ചിക്കു ഇര്‍ഷാദ്
കോഴിക്കോട്: അള്‍സര്‍ ഉള്‍പ്പെടെയുള്ള ഉദരസംബന്ധമായ അസുഖങ്ങള്‍ക്കും മലയാളികള്‍ സ്ഥിരംകഴിക്കുന്ന ആന്റിബയോട്ടിക് മരുന്നുകളുടെ സൈഡ് എഫ്ക്ടിനുമായി വ്യാപകമായ തോതില്‍ ഉപയോഗിച്ചുവരുന്ന ‘റാനിറ്റിഡിന്‍’ മരുന്നുകള്‍ ക്യാന്‍സറിന് കാരണമാകുമെന്ന പഠനം പുറത്തുവന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും കൂസാതെ ആരോഗ്യമേഖല.
സെപ്റ്റംബര്‍ 13 നാണ് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌റ്റ്രേഷന്‍് റാനിറ്റിഡില്‍ 150-300എംജി മരുന്നുകളില്‍ കാന്‍സര്‍ ഉണ്ടാകുവാന്‍ കാരണമാകുന്ന രാസ ഘടകം അടങ്ങിയിരിക്കുന്നതായ പ്രസ്താവന പുറത്തിറക്കിയത്. ഇത്തരം മരുന്നുകളില്‍ ക്യാന്‍സറിന് കാരണമാകുന്ന എന്‍.ഡി.എം.എ (എന്‍നൈട്രോസോ ഡൈമീതൈലമീന്‍) എന്ന പദാര്‍ത്ഥം കണ്ടെത്തിയെന്നായിരുന്നു പ്രസ്താവന. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ലോകരാജ്യങ്ങള്‍ പലതും ഒന്നൊന്നായി മരുന്ന് നിരോധിക്കുകയുണ്ടായി. എന്നാല്‍ ലോക ജനസഖ്യയുടെ പകുതിയോളം വരുന്നു ഇന്ത്യയിലെ ബന്ധപ്പെട്ട അധികാരികള്‍ വിവരം ഇനിയും അറിയാത്ത നിലയാണ്.
സോഷ്യല്‍ മീഡിയയയില്‍ മരുന്ന് സംബന്ധിച്ച കാന്‍സര്‍ ഭീതി കത്തിപ്പടര്‍ന്നിട്ടും ആസ്‌ത്രേലിയ അടക്കമുള്ള രാജ്യങ്ങളില്‍ ഇവ പിന്‍വലിച്ചിട്ടും ഇന്ത്യയില്‍ ഇതുവരെ വിവാദമരുന്നുകളെ സംബന്ധിച്ച ഒരു ഔദ്യോഗിക അറിയിപ്പും പുറത്തുവന്നിട്ടില്ല. പകരം കൊല്‍ക്കത്തയിലെ കേന്ദ്ര ലാബില്‍ നിന്നുള്ള ഫലത്തിനായി കാത്തിരിക്കുകയാണ് അധികൃതര്‍. റിലീസിങ് വന്നു ദിവസങ്ങള്‍ക്കകം കൊല്‍ക്കത്തയിലെ കേന്ദ്ര ലാബില്‍ പരിശോധനക്കായി അയച്ചതായാണ് ബന്ധപ്പെട്ടവരില്‍ നിന്നുമുള്ള വിവരം. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും റിസല്‍റ്റ് സംബന്ധിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.
മരുന്നുകളുടെ വില്‍പന ശാല എന്നറിയപ്പെടുന്ന രാജ്യത്ത് നിലവിലുള്ള മരുന്നുകള്‍ വിറ്റു തീര്‍ന്നതിനു ശേഷമേ പരിശോധന ഫലം പുറത്ത് വരു എന്ന നിലയിലാണ് കാര്യങ്ങള്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ ഡിസ്പന്‍സറികളില്‍ വരെ സിന്‍ഡാക് റാന്ടാക് തുടങ്ങിയ റാനിറ്റിഡിന്‍ മരുന്നുകള്‍ ഇപ്പോഴും കുറിക്കുന്നതായാണ് വിവരം.
സംഭവത്തെ കുറിച്ച് വാര്‍ത്തകളെല്ലാതെ ഒന്നും അറിഞ്ഞിട്ടില്ലെന്ന നിലപാടിലാണ് സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ ഉന്നക ഉദ്യോഗസ്ഥര്‍. മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടു എന്നതല്ലാതെ വിഷയത്തെ സംബന്ധിച്ച് ഔദ്യോഗികമായി ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ ജയശ്രീ ‘ചന്ദ്രിക’യോട് പറഞ്ഞു.
ഏതൊക്കെ മരുന്നുകളിലാണ് എന്‍.ഡി.എം.എ എന്ന രാസവസ്തു കണ്ടെത്തിയതെന്ന് വ്യക്തമല്ലെന്നും വാര്‍ത്തകളെല്ലാതെ വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ലെന്നും ആരോഗ്യ കേരളം ഡിപിഎംമാരും വ്യക്തമാക്കി.
അതേസമയം, ലോകത്തെ പല പ്രധാന മരുന്നു നിര്‍മാണകമ്പനികളും സ്വമേധയാ റാനിറ്റിഡിന്‍ അടങ്ങിയ മരുന്നുകള്‍ പിന്‍വലിച്ചെങ്കിലും ഇന്ത്യയിലെ നിയന്ത്രണം സംബന്ധിച്ച് പറയാന്‍ കേന്ദ്ര ലാബില്‍ നിന്നുള്ള പരിശോധന ഫലം ലഭിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ രവി എസ് മേനോന്‍ ‘ചന്ദ്രിക’യോട് പറഞ്ഞു. നിലവില്‍ സി.ഡി.എസ്.സി(സെന്റ്രല്‍ ഡ്രെഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍)യില്‍ നിന്നും മരുന്നുകളുടെ പരിശോധന സംബന്ധിച്ച ഒരു വിവരവും കേരളത്തിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
നിലവില്‍ തെലുങ്കാനയിലും ഗുജറാത്തിലുമാണ് ‘റാനിറ്റിഡിന്‍’ മരുന്നുകള്‍ ഉല്‍പാതിപ്പിക്കുന്നത് കേരളത്തില്‍ വിതരണം മാത്രമാണ് നടക്കുന്നത്. എന്നാല്‍ പരിശോധന ഫലം വരുന്നത് വരെ കേരളത്തില്‍ താല്‍ക്കാലികമായി മരുന്നിന്റെ വിതരണത്തില്‍ നിയന്ത്രണം വരുത്താന്‍ സാധിക്കും. പകരം മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ഗൗരവത്തിലെടുക്കാതെയാണ് വിവാദ മരുന്ന് വിപണിയില്‍ എത്തിക്കുന്നതും ഡോക്ടര്‍മാര് ശുപാര്‍ശ ചെയ്യുന്നതും.
നിരോധനത്തെ ചൊല്ലി വിവാദം
‘റാനിറ്റിഡിന്‍’ മരുന്നുകള്‍ അത്തരത്തിലുള്ള ഒരു വെല്ലുവിളി ഉയര്‍ത്തുന്നില്ലെന്ന വാദവുമായി ഒരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. മരുന്നുകളില്‍ കണ്ടെത്തിയ എന്‍നൈട്രോസോ ഡൈമീതൈലമീന്‍ എന്ന പദാര്‍ഥത്തിന്റെ സാന്നിദ്ധ്യം പഴങ്ങളിലും പച്ചക്കറികളിലും പാല്‍, പാലുല്പന്നങ്ങള്‍, ഇറച്ചി എന്നിവയിലും കാണപ്പെടുന്ന ഒന്നാണെന്ന വാദമാണ് അവരുയര്‍ത്തുന്നത്. റാനിറ്റിഡിനില്‍ കണ്ടെത്തിയ രാസവസ്തുവിന്റെ അളവ് ഭക്ഷണപദാര്‍ഥങ്ങളില്‍ ഉള്ളതിനേക്കാള്‍ ഒരല്പം മാത്രമാത്രമാണ് കൂടുതലെന്നും ഉല്‍പാദന സമയത്ത് ഇത് എല്ലാ മരുന്നുകളിലും ചേരുന്നതായത് കൊണ്ടും മരുന്ന് പിന്‍വലിക്കാന്‍ എഫ്.ഡി.എ ആവശ്യപ്പെടുന്നില്ലെന്നും മരുന്നു ലോപികളുടെ വാദം. അതേസമയം, ഫ്രഞ്ച് ഡ്രഗ്മേക്കര്‍ സനോഫി, അസിഡിറ്റിക്ക് ഉപയോഗിക്കുന്ന സാന്‍ഡാക് അടക്കമുള്ള മരുന്നുകള്‍ അമേരിക്കന്‍ ലോകരാജ്യങ്ങളില്‍ നിന്നും പിന്‍വലിച്ചതായാണ് വിവരം.
പല വ്യാവസായിക രാസ പ്രവര്‍ത്തനങ്ങളിലും ബൈ പ്രോഡക്റ്റ് ആയി ഉണ്ടാകുന്നതുമായ N-Ntirosodimethylamine (എന്‍.ഡി.എം.എ) എന്ന രാസവസ്തുവാണ് വിവാദ മരുന്നുകളില്‍ കണ്ടെത്തിയ വില്ലന്‍. വെള്ളം ക്ലോറിനേറ്റ് ചെയ്യുമ്പോഴും ഈ രാസവസ്തു ഉണ്ടാകുന്നുണ്ട്. ഭക്ഷണ പദാര്‍ഥങ്ങളില്‍ നിന്നും വെള്ളത്തിലും കാണപ്പെടുന്ന ഈ രാസവസ്തുവിന് നിയമപരമായ ഒരു ഉയര്‍ന്ന അളവ് നിശ്ചയിച്ചിട്ടുണ്ട്. ഒരു കിലോ ഗ്രാം തൂക്കത്തിന് 8 നാനോ ഗ്രാം അടങ്ങുന്നതാണ് ഏകദേശ അളവ്. എന്നാല്‍ താഴ്ന്ന അളവ് പോലും കരളിനെ ബാധിക്കാന്‍ ശേഷിയുള്ളതാണ്. ഇവ ഗൗരവകരമാണ്. പരീക്ഷണ ആവശ്യത്തിന് എലികളില്‍ കാന്‍സര്‍ സൃഷ്ടിക്കാന്‍ ഈ രാസവസ്തു ഉപയോഗിക്കാറുണ്ട്. ഇതാണ് മനുഷ്യരില്‍ കാന്‍സര്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള രാസവസ്തുക്കളുടെ പട്ടികയില്‍ ഇതിനെ ഉള്‍പ്പെടുത്താനും വിവിധ രാജ്യങ്ങളില്‍ നിരോധിക്കാനും കാരണമായത്.
ചിത്രം : വിവാദ മരുന്നിനായി ശിപാര്‍ശ ചെയ്യുന്ന സര്‍ക്കാര്‍ ഡിസ്പന്‍സറിയില്‍ നിന്നുള്ള മരുന്ന് ഷീറ്റ്.