X

സമാജം യുവജനോത്സവം: ഐശ്വര്യ ഷൈജിത് കലാതിലകം

അബുദാബി മലയാളി സമാജം മൂന്ന് ദിവസങ്ങളിലായി നടത്തിയ യു.എ.ഇ ഓപ്പണ്‍ യുവജനോത്സവം സമാപിച്ചു. മൂന്ന് വേദികളിലായി മൂന്നുറിലധികം കുട്ടികള്‍ മാറ്റുരച്ച കലാമാമാങ്കം പ്രവാസികള്‍ക്ക് വേറിട്ട അനുഭവമായിരുന്നു.

നാടോടി നൃത്തം, ഭരതനാട്യം കുച്ചുപ്പിടി,മോണോ ആക്ട്, എന്നിവയില്‍ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തില്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി 23 പോയിന്റ് നേടിയ പ്രൈവറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ (ഭവന്‍സ്) വിദ്യാര്‍ത്ഥിനി ഐശ്വര്യ ഷൈജിത് ഈ വര്‍ഷത്തെ സമാജം കലാതിലകമായി.
ഷൈജിത് കെ.പി.പ്രേമാ ഷൈജിത് ദമ്പതികളുടെ മകളാണ്.
കലാതിലക ട്രോഫി സമാജം പ്രസിഡന്റും ഡോ. ജസ്ലിന്‍ ജോസും ചേര്‍ന്ന് നല്‍കി. വനിതാവിഭാഗം ഭാരവാഹികള്‍ വിജയകിരീടം അണിയിച്ചു

വിവിധ ഗ്രുപ്പ് വിജയികളായി 15 പോയിന്റോടെ ശിവാനി സജീവ്,16 പോയിന്റോടെ ജേനാലിയ ആന്‍ 10 പോയിന്റോടെ നന്ദകൃഷ്ണ എന്നിവരെയും തിരഞ്ഞെടുത്തു.

2020 ല്‍ 4200 കലാകാരികളെ അണിനിരത്തി മോഹിനിയാട്ടത്തില്‍ ഗിന്നസ് നേടിയ കലാമണ്ഡലം ഡോ. ധനുഷ സന്യാല്‍, കലാമണ്ഡലം അധ്യാപികയായ ലതിക എന്നിവര്‍ നാട്ടില്‍നിന്നെത്തി ഡാന്‍സ് മത്സരങ്ങള്‍ക്ക് വിധി കര്‍ത്താക്കളായി.

ഗള്‍ഫിലെ കുട്ടികള്‍ ക്ലാസ്സിക്കല്‍ ഡാന്‍സ് ഇനങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തിയതായും ശാസ്ത്രീയമായി ഡാന്‍സ് അഭ്യസിക്കുന്ന കുട്ടികളുടെ പ്രകടനങ്ങള്‍ കേരളത്തേക്കാള്‍ മികച്ചതായി അനുഭവപ്പെട്ടുവെന്നും അവര്‍ അഭിപ്രായപ്പെട്ടു.

എമിറേറ്റ്‌സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമി സ്‌കൂളില്‍നടന്ന
സമാപനച്ചടങ്ങില്‍ സമാജം പ്രസിഡന്റ് റഫീഖ് കയനയില്‍ അധ്യക്ഷത വഹിച്ചു. എല്‍എല്‍എച്ച് ഹോസ്പിറ്റല്‍ സ്പെഷ്യലിസ്റ്റ് ന്യുറോളജിസ്റ്റ് ഡോ.ജസ്ലിന്‍ ജോസ് മുഖ്യാതിഥിയായിരുന്നു. ഇഫ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സജി ഉമ്മന്‍, എല്‍എല്‍എച്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ നിവിന്‍ വര്‍ഗ്ഗീസ് സംസാരിച്ചു.

സമാജം കലാവിഭാഗം സെക്രട്ടറി റിയാസുദ്ധീന്‍ പി.ടി ആമുഖ ഭാഷണവും ജനറല്‍ സെക്രട്ടറി എം.യു.ഇര്‍ഷാദ് സ്വാഗതവും നടത്തി.
ട്രഷറര്‍ അജാസ് അപ്പാടത്ത്, കമ്മിറ്റി അംഗങ്ങളായ സാബു അഗസ്റ്റിന്‍, യേശുശീലന്‍, സലിം ചിറക്കല്‍, എ.എം.അന്‍സാര്‍, അനില്‍കുമാര്‍ ടി.ഡി,ഫസലുദ്ധീന്‍ വനിതാ കമ്മിറ്റി ഭാരവാഹികളായ അനുപ ബാനര്‍ജി, ലാലി സാംസണ്‍, ബിനിമോള്‍ ടോമിച്ചന്‍, ബദരിയ്യ സിറാജ്, വാലന്റീര്‍ ടീം അനീഷ് ഭാസി, അമീര്‍ കല്ലമ്പലം, സലിം, ഷാജികുമാര്‍, ബിജുവാര്യര്‍ എന്നിവരും ഇതര സംഘടനാ ഭാരവാഹികളും മുന്‍ ജനറല്‍ സെക്രട്ടറിമാരും ചേര്‍ന്ന് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വൈസ്പ്രസിഡന്റ് രേഖിന് സോമന്‍ നന്ദി പറഞ്ഞു

webdesk13: