X

ചിന്തയുടെ ശമ്പളവും സര്‍ക്കാര്‍ ധൂര്‍ത്തും – എഡിറ്റോറിയല്‍

സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താജെറോമിന്റെ ശമ്പള വിവാദം രണ്ടാം പിണറായി സര്‍ക്കാറിന്റെ ധൂര്‍ത്തിന്റെയും സ്വജനപക്ഷ പാതത്തിന്റെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറിയിരിക്കുകയാണ്. കായിക യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഇറക്കിയ ഉത്തരവു പ്രകാരം 6.1.17 മുതല്‍ 26.5.18 വരെയുള്ള മുന്‍കാല പ്രാബല്യത്തോടെ ഒരു ലക്ഷം രൂപയായാണ് ചിന്തയുടെ ശമ്പളം വര്‍ധിപ്പിച്ചിരിക്കുന്നത്. കുടിശ്ശിക കാലയളവില്‍ 50,000 രൂപയാണ് അവര്‍ക്ക് ശമ്പളമായി ലഭിച്ചിരുന്നത്. 26.5.18 മുതലാണ് ഇത് ഒരു ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചിരുന്നത്. ഇതോടെ കുടിശ്ശിയിക ഇനത്തില്‍ മാത്രം എട്ടര ലക്ഷം രൂപയാണ് സംസ്ഥാന ഖജനാവില്‍ നിന്ന് അവര്‍ക്ക് എടുത്തുകൊടുക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം നട്ടംതിരിയുമ്പോഴുള്ള മുന്‍കാല പ്രാബല്യത്തോടെയുള്ള ഈ ശമ്പള വര്‍ധനവിനോട് ധനവകുപ്പിന് പോലും യോജിക്കാന്‍ കഴിഞ്ഞിരുന്നില്ല. കായിക വകുപ്പിന്റെ ആവശ്യം പലവട്ടം ധനവകുപ്പ് തിരിച്ചയച്ചതാണ്. എന്നാല്‍ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങി ഈ കടുംവെട്ട് തീരുമാനത്തിന് അവസാനം മന്ത്രി കെ.എന്‍ വേണുഗോപാല്‍ പച്ചക്കൊടി കാണിക്കുകയായിരുന്നു. സ്‌പോര്‍ട്‌സ് യുവജനകാര്യ വകുപ്പിന്റെ ചുമതല സജി ചെറിയാനില്‍ നിന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് വഹിക്കുമ്പോഴാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തരിക്കുന്നതെന്നതും വകുപ്പ് സെക്രട്ടറിയുടെ ചുമതലയില്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്‍ എസ്. ശിവശങ്കറാണെന്നതും ഇവിടെ ചേര്‍ത്തു വായിക്കേണ്ടതാണ്. സ്വാഭാവികമായും മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ വിഷയത്തിലുണ്ടായിരിക്കുമെന്നതുറപ്പാണ്.

ശമ്പള വര്‍ധനവിലും അത് മുന്‍കാല പ്രാബല്യത്തോടെ തന്നെ അനുവദിക്കുന്നതിലും പല തരത്തിലുള്ള ഒളിച്ചുകളികളും നടന്നിട്ടുണ്ട്. അതിന്റെ തെളിവാണ് ഇക്കാര്യത്തില്‍ ചിന്താ ജെറോം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ പച്ചക്കള്ളം. ശമ്പള വര്‍ധന ആവശ്യപ്പെട്ട് താന്‍ ധനവകുപ്പിന് കത്തെഴുതിയിട്ടില്ലെന്നും അങ്ങനെയൊരു കത്ത് ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ അതു പുറത്തുവിടണമെന്നുമായിരുന്നു അവരുടെ വെല്ലുവിളി. ഇത്രയും വലിയ തുക കുടിശ്ശികയായി ലഭിച്ചാല്‍ അത് മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും അവര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കുടിശ്ശിക ഉള്‍പ്പെടെയുള്ള ശമ്പള വര്‍ധന ചിന്താജെറോമിന്റെ അഭ്യര്‍ത്ഥന പ്രകാരമാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

ചരിത്രത്തിലിന്നേവരെയില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോഴാണ് കപട നാടകങ്ങളിലൂടെ സി.പി.എം നേതാക്കന്‍മാര്‍ ഖജനാവ് കാലിയാക്കിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള എല്ലാ അന്തര്‍നാടകങ്ങള്‍ക്കും കുടപിടിക്കുകയും അവസാനം വിവാദമാകുമ്പോള്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണ എന്ന മട്ടില്‍ തെളിഞ്ഞവെള്ളത്തിലിരിക്കുന്ന മുഖ്യമന്ത്രിയുടെ കാപട്യവും ഇവിടെ തുറന്നു കാട്ടപ്പെടുകയാണ്.

