കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ടായി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങളെയും ട്രഷററായി സി.കെ.എം സാദിഖ് മുസ്‌ലിയാരെയും തെരഞ്ഞെടുത്തു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ കോഴിക്കോട്ട് ചേര്‍ന്ന സമസ്ത മുശാവറാ യോഗമാണ് ഭാരവാഹികളെ നിശ്ചയിച്ചത്. കെ.പി അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാരെ (മീത്തബൈലു) വൈസ് പ്രസിഡണ്ടായും എം.ടി അബ്ദുല്ല മുസ്‌ലിയാരെ ജോ. സെക്രട്ടറിയായും തിരഞ്ഞെടുത്തു.
കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാരുടെയും കോട്ടുമല ടി.എം ബാപ്പുമുസ്്‌ലിയാരുടെയും നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനങ്ങളിലേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. നിലവില്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ ട്രഷററും എം.ടി അബ്ദുല്ല മുസ്്‌ലിയാര്‍ വൈസ് പ്രസിഡണ്ടുമായിരുന്നു.
സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷനു കീഴില്‍ ജംഇയ്യത്തുല്‍ ഖുതബാഇന് രൂപം നല്‍കാനും യോഗം തീരുമാനിച്ചു. മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അഗതി അനാഥമന്ദിരങ്ങളുടെയും നടത്തിപ്പിന് പ്രയാസം സൃഷ്ടിക്കാത്ത വിധം ജസ്റ്റിസ് ജുവനൈല്‍ ആക്ട് ഭേദഗതി വരുത്തണമെന്ന് സമസ്ത മുശാവറ ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗത പ്രഭാഷണവും റിപ്പോര്‍ട്ട് അവതരണവും നടത്തി.