മുംബൈ: മാന്‍വേട്ട കേസിലെ വിധികേട്ട് ഞെട്ടലില്‍ ബോളിവുഡ് ലോകം. ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജോധ്പൂര്‍ കോടതിയാണ് അഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിച്ചത്. തങ്ങളുടെ സൂപ്പര്‍താരത്തിന് തടവുശിക്ഷ ലഭിച്ചതിന്റെ ദു:ഖത്തിലും ആശങ്കയിലുമാണ് താരങ്ങള്‍.
ധാരാളം നന്‍മകള്‍ ചെയ്യുന്ന ആളാണ് സല്‍മാനെന്നും വിധിയില്‍ ദു:ഖമുണ്ടെന്നും പറഞ്ഞ് ബോളിവുഡ് താരവും രാജ്യസഭാ എം.പിയുമായ ജയാബച്ചന്‍ രംഗത്തെത്തിയിരുന്നു. സല്‍മാന്‍ ഖാന് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വിധിയില്‍ ദു:ഖമുണ്ടെന്ന് അര്‍ജുന്‍ രാംപാലും ഗായകന്‍ റിഷാ സിംഗും പറഞ്ഞു. കേസില്‍ വെറുതെ വിട്ട നീലം കോതാരിയുടെ വിധിയില്‍ സന്തോഷമുണ്ടെന്നും എന്നാല്‍, സല്‍മാന്റെ വിധിയില്‍ നിരാശയുണ്ടെന്നും നീലം കോതാരിയുടെ ഭര്‍ത്താവ് സമീന്‍സോനി പ്രതികരിച്ചു.
അതേസമയം, സല്‍മാന്‍ഖാന്‍ ജയിലിലാവുന്നതോടെ ആശങ്കയിലായത് ബോളിവുഡ് സിനിമാവ്യവസായമാണ്. 650 കോടിയോളം രൂപയുടെ നഷ്ടമാണ് സല്‍മാന്റെ അറസ്‌റ്റോടെ ഉണ്ടാവുക എന്നാണ് വിലയിരുത്തല്‍. അണിയറയില്‍ മൂന്ന് ബിഗ് ബജറ്റ് ചിത്രങ്ങളാണ് സല്‍മാന്റേതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. റേസ്3, ദബാംഗ്3, കിക്ക് 2 എന്നീ ചിത്രങ്ങളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഈ ചിത്രങ്ങള്‍ എല്ലാം തന്നെ സല്‍മാനെ അല്ലാതെ മറ്റ് താരങ്ങളെ വെച്ച് ഒരുക്കാന്‍ കഴിയാത്തതുമാണ്.
അതേസമയം, സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ ജോധ്പൂര്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജയിലില്‍ സല്‍മാന്‍ ഖാന്റെ ജീവന് ഭീഷണിയുണ്ടെന്ന് അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു. അഞ്ച് വര്‍ഷം തടവുശിക്ഷ നല്‍കിയ വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീലും നല്‍കും.
ചിങ്കാര മാനുകളെ വേട്ടയാടിയ കേസുകളില്‍ ഹൈക്കോടതി സല്‍മാനെ വെറുതെ വിട്ടതാണെന്നും സമാനമായ കേസാണിതെന്നുമാണ് സല്‍മാന്റെ വാദം. ജാമ്യം നല്‍കിയാല്‍ അപ്പീല്‍ നല്‍കാനാണ് സല്‍മാനെതിരെ കേസ് നല്‍കിയ ബിഷ്‌ണോയ് സമുദായത്തിന്റെ തീരുമാനം. സെയ്ഫ് അലി ഖാനും തബുവും അടക്കമുള്ള അഞ്ച് പ്രതികളെ വെറുതെ വിട്ടതിനെതിരെയും ബിഷ്‌ണോയി വിഭാഗം അപ്പീല്‍ നല്‍കും. ജയിലില്‍ സുരക്ഷാ ഭീഷണിയില്ലെന്നും മൂന്ന് ഭടന്മാരെ സല്‍മാന്റെ ജയിലിന് പുറത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജയില്‍ ഡി.ഐ.ജി പറഞ്ഞു. അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സല്‍മാനെ കാണാന്‍ അനുമതിയുണ്ട്.
ഇന്നലെയാണ് മാന്‍വേട്ട കേസില്‍ സല്‍മാന്‍ കുറ്റക്കാരനാണെന്ന് വിധിച്ച ജോധ്പൂര്‍ കോടതിവിധി വരുന്നത്. പതിനായിരം രൂപ പിഴയും അഞ്ചുവര്‍ഷം തടവുമാണ് കോടതി വിധിച്ചിരിക്കുന്നത്.