ശമ്പളവും പെന്‍ഷനും മാത്രമല്ല ക്ഷേമ പെന്‍ഷനുകളുടെ വിതരണവും താളംതെറ്റിയ ഒരു നാട്ടിലാണ് ഇത്തരത്തിലുള്ള ധൂര്‍ത്തെന്നതാണ് ഏറ്റവും സങ്കടകരം. രണ്ടാം പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ഓരോ ദിവസം പിന്നിടുംതോറും നാട്ടിലെ ജനങ്ങള്‍ ചോദിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. സര്‍ക്കാറിനു കീഴിലുള്ള വിവിധ കമ്മീഷനുകളുടെ പ്രവര്‍ത്തനം പാര്‍ട്ടിയുടെ പോഷക സംഘടനകളെപോലും വെല്ലുന്ന തരത്തിലാണെന്ന് ഓരോ വിഷയത്തിലും ഇവര്‍ നടത്തിയ ഇടപെടലുകള്‍ പലതവണ തെളിയിച്ചതാണ്. യുവജന ,ബാലാവകാശ , വനിതാ കമ്മീഷന്‍ എന്നൊന്നുമുള്ള വ്യത്യാസം ഇക്കാര്യത്തിലില്ല. നിര്‍ണായക ഘട്ടങ്ങളില്‍ ഇതിന്റെയൊക്കെ അധ്യക്ഷന്‍മാര്‍ അര്‍ത്ഥഗര്‍ഭമായ മൗനത്തിലാണുണ്ടാവാറുള്ളത്. ഇങ്ങനെയുള്ള സ്ഥാപനങ്ങള്‍ ഇത്രത്തോളം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഒരു കാലം ഇതിനുമുമ്പ് കേരളത്തിലുണ്ടായിട്ടില്ല.

ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയ വല്‍ക്കരിക്കുന്നതിന്റെ പേരില്‍ കേന്ദ്രത്തിനെതിരെ വലിയ വായില്‍ സംസാരിക്കുന്ന സി.പി.എമ്മും ഇടതുപക്ഷവും മോദി സര്‍ക്കാറിനെ വെല്ലുന്ന തരത്തിലാണ് സംസ്ഥാനത്ത് കാര്യങ്ങള്‍ മുന്നോട്ട് നീക്കുന്നത്. ഈ വിധേയത്വത്തിനുള്ള സമ്മാനം എന്ന കണക്കെ ഇത്തരം കമ്മീഷനുകളുടെ തലപ്പത്തുള്ളവര്‍ക്കെല്ലാം ശമ്പളവും ആനുകൂല്യവുമൊക്കെ വാരിക്കോരി നല്‍കുകയുമാണ്. ഭരണത്തുടര്‍ച്ച എന്തും ചെയ്യാനുള്ള ലൈസന്‍സാക്കിമാറ്റിയ ഈ ഭരണകൂടത്തിന്റെ ആത്മവിശ്വാസം വൈകാരിക പ്രകടനങ്ങളിലൂടെ ജനങ്ങളെ മയക്കിക്കിടത്താം എന്നതാണ്. ഭരണകൂടത്തിന്റെ പിടിപ്പുകേടുകൊണ്ട് ദുരിത പര്‍വങ്ങള്‍ പേറേണ്ടിവരുന്ന നാട്ടിലെ ജനങ്ങള്‍ ഈ കുതന്ത്രങ്ങളെല്ലാം തിരിച്ചറിഞ്ഞുകഴിഞ്ഞു എന്ന് ബോധ്യപ്പെടാന്‍ സര്‍ക്കാറിന് അധിക കാലം കാത്തിരിക്കേണ്ടി വരില്ല.

webdesk13: