പട്‌ന: ചരിത്രത്തെ വളച്ചൊടിച്ചുള്ള ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകള്‍ തുടരുന്നു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ രഘുബര്‍ ദാസാണ് ഒടുവില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സുപ്രധാന സംഭവമായ ഉപ്പ് സത്യഗ്രഹം ബിഹാറിലെ ചമ്പാരനില്‍ നിന്നാണെന്നാണ് രഘുബര്‍ ദാസിന്റെ കണ്ടുപിടുത്തം. വ്യാപാരികളുടെ സംഘടനയായ ടെലി ആര്‍റ് സാഹു സമാജ് പട്‌നയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ദാസ് ചരിത്രത്തെ വളച്ചൊടിച്ചത്.
മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ 1930 മാര്‍ച്ച് 12ന് ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍ നിന്നും ദണ്ഡിയിലേക്ക് നടത്തിയ യാത്രയോടെയാണ് ഉപ്പ് സത്യഗ്രഹം ആരംഭിച്ചത്. ബ്രിട്ടീഷ് ഇന്ത്യയില്‍ ഉപ്പ്‌നിര്‍മ്മാണത്തിന് നികുതി ചുമത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ചരിത്രത്തില്‍ പ്രാഥമിക അറിവ് പോലും ബി.ജെ.പി നേതാക്കള്‍ക്കില്ലെന്ന് വ്യക്തമായതായി കോണ്‍ഗ്രസ് പ്രതികരിച്ചു. സ്‌കൂള്‍ കുട്ടികള്‍ക്ക് പോലും ഇക്കാര്യങ്ങള്‍ അറിയാം. ഇത്തരത്തിലുള്ള മണ്ടന്‍ പ്രസ്താവന നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ചും ബി.ജെ.പി നേതാക്കള്‍ പഠിക്കുന്നത് നന്നായിരിക്കും-കോണ്‍ഗ്രസ് എം.എല്‍.എ പ്രേംചന്ദ്ര പറഞ്ഞു.