X
    Categories: keralaNews

സിപിഎമ്മുകാരന്റെ പരിഹാസത്തിന് ജനം മറുപടി കൊടുത്തു; സലീം മാഷ് ഇനി തച്ഛനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ്

പാലക്കാട്: ശാരീരിക വൈകല്യത്തിന്റെ പേരില്‍ സിപിഎം പ്രവര്‍ത്തകര്‍ പരിഹസിച്ച സലീം മാഷ് ഇനി തച്ഛനാട്ടുകര പഞ്ചായത്ത് ഭരിക്കും. ഒറ്റ വോട്ടിന് കഴിഞ്ഞ പ്രാവശ്യം നഷ്ടപ്പെട്ട 11-ാം വാര്‍ഡില്‍ 305 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സലീം മാഷ് തിരിച്ചുപിടിച്ചത്. പരിഹാസച്ചൂടിനെ കൂടി മറികടന്ന് നേടിയ ആ വിജയത്തിന് പത്തരമാറ്റേകുന്നതാണ് പുതിയ നിയോഗം.

‘ഒരു അതിര്‍ത്തി തര്‍ക്കം വന്നാല്‍ അവിടെ വന്ന് ഇടപെടാന്‍ പറ്റ്വോ? ഒരു കല്യാണത്തിന് പന്തല് വലിച്ചുകെട്ടാന്‍ പറ്റ്വോ? അവിടെ അറുക്കുമ്പോ, അതിന്റെ കൂടെ നിന്ന് ചെയ്യെടാ മക്കളേന്ന് പറഞ്ഞിട്ട് കൂടെ നിക്കാന്‍ വേണ്ടി പറ്റുമോ? കളിക്കളത്തില്‍ കൂട്ടുകാരോടൊപ്പം നിന്ന് കളിക്കാന്‍ പറ്റുമോ?…’ ഇതൊക്കെയായിരുന്നു സിപിഎം നേതാവിന്റെ സംശയം. ഒരാളുടെ വൈകല്യത്തെ ക്രൂരമായി പരിഹസിക്കുന്ന നേതാവിന്റെ വാക്കുകള്‍ക്ക് കൈയടിച്ച് പ്രോത്‌സാഹിപ്പിക്കുന്ന അണികളെയും വിഡിയോയില്‍ കാണാം. ഇതിനെയെല്ലാം അതിജീവിച്ചാണ് സലീം മാഷ് ചരിത്ര വിജയം നേടിയത്.

മുസ്ലിം യൂത്ത് ലീഗ് പാലക്കാട് ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റാണ് സലീം മാഷ്. അദ്ദേഹത്തെ അവഹേളിച്ചുള്ള വീഡിയോ പുറത്തുവന്നതിനു പിന്നാലെ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും സലീം മാസ്റ്റര്‍ക്ക് വേണ്ടി പ്രചാരണത്തിനെത്തിയിരുന്നു.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: