തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ വീണ്ടും സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് തുടരുമെന്ന് ധനകാര്യ മന്ത്രി ടിഎം തോമസ് ഐസക് പറഞ്ഞു. ജീവനക്കാരുടെ സംഘടനകളുടെ യോഗം വിളിച്ച് തീരുമാനം അറിയിച്ചു. അടുത്ത ആറ് മാസം കൊണ്ട് 36 ദിവസത്തെ വേതനം പിടിക്കാനാണ് തീരുമാനം. എന്നാല്‍ ഇതനുവദിക്കില്ലെന്ന് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ നിലപാടെടുത്തു. ഇതേത്തുടര്‍ന്ന് യോഗത്തില്‍ തര്‍ക്കമുയര്‍ന്നു.
കഴിഞ്ഞ അഞ്ച് മാസമായി ശമ്പളം പിടിക്കുന്നുണ്ട്. മാറ്റിവെയ്ക്കപ്പെട്ട ശമ്പളം 2021 ഏപ്രില്‍ 1ന് പി.എഫില്‍ ലയിപ്പിക്കും. ഉടന്‍ പണമായി തിരിച്ചു നല്‍കിയാല്‍ 2500 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നതിനാലാണിത്. ഇപ്രകാരം പി.എഫില്‍ ലയിപ്പിച്ച തുക 2021 ജൂണ്‍ 1നു ശേഷം പിന്‍വലിക്കാന്‍ അനുമതി നല്‍കും. 2021 ഏപ്രില്‍ 1ന് പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കും. ശമ്പളം മാറ്റിവയ്ക്കല്‍ സെപ്റ്റംബര്‍ 1 മുതല്‍ 6 മാസത്തേക്കു കൂടി തുടരും. എന്നാല്‍, ഇപ്രകാരം മാറ്റിവയ്ക്കപ്പെടുന്ന ശമ്പളത്തിന് 2021 ഏപ്രില്‍ 1ന് പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കും. പി.എഫില്‍ ലയിപ്പിച്ച ശേഷം പി.എഫ് നിരക്കില്‍ പലിശ നല്‍കും. ഇങ്ങനെ മാറ്റിവയ്ക്കുന്ന ശമ്പളത്തിന് ‘കോവിഡ്19 ഇന്‍കം സപ്പോര്‍ട്ട് സ്‌കീം’ എന്ന് പേര് നല്‍കാനുമാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. അന്തിമ തീരുമാനം സര്‍ക്കാര്‍ ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കാനും മന്ത്രിസഭാ യോഗം നിര്‍ദ്ദേശിച്ചു.
തുടര്‍ന്ന് ധനമന്ത്രി ജീവനക്കാരുടെ സംഘടനകളുടെ യോഗം വിളിച്ചു. എന്നാല്‍ ഇനിയും വേതനം പിടിക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് ഇവര്‍ നിലപാടെടുത്തു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് ധനമന്ത്രിയും പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തിലെ പ്രതിസന്ധി കണക്കിലെടുത്ത് ചെലവ് ചുരുക്കാനും വരുമാനം വര്‍ധിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സാമ്പത്തികസ്ഥിതി അവലോകനം ചെയ്ത് ശുപാര്‍ശ സമര്‍പ്പിക്കാന്‍ രണ്ട് വിദഗ്ദ്ധ സമിതികളെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് തീരുമാനമെടുത്തത്.