X

കുടുംബ വഴക്ക് തീര്‍ന്നു; യു.പിയില്‍ ഇനി സീറ്റ് വിഭജന തര്‍ക്കം

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അഖിലേഷ് യാദവും പിതാവ് മുലായം സിങ് യാദവും തമ്മിലുള്ള തര്‍ക്കം അയഞ്ഞു വരുന്നതിനിടെ ഉത്തര്‍പ്രദേശില്‍ ഉടലെടുത്ത കോണ്‍ഗ്രസ്-സമാജ്‌വാദി പാര്‍ട്ടി സീറ്റു തര്‍ക്കത്തില്‍ പ്രിയങ്ക ഗാന്ധി ഇടപെടുന്നു. അഖിലേഷ് യാദവുമായി ചര്‍ച്ച നടത്തി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പ്രിയങ്ക ഗാന്ധിയുടെ ദൂതന്‍ ലക്‌നോവിലെത്തിയതായാണ് വിവരം.

കോണ്‍ഗ്രസിന്റെ ഒമ്പതു സിറ്റിങ് സീറ്റുകളില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്ത് വീണ്ടും പ്രതിസന്ധിയുണ്ടായത്. മുലായം സിങ് നല്‍കിയ 38 അംഗ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ചിലരെ മാത്രം ഒഴിവാക്കി 191 പേരുടെ സ്ഥാനാര്‍ത്ഥി പട്ടികയാണ് സമാജ്‌വാദി പാര്‍ട്ടി ഇന്നലെ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകള്‍ വിട്ടു തരണമെന്നും വിഭജന ചര്‍ച്ചകള്‍ വൈകാതെ പൂര്‍ത്തിയാക്കണമെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് ഇന്ന് അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബര്‍ മുതിര്‍ന്ന എസ്പി നേതാക്കളുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ തീരുമാനമാകാതെ പിരിയുകയായിരുന്നു.

ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് നാമ നിര്‍ദേശ പത്രിക നല്‍കാന്‍ നാലു ദിവസം മാത്രം ശേഷിക്കെയാണ് സീറ്റു വിഭജനം എങ്ങുമെത്താതെ നില്‍ക്കുന്നത്. സീറ്റു വിഭജനം സംബന്ധിച്ച് ഇന്നും സമവായത്തിലെത്താന്‍ സാധിച്ചില്ലെങ്കില്‍ ഒറ്റക്കു മത്സരിക്കുന്നതാണ് നല്ലതെന്ന് എസ്.പിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. സഖ്യ ചര്‍ച്ചകളില്‍ രാഹുല്‍ ഗാന്ധി നേരിട്ട് പങ്കെടുക്കാത്തതും എസ്പിയുടെ അതൃപ്തിക്കു കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്.

chandrika: