യു.എ.ഇ യിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർ പി.സി.ആർ എടുത്തിരിക്കണമെന്ന നിർബന്ധ വ്യവസ്ഥ എയർഇന്ത്യ പിൻവലിച്ചു.
മലപ്പുറം ലോക്സഭാംഗം ഡോ . എം.പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ ഈ ആവശ്യം ഉന്നയിച്ച് ശൂന്യവേളയിൽ സബ്മിഷൻ അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരെ, വിശേഷിച്ചും നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ ഏറെ വിഷമത്തിലാഴ്ത്തിയതായിരുന്നു ഈ നിർബന്ധ വ്യവസ്ഥ.
യു.എ.ഇ യിൽ നിന്ന് രാജ്യാന്തര നിലവാരത്തിലുള്ള വാക്സിനേഷനുകൾ എടുത്തവർക്കും പി.സി.ആർ എടുത്തിരിക്കണമെന്ന നിർദേശത്തിന് ഒരു നീതീകരണവും ഉണ്ടായിരുന്നില്ല. ഇതിനെത്തുടർന്ന് പ്രവാസികൾ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഇന്ത്യയിൽ നിന്നും യു.എ. ഇ യിലേക് വരുന്നവരുടെ പി.സി.ആർ വ്യവസ്ഥ അധികൃതർ നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു.
എന്നിട്ടും യു.എ.ഇ യിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് പി.സി.ആർ നിർബന്ധമാക്കിയത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.അതെ തുടർന്നാണ് ലോക് സഭയിൽ ശൂന്യവേളയിൽ പ്രവാസികൾക്ക് ഏറെ പ്രയാസമുണ്ടാക്കിയ പ്രശ്നം ഉന്നയിക്കുകയുണ്ടായത്.