X

കരിപ്പൂരില്‍ നിന്ന് ഷാര്‍ജ, ദുബായ്, ഡല്‍ഹി സര്‍വീസുകള്‍ നിര്‍ത്തലാക്കരുത്: ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി

കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് ഷാര്‍ജയിലേക്കും ദുബായിലേക്കുമുള്ള രാജ്യാന്തര സര്‍വീസുകളും ഡല്‍ഹിയിലേക്കുള്ള ആഭ്യന്തര സര്‍വീസും നിര്‍ത്തിവെക്കാനുള്ള എയര്‍ ഇന്ത്യയുടെ തീരുമാനം ഉടന്‍ പുന:പരിശോധിക്കണമെന്ന് കാലിക്കറ്റ് വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി.
സര്‍വീസുകള്‍ പുന: സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമദാനി സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യസിന്ധ്യക്കും സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് ബന്‍സാലിനും എയര്‍ ഇന്ത്യ സി.ഇ.ഒ ക്യാംബല്‍ വില്‍സണും അടിയന്തിര ഇമെയില്‍ സന്ദേശമയച്ചു. കേരളത്തില്‍ നിന്നുള്ള യാത്രക്കാരെയും വിശിഷ്യാ പ്രവാസികളെയും ഏറെ ദുരിതത്തിലാഴ്ത്തുന്ന ഈ തീരുമാനം മറ്റു വിമാന സര്‍വ്വീസുകള്‍ വന്‍തോതില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതിന് ഇടയാക്കുകയും ചെയ്യും.
കോഴിക്കോട് നിന്ന് ദുബായിലേക്കുള്ള അഹ 937ഉം അവിടെ നിന്ന് തിരിച്ച് കോഴിക്കോട്ടേക്കുള്ള അഹ 938 ഉം കോഴിക്കോട് നിന്ന് ഷാര്‍ജയിലേക്കുള്ള അഹ 997 ഉം അവിടെ നിന്ന് തിരിച്ച് കോഴിക്കോട്ടേക്കുള്ള അഹ 998 ഉം ഡല്‍ഹിയിലേക്കും അവിടെ നിന്ന് തിരിച്ച് കോഴിക്കോട്ടേക്കുമുള്ള അഹ 425 ഉം നിര്‍ത്തിവെക്കാനുള്ള തീരുമാനം കേരളീയരായ യാത്രക്കാരെയും വിശേഷിച്ച് അവരിലെ പ്രവാസികളെയും വലിയ കഷ്ടത്തിലാഴ്ത്തുന്നതാണെന്ന് സമദാനി സന്ദേശത്തില്‍ പറഞ്ഞു. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള സര്‍വ്വീസുകള്‍ ഏറെ പ്രധാനപ്പെട്ടതാണ്. യൂറോപ്യന്‍ വന്‍കരയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള റൂട്ടുകളിലേക്ക് പോകാന്‍ യാത്രക്കാര്‍ക്ക് വഴിതുറക്കുന്ന പ്രധാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത് യാത്രക്കാര്‍ക്ക് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കും.
1992 മുതല്‍ മുപ്പത് വര്‍ഷക്കാലം തുടര്‍ച്ചയായും വിജയകരമായും നടന്ന ഏറ്റവും പഴക്കമുള്ള പ്രമുഖ സര്‍വ്വീസാണ് ഷാര്‍ജയിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ളത്. ഈ വിമാനങ്ങളത്രയും ഏറെക്കുറെ നിറയെ യാത്രക്കാരുമായിട്ടാണ് സര്‍വീസ് നടത്തുന്നത്. വന്‍തോതിലുള്ള ചരക്ക് സഞ്ചാരവും ഈ സര്‍വ്വീസുകളിലൂടെ നിര്‍വ്വഹിക്കപ്പെടുന്നുണ്ട്. അതിനും പുറമെ യു.എ.യിലേക്കുള്ള പ്രവാസി യാത്രക്കാര്‍ ആശ്രയിക്കുന്ന മുഖ്യ റൂട്ടുകളാണിത്.
ഇതില്‍ സീറ്റുകള്‍ കുറയുന്നത് അവരുടെ യാത്രകളെയും അവധിക്കാലങ്ങളെയുമെല്ലാം ഏറെ ദോഷകരമായി ബാധിക്കും. ഡല്‍ഹിയിലേക്കുള്ള സര്‍വീസ് നിര്‍ത്തുന്നത് കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പൊതുവിലും കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേകിച്ചും വലിയ വിഷമം സൃഷ്ടിക്കും- സമദാനി ചൂ ണ്ടിക്കാട്ടി.

Chandrika Web: