അന്തരിച്ച നടന്‍ കലാഭവന്‍മണിയുടെ ഒന്നാം ചരമവാര്‍ഷികമായിരുന്നു ഇന്നലെ. സോഷ്യല്‍മീഡിയയിലടക്കം മണിയുടെ ഓര്‍മ്മകള്‍ അലതല്ലിയിരുന്നു. ഈ സമയത്താണ് നടന്‍ സലീം കുമാറിന്റെ ഒരു ചാനല്‍പരിപാടിയിലെ ചില പരാമര്‍ശങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലാകുന്നത്. മഴവില്‍ മനോരമയുടെ കോമഡി സര്‍ക്കസ് എന്ന പരിപാടിയിലാണ് മണിയെക്കുറിച്ചുള്ള സലീം കുമാറിന്റെ വെളിപ്പെടുത്തല്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സിനിമയില്‍ മണിയെ പലപ്പോഴും തഴഞ്ഞിരുന്നുവെന്ന് പരക്കെ ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു നടനെപ്പറ്റിയുള്ള സലീംകുമാറിന്റെ പരാമര്‍ശം പുറത്തുവരുന്നത്.
മഹാനാകാന്‍ മണി മരിക്കേണ്ടി വന്നുവെന്നായിരുന്നു സലീം കുമാര്‍ പറഞ്ഞത്. ‘മണിയെ തലകറങ്ങി വീഴ്ത്താന്‍ മുന്‍കൈ എടുത്ത ഒരു നടന്‍, അദ്ദേഹത്തിന്റെ വേര്‍പാടില്‍ കണ്ണീര്‍ പൊഴിക്കുന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ റിസള്‍ട്ട് പ്രഖ്യാപിക്കുന്ന ദിവസം ഒരു വിഡ്ഢി എന്ന രീതിയില്‍ കളിയാക്കാന്‍ വേണ്ടി ശ്രമിച്ചവരാണ് ഈ കണ്ണുനീര്‍ പൊഴിച്ചതെന്നും സലീംകുമാര്‍ പറഞ്ഞു.
മണിയോട് വലിയ ക്രൂരതയാണ് ഇവര്‍ ചെയ്തത്. എന്നിട്ടും മണി മരിച്ചപ്പോള്‍ ജീവിക്കുന്നു ഞങ്ങളിലൂടെ എന്നൊക്കെ പറഞ്ഞത് കേട്ടപ്പോള്‍ തനിക്ക് നാണമാണ് തോന്നിയതെന്നും നടന്‍ പറഞ്ഞു. എന്നാല്‍ ആരാണ് നടനെന്ന് വെളിപ്പെടുത്താന്‍ സലീംകുമാര്‍ തയ്യാറായില്ല.