ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധിയില്‍ ജനം നട്ടം തിരിയവെ അധികസമയത്തെ പണി അവസാനിപ്പിച്ച് പശ്ചിമബംഗാളിലെ സാല്‍ബോനി കറന്‍സി പ്രിന്റിങ് പ്രസിലെ ജീവനക്കാര്‍. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ അധിക സമയത്തെ ജോലി ഉപേക്ഷിച്ചത്. ഇതോടെ പ്രതിദിനം ആറു മില്യണ്‍ നോട്ടിന്റെ അച്ചടി കുറയും. നോട്ട് പ്രതിസന്ധി തീര്‍ക്കാന്‍ ഒരു മാസക്കാലമായി അധികസമയം ജോലിയേര്‍പ്പെട്ടുവരികയായിരുന്നു ഇവിടുത്തെ തൊഴിലാളികള്‍.
പുറം വേദന, ഉറക്കക്കുറവ്, മാനസിക സംഘര്‍ഷം എന്നിവ ഉയര്‍ത്തിക്കാട്ടിയാണ് തൊഴിലാളികള്‍ പിന്‍വാങ്ങുന്നത്. ഒമ്പത് മണിക്കൂറാണ് തൊഴിലാളികളുടെ ഒരു ഷിഫ്റ്റിലെ പ്രവര്‍ത്തന സമയം. എന്നാല്‍ നോട്ട് വിതരണം സാധാരണനിലയിലാക്കാന്‍ 12 മണിക്കൂര്‍ വരെ അധികസമയ ഡ്യൂട്ടി ഏര്‍പ്പെടുത്തിയതാണ് തൊഴിലാളികള്‍ക്ക് വിനയായത്. ഇങ്ങനെ 24 മണിക്കൂര്‍ ജോലി ചെയ്ത് ദിവസം 46 മില്യണ്‍ നോട്ടുകളാണ് ഇവര്‍ അച്ചടിച്ചത്.
എന്നാല്‍ ബുധനാഴ്ച മുതല്‍ പഴയ നിലയിലേക്ക് ജോലി സമയം ക്രമീകരിച്ചതിനാല്‍ അച്ചടി കുറഞ്ഞു. രാജ്യത്ത് റിസര്‍വ് ബാങ്കിന് കീഴിലുള്ള രണ്ട് കറന്‍സി പ്രിന്റിങ് പ്രസുകളിലൊന്നാണ് സാല്‍ബനിയിലുള്ളത്. അതേസമയം സാല്‍ബനിയില്‍ ജീവനക്കാര്‍ പിന്‍വാങ്ങിയത് മറ്റു പ്രസുകളിലെ തൊഴിലാളികളെയും ബാധിക്കുമോ എന്ന ആശങ്കയിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.