X

സമസ്ത നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ ആകില്ലെന്ന് സുപ്രീം കോടതി; സമസ്ത ഹര്‍ജി പിന്‍വലിച്ചു

കേന്ദ്ര സര്‍ക്കാരിന്റെ മുത്തലാഖ് ഓര്‍ഡിനന്‍സ് ബില്‍ ചോദ്യം ചെയ്ത് കൊണ്ട് സമസ്ത കേരള ജംയത്തുല്‍ ഉലമ നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഇതോടെ സമസ്ത ഹര്‍ജി പിന്‍വലിച്ചു.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഈമാസം അവസാനം ആരംഭിക്കുകയാണെന്നും അതോടെ ഓര്‍ഡിനന്‍സ് സ്വാഭാവികമായി ലാപ്‌സാകുമെന്നും കോടതി നിരീക്ഷിച്ചതോടെയാണിത്.

ഈ കാലയളവില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് വാദം കേള്‍ക്കാനുള്ള സമയമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ സമയങ്ങളില്‍ മുത്വലാഖിനെതിരെ ശിക്ഷാ നടപടിയെടുക്കാന്‍ പാടില്ലെന്ന് സമസ്തക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിനു മുന്‍പാകെ ആവശ്യപ്പെട്ടു.

ഈ ഓര്‍ഡിനന്‍സിനു പകരം പാര്‍ലമെന്റ് നിയമം പാസാക്കുകയോ പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചതിനു ശേഷം കേന്ദ്ര സര്‍ക്കാര്‍ ഇതേ ഓര്‍ഡിനന്‍സ് പുനര്‍വിജ്ഞാപനം നടത്തുകയോ ചെയ്യുന്നപക്ഷം അതു ചോദ്യംചെയ്തുകൊണ്ട് ഇതേ കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വാക്കാല്‍ പറഞ്ഞു. ഈ ഘട്ടത്തില്‍ ഹരജി പിന്‍വലിക്കുകയാണെന്ന് സമസ്തയുടെ അഭിഭാകന്‍ കോടതിയെ അറിയിക്കുകയായിരുന്നു.

chandrika: