പി.വി.ഹസീബ് റഹ്മാന്‍
കൊണ്ടോട്ടി: കൈകളില്ലാത്ത വേദന പുഞ്ചിരികൊണ്ട് മറക്കുന്ന കൊട്ടപ്പുറം പി.എന്‍.സി സമദിന് സ്‌നേഹത്തിന്റെ കൈകളാവാന്‍ ഇനി മുതല്‍ സഫ് വാന തസ്‌നി കൂട്ട്.. കാത്തിരിപ്പിനൊടുവില്‍ എടക്കര, മുണ്ടയിലെ പുത്തന്‍ പുര യ്ക്കല്‍ സുബൈദയുടെ ഏക മകള്‍ സഫ്വാന ദാമ്പത്യത്തിന്റ മഹറ് കെട്ടാന്‍ കഴുത്ത് നീട്ടിയതോടെ കാലുകള്‍ കൈകളാക്കിയ സമദിന്റെ അതി ജീവിനത്തിനും ഒരു അഡാറ് ക്ലൈമാക്‌സ്..
ഞായറാഴ്ച ഉച്ചക്ക് ളുഹര്‍ നമസ്‌കാ രാനന്തരം മുണ്ടയിലെ പാലത്തിങ്ങല്‍ ജുമഅത്ത് പള്ളിയില്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ കാര്‍മ്മികത്വത്തില്‍ നടന്ന ലളിതമായ നിക്കാഹ് ചടങ്ങ്. പള്ളിക്ക് സമീപത്തെ വധുവിന്റെ വീട്ടില്‍ ഉച്ചഭക്ഷണം. പ്രാണസഖിയായി ജീവിക്കാന്‍ തയ്യാറായ സഫ്വാനയുടെ കഴുത്തില്‍ മഹറ് മാലയും, കൈചെയിനും കെട്ടണമെന്ന് സമദിന് ആഗ്രഹം..വധുവിന്റെ ഉമ്മ സുബൈദക്കും ബന്ധുക്കള്‍ക്കും എങ്ങനെ മഹറ് കെട്ടുമെന്ന ശങ്കക്ക് സമയം നല്‍കാതെ സമദ് പെട്ടിയില്‍ നിന്ന് മഹറ് മാല വായ കൊണ്ട് എടുത്ത് പതിയെ അവളെ കഴുത്തിലേക്ക് നീട്ടി. ഇത്തിരി സമയം എടുത്താണങ്കിലും അവളും പരമാവധി കൈ ഉപയോഗിക്കാതെ തല താഴ്ത്തി കൊടുത്തു. മഹറ് അണിയിച്ചത് കണ്ട് കൂടി നിന്നവര്‍ സന്തോഷിപ്പിച്ചങ്കിലും അവരെ കാണാതെ കണ്ണുകള്‍ തുടക്കുന്നുണ്ടായിരുന്നു.
കൊട്ടപ്പുറം, മുഴങ്ങല്ലൂര്‍ പി.എന്‍.സി ഉസ്മാന്റെ മകന്‍ സമദിന് ഇപ്പോള്‍ 27 വയസ്സ് കഴിഞു. 2003- ലെ കുട്ടിക്കാല ത്തെ കുസൃതിക്കിടയിലെപ്പഴോ ഷോക്കേറ്റ് നഷ്ടപ്പെട്ട തന്റെ കുഞ്ഞ് കൈകളെ ഓര്‍ത്ത് സമദ് ഒരു പാട് വിലപിച്ചിരുന്നു. കത്തിക്കരിഞ്ഞ കൈകള്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് തോള്‍ മുതല്‍ മുറിച്ചുമാറ്റിയപ്പോള്‍ വല്ലാത്തൊരു ശൂന്യത. എന്നാല്‍ വിധിയെപഴിക്കാതെ സമദ് ജീവിതത്തിനു മുന്നില്‍ സ്വന്തം കാലില്‍ നിന്നു. കൈക ള്‍ക്കു പകരം കാലുകള്‍ വഴങ്ങിക്കൊടുത്തു. കാലുകള്‍ പതിയെ കൈകളായി. കാലുകള്‍ കൊണ്ട് എഴുതിപ്പഠിച്ചു. കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍ കാലിന്റെ വിരലുകള്‍ അതിവേഗം ചലിച്ചു. ജീവിതത്തോടുള്ള വാശി തീര്‍ന്നിരുന്നില്ല സമദിന്. കുറ്റന്‍ പാറമടയിലെ വെള്ളപ്പരപ്പിലേക്ക് ഈ ബാലന്‍ എടുത്തു ചാടുന്നത് ജനം ശ്വാസമടക്കി പിടിച്ച് നോക്കി കണ്ടു.. അതിലൊന്നും അവസാനിച്ചില്ല. കൊട്ടപ്പുറം ഗവ. ഹൈസ്‌കൂളില്‍ നിന്ന് ചെങ്കുത്തായ ഇറക്കത്തിലൂടെ സമദിന്റെ സൈക്കിള്‍ യാത്ര. കാല് കൊണ്ടെഴുതി ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ സമദ് മധുര കാംരാജ് സര്‍വകലാശാലയില്‍ ഓപ്പണ്‍ എം.എയില്‍ സോഷ്യോളജി പൂര്‍ത്തീകരിച്ചു. ഫുട്‌ബോള്‍ താരമായും ഗായകനായുമൊക്കെയായി വിസ്മയം തീര്‍ക്കുമ്പോഴും മരണം വരെ തന്റെ കൈകളാവാന്‍ ഒരു ജീവിത സഖിയെ സമദ് കൊതിച്ചിരുന്നു. പ്രാര്‍ത്ഥനക്കൊടുവില്‍ അതിന് തയ്യാറായി മൂന്ന് മാസം മുമ്പ് എടക്കരയിലെ സഫ്വാന ആഗ്രഹം അറിയിച്ചതോടെ സമദിനേക്കാള്‍ സന്തോഷിച്ചത് വീട്ടുകാരും സുഹൃത്തുകളുമായിരുന്നു.വീട്ടുകാര്‍ കുട്ടിയെ കണ്ട് സംസാരിച്ചപ്പോള്‍ പെണ്‍കുട്ടി പൂര്‍ണ്ണസമ്മതം അറിയിച്ചു. കഷ്ടപ്പാടിന്റെ വേദന അറിയുന്ന മാതാവ് സുബൈദയാവട്ടെ മകളുടെ ഉറച്ച തീരുമാനത്തിന് തടസ്സം നിന്നില്ല. നിലമ്പൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുകയാണ് സ്വഫ് വാന.
ഗാനരംഗത്ത് ശ്രദ്ധയാനായി മാറിയ സമദ് വേങ്ങര, കണ്ണമംഗലം അലിവ് ഡയാലിസിസ് സെന്റര്‍ വാര്‍ഷിക ചടങ്ങി ല്‍ ഗാനമാലപിക്കുന്നത് കണ്ട് പ്രമുഖ പ്രവാസി വ്യവസായി അല്‍അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ആലുങ്ങല്‍ മുഹമ്മദ് കിഴിശ്ശേരി അല്‍അബീര്‍ ഹോസ്പിറ്റലില്‍ ജോലി നല്‍കിയിട്ടുണ്ട്. ഇതിന്റെ തൊട്ടു പിന്നാലെയാണ് സ്വഫ്വാന ജീവിതത്തിലേക്ക് എത്തുന്നത്. ഫ്‌ലവേഴ്‌സ് ടി.വി ഉള്‍പ്പെടെ പ്രമുഖ ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിച്ച സമദിന് കൈവന്ന ഇരട്ടി മധുരത്തിനിടയിലും യൂത്ത്‌ലീഗ് യുവജന യാത്രയുടെ പ്രചരണ പരിപാടിയിലും സജീവം. ഓട്ടത്തിനിടയില്‍ നിക്കാഹ് വിവരം അറിഞ്ഞ് ആശംസ അറിയിച്ചവരാട് സമദിന്റെ മറുപടി ഇങ്ങനെ..
അല്‍ഹംദുലില്ലാഹ്..എല്ലാം വളരെ പെട്ടന്നായിരുട്ടോ..എന്റെ കുറവുകള്‍ മനസ്സിലാക്കി ജീവിതത്തിലേക്ക് അവള്‍ വരാന്‍ തയ്യാറായപ്പോള്‍ കൂടുതലൊന്നും ആലോചിച്ചില്ല..സ്‌നേഹിച്ചവരെയും, കൂടെനിന്ന എല്ലാ ചങ്കുകളെയും വിളിച്ച് കല്യാണം ഉടന്‍ നടത്തും..പതിവ് ചിരി വിടാതെ പ്രാര്‍ത്ഥിക്കണമെന്ന അഭ്യര്‍ത്ഥനയും……