിയ്യ). മരുമക്കള്‍: മുഹമ്മദാലി ഫൈസി കുമരംപുത്തൂര്‍, ഹംസ ഫൈസി അമ്പാഴക്കോട്, ഉണ്ണീന്‍കുട്ടി ഹാജി കുമരംപുത്തൂര്‍, അബ്ദുള്‍ മജീദ് റഹ്മാനി കൂട്ടില്‍, അബൂബക്കര്‍ ഫൈസി കൊമ്പംക്കല്ല്, ഷൗക്കത്തലി അന്‍വരി അമ്പാഴക്കോട്, മൈമൂന തിരൂര്‍ക്കാട്, മുനീറ ഒലിപ്പുഴ, നജീബ പനങ്ങാങ്ങര, ശമീമ തെയ്യോട്ടുചിറ, നസീറ മുണ്ടെക്കാരാട്, സലീമ പാലക്കോട്, മാജിദ അരിപ്ര.

chandrika: