X

യുക്തിയനുസരിച്ച് മതനിയമങ്ങളെ കണ്ടെത്തുന്നത് ഇസ്‌ലാമികരീതിയല്ലെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: കേവലം യുക്തിയനുസരിച്ച് മതനിയമങ്ങളെ കണ്ടെത്തുന്നത് ഇസ്‌ലാമിന്റെ രീതിയല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഹദീസ് നിഷേധം മതനിരാസത്തിലേക്ക് എത്തിക്കും. കേരളത്തിലെ നവീനവാദികളില്‍ പലരും ഹദീസ് നിഷേധ ആശയങ്ങളെ പിന്തുടര്‍ന്നവരുന്നു. മതവിധികള്‍ മനുഷ്യയുക്തി ഉപയോഗിച്ചല്ല കണ്ടത്തേണ്ടത്. ഇസ്‌ലാമിന്റെ തനിമ നിലനിര്‍ത്തുകയാണ് സമസ്ത ഇക്കാലം വരെ ചെയ്തിട്ടുള്ളത്. കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്‌ലാമിനെ തകര്‍ക്കുന്നതിനായി പ്രമാണങ്ങളില്‍ കൈവെക്കുക എന്നതായിരുന്നു എല്ലാ മതവിരുദ്ധരും ചെയ്തിരുന്നത്. ഖുര്‍ആന്‍ തന്നിഷ്ടം പോലെ വ്യാഖ്യാനിക്കുന്നതിന് തടസ്സമാവുന്നതിനാല്‍ ഹദീസിനെതിരെ തിരിയുകയും ചെയ്തു. അത് എളുപ്പമാക്കാന്‍ സ്വഹാബത്തിനെയും നവീനവാദികള്‍ തള്ളിപ്പറഞ്ഞു. മുസ്‌ലിംകളെ പാര്‍ശ്വവല്‍ക്കരിക്കുന്നവരുമായി സഹകരണം പ്രഖ്യാപിക്കുന്നവര്‍ രാജ്യത്തെയും രാജ്യപാരമ്പര്യത്തെയും ഒറ്റുകൊടുക്കുന്നവരാണ്.
രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിനും മതേതര സ്വഭാവം നിലനിര്‍ത്തുന്നതിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വഹിച്ച പങ്ക് നിസ്തുലമാണ്. രാജ്യപുരോഗതിക്ക് മൂല്യാധിഷ്ഠിത പിന്തുണയാണ് പ്രധാനമായും വേണ്ടത്. രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സമസ്ത ഏകദേശം നൂറോളം വര്‍ഷങ്ങള്‍ പ്രയത്‌നിക്കുകയും പൂര്‍ണ പിന്തുണ കൊടുക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ മതേതരത്വത്തിനും ഐക്യത്തിനും വളര്‍ച്ചയ്ക്കും സമസ്ത നല്‍കിയ പിന്തുണ അനിര്‍വചനീയമാണ്. ഇക്കാലമത്രയും മതസൗഹാര്‍ദത്തിനും രാജ്യപുരോഗതിക്കുമെതിരായ ഒരു പ്രവര്‍ത്തനവും സമസ്തയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
സമസ്തയെന്ന സംഘശക്തിയെ തകര്‍ക്കാന്‍ ആര്‍ക്കുമാവില്ല. മഹാന്‍മാരായ പൂര്‍വികര്‍ സ്ഥാപിച്ച ഇലാഹിയ്യായ സംഘടനയാണ് സമസ്ത. സ്വഹാബത്തിന്റെയും താബിഉകളുടെയും പാത പിന്തുടര്‍ന്നാണ് കഴിഞ്ഞ നൂറോളം വര്‍ഷങ്ങള്‍ സമസ്ത ഇവിടെ ലക്ഷ്യം സാധ്യമാക്കി വരുന്നത്. കേരളീയ മുസ്‌ലിം സമുദായത്തില്‍ അനൈക്യം സൃഷ്ടിച്ച് കടന്നുവന്ന ബിദഈ, നവീനവാദികളെ പ്രതിരോധിക്കാന്‍ കൂടിയാണ് സമസ്ത രൂപീകൃതമാകുന്നത്. അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയങ്ങളെ പ്രചരിപ്പിക്കുകയും അതിനെതിരേ വരുന്ന ബിദഈ പ്രസ്ഥാനങ്ങളെ പ്രതിരോധിക്കുകയും ചെയ്തു. അദൃശ്യജ്ഞാനം (ഇല്‍മുല്‍ ഗൈബ്), തവസ്സുല്‍, ഇസ്തിഗാസ, ഖബര്‍ സിയാറത്ത്, ഖുതുബ പരിഭാഷ തുടങ്ങിയവയ്‌ക്കെതിരായ വാദങ്ങള്‍ തള്ളിക്കളയണം. ജിഫ്രി തങ്ങള്‍ പറഞ്ഞു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തീവ്രവാദത്തെ എതിര്‍ക്കാന്‍ മുസ്‌ലിം വേഷധാരിയെ ചിത്രീകരിച്ചത് അപലപനീയമാണ്. ഇതിലൂടെ മുസ്‌ലിംകളെ അവമതിക്കുകയാണ് ചെയ്യുന്നത്. അറബിവേഷം ധരിപ്പിച്ച് ചിത്രീകരിച്ചത് അറബ് നാടുമായുള്ള ബന്ധത്തെ തകരാറിലാക്കുന്നതാണ്. ഇതൊക്കെ ആരുടെ ഭാഗത്തുനിന്നായാലും എതിര്‍ക്കപ്പെടേണ്ടതാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ പറയുന്ന മതേതരത്വവും മൗലികവകാശങ്ങളുമാണ് ഓരോ മതസമൂഹങ്ങള്‍ക്കും വ്യത്യസ്തമായ വ്യക്തിനിയമങ്ങള്‍ രൂപീകരിച്ചിരിക്കുന്നതിന്റെ അടിസ്ഥാനം. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതര സങ്കല്‍പം, എല്ലാ മതങ്ങള്‍ക്കും തുല്യമായ സ്ഥാനം ഉറപ്പുവരുത്തുക എന്നതാണ്. ഈ വ്യത്യസ്ത നിയമങ്ങള്‍ റദ്ദ് ചെയ്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് രാജ്യ പുഗോരതിയെ ബാധിക്കുമെന്നും അതില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

അടിക്കുറിപ്പ്
കോഴിക്കോട് സംഘടിപ്പിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആദര്‍ശസമ്മേളനത്തില്‍ ജനറല്‍സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷ പ്രസംഗം നിര്‍വ്വഹിക്കുന്നു.

 

Chandrika Web: