X

അടവുനയത്തിന്റെ വിജയവും കോണ്‍ഗ്രസ് മുക്ത ഭാരതവും തുറന്നെഴുതി ആര്‍.എസ്.എസ് മുഖപത്രം

 

കോഴിക്കോട്: കേരളത്തില്‍ എല്‍.ഡി.എഫിന് അധികാര തുടര്‍ച്ച ലഭിച്ചത് കൃത്യമായ അടവു നയത്തിന്റെ ഭാഗമാണെന്ന് ആര്‍.എസ്.എസ് മുഖപത്രം. ഹിന്ദു വോട്ടും മുസ്്‌ലിം വോട്ടും ലക്ഷ്യമിട്ടുള്ള സി.പി.എമ്മിന്റെ അടവ് നയമാണ് ലക്ഷ്യം കണ്ടതെന്ന് വിലയിരുത്തുന്ന കേസരി കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് ഉമ്മന്‍ ചാണ്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ അതിവേഗം ബഹുദൂരം മുന്നേറുകയാണെന്ന് 2021 മെയ് 14 ലക്കത്തിലെ മറ്റൊരു ലേഖനത്തില്‍ സന്തോഷം പങ്കുവെക്കുന്നു.2016ല്‍ സരിതാ നായര്‍ ഉന്നയിച്ച, ഇനിയും തെറിയിക്കപ്പെടാത്ത ഏക അഴിമതിക്കേസില്‍ ജനരോഷം ഉയര്‍ത്തി അഴിമതി ഭരണത്തെ തോല്‍പ്പിച്ചു എന്ന് അവകാശപ്പെട്ട ഇടതുമുന്നണി, വസ്തുതാപരമായി തെളിയിക്കപ്പെട്ട തങ്ങളുടെ മന്ത്രിമാര്‍ ഉള്‍പ്പെട്ട ഡസന്‍ കണക്കിന് അഴിമതിക്കേസുകള്‍ തെരഞ്ഞെടുപ്പില്‍ ദോഷകരമായി ബാധിക്കാതെ എങ്ങനെയാണ് വന്‍വിജയം നേടിയതെന്ന് അവലോകനം ചെയ്യപ്പെടണം. 2016ല്‍ 91 സീറ്റുകളില്‍ വിജയിച്ച ഇടതുമുന്നണി പില്‍ക്കാലത്ത് കേരള കോണ്ഡഗ്രസ്സ്(എം), ലോക് താന്ത്രിക്ക് ജനതാ ദള്‍, ഐ.എന്‍.എല്‍ തുടങ്ങിയ പാര്‍ട്ടികളെ കൂടി ചേര്‍ത്ത് വിപുലീകരിച്ചു.

ഉപതെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റുകള്‍ കൂടി നേടുകയും മാണി വിഭാഗത്തിലെ മൂന്ന് അംഗങ്ങള്‍ ഇടതുമുന്നണിയുടെ ഭാഗമാകുകയും ചെയ്തു. ഇതോടെ എല്‍.ഡി.എഫ് അംഗങ്ങള്‍ 97 ആയി. ഹിന്ദു വര്‍ഗീയതയും ഫാസിസവും ഉയര്‍ത്തി മുസ്്‌ലിം സമൂഹത്തില്‍ ഭീതി ജനിപ്പിക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞു. ബോധപൂര്‍വ്വം, ദേവസ്വം മന്ത്രി കടകംപള്ളി ശബരിമലയില്‍ ക്ഷമാപണം നടത്തിയതോടെ യു.ഡി.എഫും ബി.ജെ.പിയും അതില്‍ കേന്ദ്രീകരിച്ചു. യഥാര്‍ത്ഥത്തില്‍ ഇടതു തന്ത്രത്തില്‍ പ്രതിപക്ഷം കുടുങ്ങി. കേരളത്തിലെ കോണ്‍ഗ്രസ്സ് രാഷ്ട്രീയം ഇന്ന് ഒരു വഴിത്തിരിവിലാണ്. ശബരിമല മുഖ്യ പ്രചാരണ വിഷയമാക്കിയിട്ടും ബി.ജെ.പി വിരോധം ഉയര്‍ത്തിക്കാണിച്ചിട്ടും എന്‍.എ.എസ് പരസ്യ പിന്തുണ ലഭിച്ചിട്ടും ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ കോണ്‍ഗ്രസ്സ് വിജയിച്ചില്ല. 2016ല്‍ ഒരു സീറ്റും 15.02 ശതമാനം വോട്ടും ലഭിച്ച ബി.ജെ.പി മുന്നണിക്ക് ഇത്തവണ 12.47 ശതമാനം വോട്ടായി കുറഞ്ഞു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ 4,29,834 വോട്ടുകളുടെ കുറവാണ് എന്‍.ഡി.എക്ക് 2021ല്‍ ഉണ്ടായത്. ഇടതുമുന്നണിക്ക് 7,08056 വോട്ടുകള്‍ കൂടി. കേരളത്തിലെ പുരോഗമന ബൗദ്ധിക ശക്തിയുടെ അടിത്തറ മദ്യവും മയക്കുമരുന്നുമാണ്. അതിന്റെ ഒഴുക്ക് തടയുന്നത് പുരോഗമന വാദികള്‍ പൊറുക്കില്ല. ഉമ്മന്‍ചാണ്ടി ഭരണം അവസാനിക്കുമ്പോള്‍ 29 ബാറുകള്‍ മാത്രമാണുണ്ടായിരുന്നത്. പിണറായി സര്‍ക്കാര്‍ അതു 632 ആയി ഉയര്‍ത്തി. മദ്യത്തിന്റെ ഒഴുക്ക് ത്വരിതപ്പെടുത്തിയ മദ്യനയം ഗുണം ചെയ്തു. മദ്യ-മാധ്യമ ബന്ധം അത്ര അടുപ്പമുള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

രണ്ടാമതെത്തിയ ഒമ്പത് മണ്ഡലങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പിയുടെ വിപുലമായ സാധ്യതകള്‍ വിലയിരുത്തുന്നത്. 20 പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി ആറ് വര്‍ഷം രാജ്യം ഭരിച്ച വാജ്പേയിയെ മാതൃകയാക്കി കേരളത്തിലും മുന്നണി രാഷ്ട്രീയം പരീക്ഷിക്കണമെന്നാണ് ലേഖകര്‍ ബി.ജെ.പിയെ ഉപദേശിക്കുന്നത്. കേരളത്തില്‍ പിണറായി അധികാരത്തില്‍ വന്നതോടെ ബി.ജെ.പിക്ക് വളരാനുള്ള വളക്കൂറുള്ള മണ്ണ് ലഭിച്ചതായി ലേഖനങ്ങള്‍ വിലയിരുത്തുന്നു. കോണ്‍ഗ്രസ് സംസ്‌കാരത്തില്‍ പാര്‍ട്ടി വളര്‍ത്താന്‍ ശ്രമിച്ചാല്‍ കേരളത്തില്‍ ഹിന്ദുത്വ രാഷ്ട്രീയം വളരില്ലെന്നും കഠിനപ്രയത്നം നടത്തി എല്ലാവരെയും പരിഗണിച്ച് മുന്നോട്ടു പോകണം. അധികാരത്തിലേക്ക് വളരാന്‍ ബി.ജെ.പിക്ക് ഇവിടെയും ഇടമുണ്ടെന്ന് കണക്കുകള്‍ നിരത്തി കവര്‍ സ്റ്റോറിയിലെ ലേഖനം സമര്‍ത്ഥിക്കുന്നു.

 

Test User: