X

അമീറിന് സല്യൂട്ട്-കമാല്‍ വരദൂര്‍

ആ ദിവസം ഇപ്പോഴും ഓര്‍മയിലുണ്ട്-2010 ഡിസംബര്‍ 2. ഖത്തര്‍ എന്ന കൊച്ചു രാജ്യം സന്തോഷത്തില്‍ മതിമറന്നത് ആ ദിവസം ദോഹ നഗരത്തില്‍ വെച്ച് നേരില്‍ കണ്ടിരുന്നു. ആ ജനതയുടെ ആഹ്ലാദത്തില്‍ നേരില്‍ പങ്കെടുത്തിരുന്നു. ഷെയിക്ക് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖലിഫാ അല്‍ത്താനി എന്ന ഭരണാധികാരിയും പ്രഥമ വനിത മൗസ് ബിന്‍ത് നാസര്‍ അല്‍ മിസ്‌നദും രണ്ട് ദശലക്ഷത്തോളം വരുന്ന ജനതയും ദിവസങ്ങളോളം ആ നേട്ടം ആഘോഷമാക്കി.

അറബ് ലോകത്തിന് ആദ്യമായി ലഭിക്കുന്ന ലോകകപ്പ്. പല തടസങ്ങളെയും അതിജയിച്ച്, യൂറോപ്പില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പ് മറികടന്ന് സിനദിന്‍ സിദാന്‍ എന്ന ബ്രാന്‍ഡ് അംബാസിഡറുടെ കരുത്തില്‍, അന്ന് ഫിഫ തലവനായിരുന്ന സെപ് ബ്ലാറ്ററുടെ പിന്തുണയില്‍ ലഭിച്ച നേട്ടം. അറബ് ലോകവും പടിഞ്ഞാറന്‍ ലോകവും തമ്മിലുളള അകലം കുറക്കാന്‍ ഖത്തറിന് ലഭിച്ച ഏറ്റവും വലിയ അവസരത്തെ കഴിഞ്ഞ് പതിനൊന്ന് വര്‍ഷമായി അവര്‍ മനോഹരമായി പ്രയോജനപ്പെടുത്തി.

ഇതാ, ആ കാത്തിരിപ്പിന്റെ ക്ലൈമാക്‌സ് ദിനങ്ങള്‍ സമാഗതമാവുമ്പോള്‍ ഇന്ന് ലോകകപ്പ് ഗ്രൂപ്പ് നറുക്കെടുപ്പ്. എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച കഠിന പ്രയത്‌നത്തിനൊടുവില്‍ 2010 സെപ്തംബറിലായിരുന്നു ഫിഫയുടെ ഉന്നതാധികാര സമതി ഖത്തറില്‍ പരിശോധനക്കെത്തിയത്. കൊച്ചു രാജ്യമായിട്ടും ഖത്തറിന്റെ സംവിധാനങ്ങളില്‍ കമ്മിറ്റി സംതൃപ്തി പ്രകടിപ്പിച്ചപ്പോള്‍ അതേ വര്‍ഷം ഡിസംബറില്‍ പ്രഖ്യാപനമെത്തി.

അന്ന് തുടങ്ങിയ ഒരുക്കങ്ങളില്‍ എല്ലാവരെയും വിസ്മയിപ്പിച്ചു ഖത്തര്‍. കൊടും ചൂടില്‍ കളിക്കാനാവില്ലെന്ന് യൂറോപ്യര്‍ പരാതിപ്പെട്ടപ്പോള്‍ സാധാരണ ജൂണിലും ജൂലൈയിലും നടക്കാറുള്ള ലോകകപ്പ് മല്‍സരങ്ങള്‍ നവംബര്‍-ഡിസംബറിലേക്ക് മാറ്റി. 2010 ല്‍ തന്നെ അഞ്ച് പുത്തന്‍ സ്‌റ്റേഡിയങ്ങളുടെ നിര്‍മാണം ആരംഭിച്ചു. കാലാവസ്ഥയെ പ്രതിരോധിക്കാന്‍ അത്യാധുനിക ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ തണുപ്പിനെ സമ്മാനിക്കുന്ന കളിമുറ്റങ്ങള്‍. 12 വേദികളില്‍ എല്ലാം ഗംഭീരം. ഫൈനല്‍ മല്‍സരം നടക്കുന്ന ലുസൈല്‍ സ്‌റ്റേഡിയല്‍ 86,250 പേര്‍ക്കാണ് ഇരിപ്പിടം. പഴയ ഖലീഫാ സ്‌റ്റേഡിയം നവീകരിച്ചു. അല്‍ റയാനിലെയും അല്‍ വഖറയിലെയുമെല്ലാം സ്‌റ്റേഡിയങ്ങള്‍ കണ്ടാല്‍ ലോകം അല്‍ഭുതപ്പെടും.

ഇത്ര വേഗതയില്‍ ഇത് വരെ ഒരു രാജ്യവും ലോകകപ്പിനെ സ്വാഗതം ചെയ്തിട്ടില്ല. 2010 ല്‍ ദക്ഷിണാഫ്രിക്കയില്‍ പോയപ്പോള്‍, 2014 ല്‍ ബ്രസീലില്‍ പോയപ്പോള്‍, 2018 ല്‍ റഷ്യയിലെത്തിയപ്പോഴെല്ലാം കണ്ടത് ഒരുക്കങ്ങളുടെ തിരക്കായിരുന്നു. ബ്രസീലിലെ വേദികളുടെ കാര്യത്തില്‍ ഒരു വേള ഫിഫ പോലും പരാതിപ്പെട്ടിരുന്നു-ഒരുക്കങ്ങളുടെ കാര്യത്തില്‍. അവിടെ ജനം വലിയ കളിമുറ്റങ്ങള്‍ക്കെതിരെ തെരുവില്‍ പോലുമിറങ്ങിയ കാഴ്ച്ചകളുണ്ടായിരുന്നു.

പക്ഷേ ഖത്തര്‍- മാസങ്ങള്‍ക്ക് മുമ്പ് തന്നെ എല്ലാം ഒരുക്കങ്ങളും പൂര്‍ത്തീകരിച്ച് കാത്തിരിപ്പാണ്. ഇന്ന് നറുക്കെടുപ്പ് നടക്കുന്ന ദോഹ കണ്‍വെന്‍ഷന്‍ സെന്റര്‍ പോലും അല്‍ഭുതമാണ്. ഗ്രൂപ്പുകളാവുമ്പോള്‍ ലോകം അരികിലെത്തുകയാണ്. ഇനി ഏഴര മാസം മാത്രം. ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനിയും ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റിയും സസന്തോഷം ലോകത്തെ വരവേല്‍ക്കുന്നു…

Test User: