X
    Categories: keralaNews

കാന്തപുരം എ പി അബൂബക്കർ മുസ് ലിയാരെ സന്ദർശിച്ച് അബ്ദുസ്സമദ് സമദാനി എം.പി

ദേഹാസ്വാസ്ഥ്യത്തിൽ നിന്ന് പൂർണ്ണ സുഖം പ്രാപിച്ച് തിരിച്ചെത്തിയ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ അബ്ദുസ്സമദ് സമദാനി എം.പി സന്ദർശിച്ചു. കുശലാന്വേഷണങ്ങളുമായി അല്പസമയം അദ്ദേഹത്തോടൊപ്പം ചിലവഴിച്ചു, വർഷങ്ങൾക്ക് മുമ്പുള്ള ഹജ്ജ് യാത്രയിൽ ഒന്നിച്ചുണ്ടായപ്പോഴുള്ള സ്നേഹം നിറഞ്ഞ അനുഭവങ്ങൾ കൃത്യമായ ഓർമ്മയോടെ അദ്ദേഹം അയവിറക്കിയെന്ന് സമദാനി പറഞ്ഞു.
മിനയിൽ തീപ്പിടുത്തമുണ്ടായ വർഷം ഞങ്ങൾ ഒന്നിച്ച് ഹജ്ജിനുണ്ടായിരുന്നു. ആ ദുരന്തവേളയിൽ വാഹനങ്ങളൊന്നും ഇല്ലാതെ വന്നപ്പോൾ മിനയിൽ നിന്ന് മക്കയിലേക്ക് പൂർണമായും കാൽനടയായാണ് ഞങ്ങൾ സഞ്ചരിച്ചത്. ദീർഘദൂരം നടക്കാനുള്ള അവശതയെത്തുടർന്ന് ക്ഷീണിച്ച എന്നോട് എൻ്റെ കൈപിടിച്ച്നടന്നുകൊള്ളൂ എന്ന് പറഞ്ഞതിൻ്റെയും അങ്ങനെ കൈകൾ ചേർത്തുപിടിച്ച് ഒന്നിച്ച് നടന്നതിന്റെയും സ്മരണകൾ ഞങ്ങൾ പങ്കിട്ടു.

സ്നേഹസമ്മാനമായി എനിക്ക് നൽകിയ കപ്പലിന്റെ മാതൃക നന്ദിപൂർവ്വം സ്വീകരിച്ചു. ഇനിയും പൂർണമായ ആരോഗ്യവും ദീർഘായുസ്സും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

സമദാനി ഫെയ്സ് ബുക്കിൽ കുറിച്ചു.

Chandrika Web: