തിരുവനന്തപുരം: കെ.എസ്. ആര്‍.ടി.സിയില്‍ ശമ്പളവിതരണം അനിശ്ചിതത്വത്തില്‍. ഇന്ന് ശമ്പളം പ്രതീക്ഷിക്കുന്ന ജീവനക്കാര്‍ക്ക് അത് ലഭിക്കാനിടയില്ല. പത്താം തിയതി ശമ്പളം നല്‍കുമെന്നാണ് ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പെങ്കിലും ശമ്പളത്തുക കണ്ടെത്തുന്നതിന് കൂടുതല്‍ സമയം വേണ്ടി വരും. എല്ലാക്കാലത്തും കെ.എസ്. ആര്‍.ടി.സിക്ക് ശമ്പളം നല്‍കാന്‍ കഴിയില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്.
വിവിധയിടങ്ങളില്‍ നിന്ന് വായ്പക്ക് ശ്രമിക്കുന്നുണ്ടെങ്കിലും ഈ മാസം 15ന് ശേഷമെങ്കിലും ശമ്പളവിതരണം നടത്താനാകുമെന്ന പ്രതീക്ഷ സര്‍ക്കാരിനില്ല. ഗയാഗതമന്ത്രി ആന്റണി രാജു ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയിട്ടുമില്ല. അതേസമയം ഒരു കോടിയിലധികം രൂപ ചെലവഴിച്ച് ബസുകള്‍ കഴുകുന്നതിനായി ഓട്ടോമാറ്റിക് വാഷിങ് മെഷീന്‍ വാങ്ങുന്നതില്‍ യൂണിയനുകള്‍ പ്രതിഷേധം അറിയിച്ചു.
സര്‍ക്കാര്‍ തുകയില്‍ വാങ്ങുന്ന മെഷീന്റെ ചുമതല കരാറെടുക്കുന്ന കമ്പനിക്കായിരിക്കുമെന്നതാണ് വിചിത്രം. ശമ്പളത്തിനായി സര്‍ക്കാര്‍ കൊടുത്ത 30 കോടി രൂപ ധനവകുപ്പ് കെ. എസ്.ആര്‍. ടി.സിയുടെ അക്കൗണ്ടിലേക്ക് അയക്കും. എന്നാല്‍ 52 കോടി രൂപ കൂടി ഉണ്ടെങ്കില്‍ മാത്രമേ ശമ്പളം നല്‍കാനാകൂ. ഇത് കെ.ടി. ഡി. എഫ്. സിയില്‍ നിന്നും എസ്.ബി.ഐയില്‍ നിന്നും വായ്പ ആയി എടുക്കാനാണ് ശ്രമം.
നിലവില്‍ കെ.എസ്.ആര്‍.ടി.സി പ്രതിമാസം 217 കോടി രൂപയുടെ നഷ്ടത്തിലാണ്. ബസുകളില്‍ നിന്നുള്ള വരുമാനം 151 കോടിയും ടിക്കറ്റ് ഇതര വരുമാനം 7 കോടിയുമാണ്. ആകെ 158 കോടി. ശമ്പളവും ആനുകൂല്യങ്ങളും 98 കോടി വേണം. പെന്‍ഷന്‍ 69 കോടി, ഡീസല്‍ ചെലവ് 89 കോടി, തിരിച്ചടവ് 91 കോടി, സ്‌പെയര്‍ പാര്‍ട്‌സ് 7 കോടി, പ്രോവിഡന്റ് ഫണ്ട് 3 കോടി, ഇന്‍ഷൂറന്‍സ് 10 കോടി, മറ്റു ചെലവുകള്‍ 8 കോടി. ആകെ ചെലവ് 375 കോടി. ഇതാണ് കെ.എസ്.ആര്‍.ടി.സിയുടെ ഇപ്പോഴത്തെ നില.